12 ബാങ്കില്‍നിന്ന് 1200 കോടി രൂപ തട്ടി; ചില 'ജന്റില്‍മാന്‍മാര്‍' കൂടി രാജ്യം വിട്ടു!
ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ കമ്പനി അതിന്റെ ഷെല്‍ കമ്പനിയുമായി 734 കോടി രൂപയുടെ ഇടപാട് നടത്തിയതായി പറയുന്നു.
പന്ത്രണ്ട് ബാങ്കുകളില്‍നിന്നായി 1200 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ഡല്‍ഹി ആസ്ഥാനമായ ഒരു കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് നടത്തിയവര്‍ രാജ്യം വിട്ടു എന്നാണ് പ്രാഥമിക നിഗമനമെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ബുധാനഴ്ച സിബിഐ ഈ കമ്പനി ഡയറക്ടര്‍മാരെ കണ്ടെത്താന്‍ പരിശോധന നടത്തിയിരുന്നു. അവര്‍ രാജ്യം വിട്ടെന്ന് ബോധ്യപ്പെട്ടത് അതിലൂടെയാണ്. അമിറ പ്യൂര്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടര്‍മാരെയാണ് സിബിഐ അന്വേഷിക്കുന്നത്.. ഇവര്‍ക്കെതിരെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്താണെങ്കില്‍ അവരെ വിട്ടുകിട്ടുന്നതിനുള്ള നടപടികളിലേക്ക് സിബിഐയും കടന്നു.
കരണ്‍ എ ചന്ന, ഭാര്യ അനിത് ദിയാങ്, അപര്‍ണ പുരിത രാകേഷ് അറോറ, ജവഹര്‍ കപൂര്‍ എന്നിവരാണ് തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്നവര്‍. കനറാ ബാങ്കിന്റെ നേതൃത്വത്തില്‍ 12 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 2018ല്‍ ഈ പണം തിരിച്ചുപിടിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഡെറ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.
ഒരോ ബാങ്കിനും ഉള്ള കടബാധ്യത ഇങ്ങനെ:
- കനറാ ബാങ്ക് 197 കോടി
- ബാങ്ക് ഓഫ് ബറോഡ 180 കോടി
- പഞ്ചാബ് നാഷണല്‍ ബാങ്ക് 260 കോടി
- ബാങ്ക് ഓഫ് ഇന്ത്യ 147 കോടി
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 112 കോടി
- യെസ് ബാങ്ക് 99 കോടി
- ഐസിഐസിബാങ്ക് 75 കോടി
- ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 64 കോടി
- ഐഡിബിഐ 47 കോടി
- വിജയ ബാങ്ക് 22 കോടി
കമ്പനി 1993ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഗുണനിലവാരമുള്ള ബസ്മതി അരി, മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി എന്നിവയായിരുന്നു വ്യാപാരം. 2009 മുതല്‍ ഈ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്ന് കമ്പനിക്ക് വായ്പ സൗകര്യം ലഭ്യമായി.
ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ കമ്പനി അതിന്റെ ഷെല്‍ കമ്പനിയുമായി 734 കോടി രൂപയുടെ ഇടപാട് നടത്തിയതായി പറയുന്നു. ഈ ഇടപാടുകള്‍ കാണിക്കാനായി ചില വില്‍പ്പന-വാങ്ങലുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി വ്യാജ ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 2015നും 2018നും ഇടയിലായിരുന്നു ഈ ഇടപാടുകളെല്ലാം. 2016ലും 2017ലും കമ്പനിയുടെ ഈ കടങ്ങള്‍ കിട്ടാക്കടമായി ബാങ്ക് കണ്‍സോര്‍ഷ്യം പ്രഖ്യാപിച്ചു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഇപ്പോള്‍ മാത്രമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!