അഞ്ച് മണിക്കൂർ കായൽ യാത്ര, ഓളപ്പരപ്പിലെ കുട്ടനാട് കുറഞ്ഞ ചെലവിൽ കാണാം
ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും യാത്ര തിരിക്കുന്ന ബോട്ട് പുന്നമടയിലൂടെ പോയി മുഹമ്മ വഴി ആദ്യം പാതിരാമണലിലാണ് അടുപ്പിക്കുക. അവിടെ കയറുന്നതിനായി ഒരാൾക്ക് 10 രൂപ ചാർജ് ഈടാക്കും. ഉച്ചയ്ക്കുളള ഊണിന് അടക്കം പാതിരാമണലിൽ ചെലവഴിക്കാനായി ഒരു മണിക്കൂർ സമയമാണ് അനുവദിച്ചിട്ടുളളത്.
കായൽ യാത്രയുടെ ഭംഗിയും അതിന്റെ സുഖശീതളിമയും ഇഷ്ടപ്പെടാത്തവരായി ആരാണുളളത്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ കുറഞ്ഞ ചെലവിൽ അത്തരമൊരു യാത്രയ്ക്ക് ഇപ്പോൾ സർക്കാർ തന്നെ അവസരമൊരുക്കിയിട്ടുണ്ട്. ഒരു മണിക്കൂർ മുതൽ ഒരു ദിവസം വരെ നീളുന്ന കായൽപ്പരപ്പിലെ യാത്രയ്ക്ക് ആയിരങ്ങളും പതിനായിരങ്ങളുമൊക്കെ സ്വകാര്യ ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളുമൊക്കെ ഈടാക്കുമ്പോൾ വെറും 400 രൂപയ്ക്ക് അഞ്ച് മണിക്കൂർ സുരക്ഷിതമായ ബോട്ട് യാത്രയാണ് ജലഗതാഗത വകുപ്പ് ആലപ്പുഴയിൽ ഒരുക്കിയിരിക്കുന്നത്.

120 യാത്രക്കാർക്ക് ഒരേസമയം സുഖകരമായി ഇരുന്ന് യാത്ര ചെയ്യാൻ കഴിയുന്ന വേഗ-2 എന്ന കാറ്റമറൈൻ ബോട്ടാണ് വീണ്ടും സർവീസ് ആരംഭിച്ചത്. കുട്ടനാടിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം. 2020 മാർച്ചിൽ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് സർവീസ് നിർത്തിവെച്ചിരുന്നു. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും രാവിലെ 11 മണിക്കാണ് വേഗ-2 യാത്ര തിരിക്കുന്നത്. 40 എസി സീറ്റുകളും 80 നോൺ എസി സീറ്റുകളുമാണ് കാറ്റമറൈൻ ബോട്ടിലുളളത്. എസി സീറ്റിന് 600 രൂപയും നോൺ എസിക്ക് 400 രൂപയുമാണ് നിരക്ക്. കൂടാതെ കുടുംബശ്രീ വിളമ്പുന്ന നാടൻ ഭക്ഷണങ്ങളും ഐസ്ക്രീം, ചായ, സ്നാക്സ് എന്നിവയും ബോട്ടിൽ ലഭ്യമാണ്.

ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും യാത്ര തിരിക്കുന്ന ബോട്ട് പുന്നമടയിലൂടെ പോയി മുഹമ്മ വഴി ആദ്യം പാതിരാമണലിലാണ് അടുപ്പിക്കുക. അവിടെ കയറുന്നതിനായി ഒരാൾക്ക് 10 രൂപ ചാർജ് ഈടാക്കും. ഉച്ചയ്ക്കുളള ഊണിന് അടക്കം പാതിരാമണലിൽ ചെലവഴിക്കാനായി ഒരു മണിക്കൂർ സമയമാണ് അനുവദിച്ചിട്ടുളളത്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ അടങ്ങിയ ഉച്ചയൂണ് ആണ് ലഭിക്കുക. 100 രൂപയാണ് ഇതിന്റെ ചാർജ്. ഇവിടെ നിന്നും രണ്ട് മണിയ്ക്ക് എടുക്കുന്ന ബോട്ട് കുമരകം, ആർ ബ്ലോക്ക്, മാർത്താണ്ഡം കായൽ, ചിത്തിര, സി ബ്ലോക്ക്, മംഗലശേരി, കുപ്പപ്പുറം എന്നി സ്ഥലങ്ങളിലൂടെ കുട്ടനാടൻ കാഴ്ചകൾ കാണിച്ചാണ് തിരികെ ആലപ്പുഴയിൽ എത്തിച്ചേരുക. യാത്രക്കാർക്കും ബോട്ടിലെ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ചെലവ് കുറഞ്ഞതും ഏറ്റവും സുരക്ഷിതവുമായ യാത്രയാണ് 20.5 മീറ്റർ നീളവും ഏഴു മീറ്റർ വീതിയുമുളള കാറ്റമറൈൻ ബോട്ടിന്റെ പ്രത്യേകത. 15 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ ഇതിന് സഞ്ചരിക്കാൻ കഴിയും. കുട്ടനാട് കണ്ട് യാത്ര ചെയ്യാൻ തീരുമാനിച്ചെങ്കിൽ മുൻകൂർ ബുക്കിംഗിനായി വിളിക്കേണ്ട നമ്പരുകൾ ഇവയാണ്. 9400050322, 9400050324, 9400050327.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ബുക്കര് 2019 – പ്രവചനങ്ങള്ക്കപ്പുറം
പക്ഷിപ്പനി പടരുമോ, വൈറസ് വിതയ്ക്കുന്ന ആശങ്കകൾ എന്തൊക്കെ? അറിയേണ്ടതെല്ലാം
Video | പനിക്കുന്ന ജീവിതം, താറാവും കർഷകരും