ലോകത്തിലെ ഏറ്റവും വില കൂടിയ ക്രിസ്മസ് മരമാണ് സ്പെയിനിൽ തലയുയർത്തി നിൽക്കാൻ പോകുന്നത്. 15 മില്യൺ ഡോളർ, അഥവാ 107 കോടി രൂപയുടെ ആഭരണങ്ങൾ ചാർത്തിയാണ് ക്രിസ്മസ് മരം ഒരുങ്ങുന്നത്. ഈ വിശിഷ്ട മരത്തെ പറ്റി വായിക്കാം.
ക്രിസ്മസ് എത്താറായി. ലോകമെങ്ങും ആഘോഷങ്ങളും ആരംഭിച്ചു കഴിച്ചു. ക്രിസ്മസ് മര൦ അലങ്കരിക്കാൻ നമ്മൾ ചില സാധനങ്ങളൊക്കെ ഉപയോഗിക്കാറുണ്ട്. ബലൂണുകൾ, വിവിധ വസ്തുക്കൾ ഉപയോഗിച്ച നക്ഷത്രങ്ങൾ, മണികൾ തുടങ്ങിയവയൊക്കെ. ക്രിസ്മസ് കഴിഞ്ഞാൽ അത് ഊരി സൂക്ഷിച്ച് വെക്കും അല്ലെങ്കിൽ എടുത്ത് കളയും.
എന്നാൽ, സ്പെയിനിലെ കെംപിൻസ്കി ഹോട്ടൽ 107 കോടി രൂപയുടെ ആഭരണങ്ങൾ കൊണ്ടാണ് ക്രിസ്മസ് ട്രീ അലങ്കരിച്ചിരിക്കുന്നത്. ക്രിസ്മസ് ട്രീയിൽ തൂക്കിയിരിക്കുന്നത് വജ്രങ്ങളും, ഡിസൈനർ ആഭരണങ്ങളും, വിലയേറിയ കല്ലുകളുമാണ്.
ബൾഗാരി, കാർട്ടിയർ, വാൻ ക്ലെഫ്, ആർപെൽസ്, ഷനൽ എന്നീ ആഡംബര ബ്രാൻഡുകളുടെ ആഭരണങ്ങളും, വിലകൂടിയ പെർഫ്യൂമുകളും, അലങ്കരിച്ച ഒട്ടകപ്പക്ഷിയുടെ മുട്ടകളും, 3-ഡി പ്രിന്റ് ചെയ്ത ചോക്ലേറ്റ് രൂപങ്ങൾ എന്നിവ മരത്തിൽ അലങ്കാരമായി ഉപയോഗിച്ചിട്ടുണ്ട്. ഡെബി വിംഗ്ഹാം എന്ന വ്യക്തിയാണ് മരം അലങ്കരിച്ചത്.
ഇതിന് മുൻപ് 2010 ൽ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടൽ ഉണ്ടായിരുന്ന ക്രിസ്മസ് മരമാണ് ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീക്കുള്ള ഗിന്നസ് റെക്കോർഡ് നേടിയത്. നെക്ലേസും ബ്രേസ്ലെറ്റുകളും വാച്ചുകളും കൊണ്ട് അലങ്കരിച്ച മരത്തിന്റെ വില അന്ന് 78 കോടി രൂപ ആയിരുന്നു.