കൈകാൽ വേദന മാറ്റുവാൻ വേണ്ടിയാണ് 33 വയസുകാരി അക്യൂപങ്ചർ പരീക്ഷിക്കാം എന്ന് തീരുമാനിച്ചത്. സൂചികൾ കുത്തിയിറക്കിയതിന് ശേഷം ശ്വാസം മുട്ടൽ അനുഭവപെട്ടപ്പോഴാണ് അപകടം മനസിലായത്.
ന്യൂസിലാൻഡിലാണ് സംഭവം. 33 വയസുകാരിയായ ഒരു യുവതി കൈകാലുകൾക്ക് അനുഭവപ്പെട്ട വേദന കുറക്കുവാൻ അക്യൂപങ്ചർ പരീക്ഷിക്കുവാൻ തീരുമാനിച്ചു. ചെറിയ സൂചികൾ നാഡി മർമങ്ങളിൽ കുത്തിയിറക്കി ചികിത്സിക്കുന്ന ചൈനീസ് ചികിത്സാ രീതിയാണ് അക്യൂപങ്ചർ. ജിയാൻ ജിംഗ് അല്ലെങ്കിൽ പിത്തസഞ്ചി 21 (ജിബി 21) എന്നറിയപ്പെടുന്ന അക്യുപ്രഷർ പോയിന്റിൽ രണ്ട് സൂചികൾ സ്ഥാപിക്കാൻ അക്യൂപങ്ചറിസ്റ്റ് തീരുമാനിച്ചു. സൂചികൾ അകത്തേക്ക് തറച്ചപ്പോൾ യുവതി വേദന അറിയിച്ചെങ്കിലും ആഴത്തിൽ വീണ്ടും ഇറക്കുകയായിരുന്നു.
അര മണിക്കൂറോളം ആ സൂചികൾ അവിടെ ഇരുന്നു എന്ന് യുവതി പറഞ്ഞു. ശ്വാസതടസം ഉണ്ടായപ്പോൾ അക്യൂപങ്ചറിസ്റ്റിനെ അറിയിച്ചു, എന്നാൽ വീട്ടിൽ പോയി റെസ്റ്റ് എടുക്കാൻ ആയിരുന്നു കിട്ടിയ ഉപദേശം. അസ്വസ്ഥത നീണ്ടപ്പോൾ യുവതിയുടെ ഭർത്താവ് അവരെ ആശുപത്രിയിൽ കൊണ്ടുപോകുകയും, ശ്വാസകോശം തകരാറിലായി എന്ന് തിരിച്ചറിയുകയും ചെയ്തു.
രോഗിയെ ചികിത്സാരീതിയുടെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് കൊടുക്കാഞ്ഞതിന് അക്യൂപങ്ചറിസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൂചികൾ ശ്വാസകോശത്തെ മുറിവേൽപ്പിക്കുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 30% പ്രശ്നങ്ങളും ജിബി 21 അക്യുപ്രഷർ പോയിന്റിൽ സൂചി തറച്ചപ്പോഴാണ് ഉണ്ടായത്.
ലോകാരോഗ്യ സംഘടനയുടെ അവലോകനത്തിൽ അക്യുപോയിന്റുകളിൽ സൂചി ആഴത്തിൽ കയറ്റുന്നതാണ് മിക്ക ആഘാതങ്ങളും ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. സൂചിയുടെ ആഴം നിർണായകമാണ് എന്ന് റിപ്പോർട്ട് പറയുന്നു. ഓരോ വ്യക്തിക്കും ഈ ആഴം വ്യത്യസ്തമായിരിക്കും.