നടി ആക്രമിക്കപ്പെട്ട കേസ്: 'വിചാരണ കോടതിയുടെ പെരുമാറ്റം പക്ഷപാതപരം, ഇരയ്ക്ക് നീതി കിട്ടില്ല'; ജഡ്ജിനെ മാറ്റണമെന്ന് പ്രോസിക്യൂഷൻ
നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ഒരു തരത്തിലും നഷ്ടപ്പെട്ടുകൂടാ. അതുകൊണ്ട് തന്നെ ഈ കേസ് ഇങ്ങനെ തുടരുന്നത് ശരിയല്ല. ആരാലും സ്വാധീനിക്കപ്പെടാത്ത ഒരു ന്യായാധിപന് മാത്രമേ നീതിപൂർവമായ വിചാരണ നടത്താൻ സാധിക്കുകയുളളൂവെന്ന് പ്രോസിക്യൂഷൻ വിശ്വസിക്കുന്നു.
കൊച്ചിയിൽ നടി ലൈംഗികമായി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജ് പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണവുമായി പ്രോസിക്യൂഷൻ. ഈ കോടതി മുൻപാകെ കേസ് തുടർന്നാൽ ഇരയ്ക്ക് നീതി കിട്ടില്ലെന്ന് വിചാരണ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടുന്നു. ജഡ്ജ് ഹണി എം വർഗീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേശൻ അക്കമിട്ട് ഉന്നയിച്ചിരിക്കുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ അടിസ്ഥാന രഹിതമായ പരാമർശങ്ങളാണ് കോടതി നടത്തുന്നതെന്നും ഹർജിയിൽ പറയുന്നു. ന്യൂസ് മിനിറ്റും റിപ്പോർട്ടർ ടിവിയുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഹർജി ഹൈക്കോടതിയിലേക്ക് റഫർ ചെയ്തേക്കുമെന്നാണ് വിവരം.
Big news from Kerala: Three years after an actor was sexually assaulted in a car, and actor Dileep was charged as the mastermind who commissioned the assault, the prosecution has moved court saying they don't want trial in this judge's court. Prosecution has alleged bias by judge
— Dhanya Rajendran (@dhanyarajendran) October 15, 2020
കോടതിയിൽ മുഖ്യസാക്ഷികളുടെ വിചാരണയ്ക്ക് ശേഷം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതി വിട്ടപ്പോൾ തുറന്ന കോടതിയിൽ ഒരു ഊമക്കത്ത് വായിച്ചുവെന്നും അതിൽ കോടതി ചില പരാമർശങ്ങൾ നടത്തിയതിനാലാണ് ഈ പരാതി ഉന്നയിക്കുന്നതെന്നും ഹർജിയിൽ എം സുരേശൻ വ്യക്തമാക്കുന്നു. അതേസമയം ആ പരാമർശങ്ങൾ എന്താണെന്ന് ഹർജിയിൽ പറയുന്നില്ല. കേസിൽ ഇരയുടെ മൗലികമായ അവകാശങ്ങളുടെ സംരക്ഷണവും അതിൽ നീതിപൂർവമായ വിചാരണയും ഉറപ്പാക്കാനാണ് കോടതിയുടെ മുന്നിൽ പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിക്കുന്നത്. വിചാരണ കോടതിയിൽ നിന്ന് നീതിപരമായ വിചാരണയോ, നീതിയോ പ്രോസിക്യൂഷനും ഇരയ്ക്കും ലഭിക്കില്ലെന്ന് വിശ്വസിക്കുന്നു.

വളരെ അധികം സമ്മർദ്ദമുളള അന്തരീക്ഷത്തിലാണ് നടി വിചാരണ ചെയ്യപ്പെട്ടതെന്നും കൂടാതെ ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും സുരേശൻ നൽകിയ ഹർജിയിലുണ്ട്. കോടതി ഇരയായ പെൺകുട്ടിയെ ദിവസങ്ങളോളം പരിശോധിച്ചു, കൂടാതെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും അത് ആക്രമിക്കപ്പെട്ട പെൺകുട്ടി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ഇരയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പ്രോസിക്യൂഷന് ഉത്തരവാദിത്വമുണ്ട്.

കൂടാതെ നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ഒരു തരത്തിലും നഷ്ടപ്പെട്ടുകൂടാ. അതുകൊണ്ട് തന്നെ ഈ കേസ് ഇങ്ങനെ തുടരുന്നത് ശരിയല്ല. ആരാലും സ്വാധീനിക്കപ്പെടാത്ത ഒരു ന്യായാധിപന് മാത്രമേ നീതിപൂർവമായ വിചാരണ നടത്താൻ സാധിക്കുകയുളളൂവെന്ന് പ്രോസിക്യൂഷൻ വിശ്വസിക്കുന്നു. അതിനാൽ ഇപ്പോഴുളള വിചാരണ നിർത്തിവെച്ച് മറ്റ് ഏതെങ്കിലും കോടതിയിലേക്ക് ഈ കേസ് മാറ്റുന്നതിന് അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രോസിക്യൂഷന്റെ ആവശ്യം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!