'സ്വന്തം പേരിൽ അറിയപ്പെടാനാണ് ആഗ്രഹം', ലേഡി മോഹൻലാൽ വിശേഷണത്തിൽ ഉർവശിക്ക് പറയാനുളളത്
സിനിമാമേഖലയിൽ സ്ത്രീകൾക്ക് മാത്രമായി ഒരു സംഘടന ഉണ്ടാകുന്നതിൽ സന്തോഷം മാത്രമേയുളളൂവെന്നും ഉർവശി ഡബ്ല്യുസിസിയെക്കുറിച്ച് പറയുന്നു. ഡബ്ല്യുസിസിയെക്കുറിച്ച് വായിച്ചും പറഞ്ഞുമാണ് അറിഞ്ഞത്. അവരോട് ഇതുവരെ നേരിട്ട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല.
മലയാളികളുടെ പ്രിയപ്പെട്ട നടി ഉർവശി തമിഴിൽ തിളക്കമാർന്ന പ്രകടനങ്ങളിലൂടെ മുന്നേറുകയാണ്. പുത്തം പുതു കാലൈ, മൂക്കുത്തി അമ്മൻ, സുരറൈ പ്രോട്ര് എന്നി ചിത്രങ്ങളാണ് ഈ കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലുടെ പ്രേക്ഷകരിലേക്ക് എത്തിയത്. ഈ മൂന്ന് സിനിമകൾക്കും മികച്ച അഭിപ്രായമാണ് സോഷ്യൽമീഡിയകളിൽ ഉയർന്നത്. ഏതുവേഷത്തിലും, ഏത് തരം ഭാവത്തിലും തിളങ്ങാൻ കഴിവുളളത് കൊണ്ട് തന്നെ ലേഡി മോഹൻലാൽ എന്ന വിശേഷണവും ചർച്ചയും ഉർവശിയെക്കുറിച്ച് അരങ്ങേറുന്നുണ്ട്.
സംവിധായകൻ സത്യൻ അന്തിക്കാട് മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കാറില്ലല്ലോ എന്നുചോദിച്ചുകൊണ്ട് ഇതിനെ തിരുത്താനും രംഗത്ത് എത്തിയിരുന്നു. ഉർവശിക്ക് ഉർവശിയുടേതായ ശൈലിയും വ്യക്തിത്വവുമുണ്ട്. ലേഡി മോഹൻലാൽ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. എന്നാൽ നടി ഉർവശിക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുളളത്? ലേഡി മോഹൻലാൽ എന്നത് അടക്കം ആരാധകർ തന്നെ വിശേഷിപ്പിക്കുന്ന വാക്കുകളെക്കുറിച്ച് ഉർവശി പറയുന്നു. പുതിയ ലക്കം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവശിയുടെ പ്രതികരണം.
എന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ പലതും വിളിക്കാറുണ്ട്. അത് വേണ്ട എന്ന് ഞാൻ പറയുന്നില്ല. പക്ഷേ എല്ലാക്കാലത്തും തരക്കേടില്ലാത്ത ഒരു നടിയായി എന്റെ പേരിൽത്തന്നെ അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് ശാശ്വതമെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നവർ തന്നെ എന്റെ കരിയർ അൽപ്പം മങ്ങുമ്പോൾ അത് തിരുത്തിവിളിക്കും. മാത്രമല്ല, ലാലേട്ടൻ വലിയ നടനല്ലേ? അദ്ദേഹത്തോട് നമ്മുടെ പേര് ചേർത്തുവെക്കുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഓരോരുത്തരും അവരുടെ തന്നെ പേരിൽ അറിയപ്പെടട്ടെ.
സിനിമാമേഖലയിൽ സ്ത്രീകൾക്ക് മാത്രമായി ഒരു സംഘടന ഉണ്ടാകുന്നതിൽ സന്തോഷം മാത്രമേയുളളൂവെന്നും ഉർവശി ഡബ്ല്യുസിസിയെക്കുറിച്ച് പറയുന്നു. ഡബ്ല്യുസിസിയെക്കുറിച്ച് വായിച്ചും പറഞ്ഞുമാണ് അറിഞ്ഞത്. അവരോട് ഇതുവരെ നേരിട്ട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. എന്നാൽ അമ്മ എന്ന സംഘടനയെ തകർത്തുകൊണ്ടാകരുത് ഡബ്ല്യുസിസിയുടെ നീക്കം. അമ്മ ഒരുപാട് പേരെ സഹായിക്കുന്നുണ്ട്. കാലങ്ങളായി അവസരങ്ങളില്ലാത്ത കലാകാരൻമാർക്ക് കൈനീട്ടം എന്ന പേരിൽ മാസാമാസം സഹായം നൽകുന്നു. വീടുവെച്ച് നൽകുന്നു. ലാലേട്ടനെ പോലെ എല്ലാവരെയും ചേർത്തുനിർത്താൻ കഴിയുന്ന ഒരാളാണ് അതിന്റെ തലപ്പത്ത്. പ്രശ്നങ്ങൾ അമ്മയിൽ അവതരിപ്പിക്കുകയും പരസ്പരം ചേർന്ന് പോകുകയും ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും ഉർവശി വ്യക്തമാക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇടി കൊളേളണ്ടവനല്ല, ഞാൻ നീതിമാൻ; ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ഇടി വാങ്ങിയും കൊടുത്തും രജിത്
ഒരു കോടിയിൽ അയയാതെ നിർമാതാക്കൾ; ഒത്തുതീർപ്പ് ചർച്ച പരാജയം
അമ്മ സംസാരിക്കും ഷെയ്ന് നിഗത്തിന് വേണ്ടി
താരങ്ങളെ വിലക്കണോ ഇടവേളയില്ലാതെ പതിനഞ്ചരകമ്മിറ്റിയുടെ കൂടിയാലോചനയെന്ന് ഷമ്മി തിലകൻ