ആല്‍പ്സ് പ്രദേശത്ത് ഈയിടെ ലഭിച്ചത് പ്ലാസ്റ്റിക് മഴ. ആര്‍ട്ടിക് മഞ്ഞ് പാളികളിലേക്ക് പര്യവേക്ഷണം നടത്തിയ ശാസ്ത്രജ്ഞര്‍ക്കു കിട്ടിയത് പ്ലാസ്റ്റിക്. കടല്‍ ജീവികള്‍ ചത്തൊടുങ്ങുമ്പോള്‍ വയറു കീറി നോക്കിയാല്‍ പ്ലാസ്റ്റിക്. എന്താണ് നമ്മുടെ ഉദ്ദേശ്യം?
നമ്മള് സമുദ്രങ്ങളിലേക്ക് തള്ളുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കും അകത്തുചെന്ന് ഈ ദശകത്തില്‍ ധാരാളം സമുദ്രജീവികള്‍ പ്രത്യേകിച്ച് തിമിംഗലങ്ങള്‍ മരിക്കുന്നത് അവസ്ഥ ഉണ്ടായി.
കാലം പോകെ പോകെ, പ്രശ്നം കൂടുതല്‍ വഷളാകുകയാണ്.
ആല്‍പ്സിലും ആര്‍ട്ടിക് പ്രദേശത്തും പ്ലാസ്റ്റിക്ക് മഴ പെയ്യുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ള മഞ്ഞില്‍ വലിയ തോതില്‍ പ്ലാസ്റ്റിക് കണ്ടെത്തി. പ്ലാസ്റ്റിക് മഴ എങ്ങനെ പെയ്യും എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു: മൈക്രോപ്ലാസ്റ്റിക്.
എന്താണ് ഈ മൈക്രോപ്ലാസ്റ്റിക്?
5 മില്ലീമീറ്ററില്‍ (0.2 ഇഞ്ച്) താഴെ വലിപ്പമുള്ള പ്ലാസ്റ്റിക് ആണ് മൈക്രോപ്ലാസ്റ്റിക്സ്. ഇതിനോടകം കടല്‍വെള്ളത്തിലും, കുടിവെള്ളത്തിലും, മൃഗങ്ങളിലും ഇവയുടെ അംശം കണ്ടെത്താനായിട്ടുണ്ട്. പക്ഷേ, എങ്ങനെയാണ് ആല്‍പ്സ്, ആര്‍ട്ടിക് എന്നിങ്ങനെ മനുഷ്യവാസത്തിന് ദൂരെ ഒറ്റപെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ അവയുടെ സാന്നിധ്യം കാണാനാകുന്നത്?
ആല്‍ഫ്രഡ് വെഗനര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ ഒരു സംഘം നടത്തിയ ഗവേഷണങ്ങള്‍ അനുമാനിക്കുന്നത് മൈക്രോപ്ലാസ്റ്റിക്ക് അന്തരീക്ഷത്തിലൂടെ മഞ്ഞും മഴയുമായി പെയ്യുകയാണെന്നാണ്.
ഹെല്‍ഗോലാന്‍ഡ്, ബവേറിയ, ബ്രെമെന്, സ്വിസ് ആല്‍പ്സ്, ആര്‍ട്ടിക് എന്നിവിടങ്ങളില്‍ നിന്നുള്ള മഞ്ഞിന്റെ സാമ്പിളുകള്‍ ഗവേഷണ സംഘം പഠനവിധേയമാക്കി. നിരീക്ഷണത്തില്‍ മഞ്ഞില്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്ദ്രത വളരെ കൂടുതലാണെന്ന് കണ്ടെത്തി. എടുത്ത് പറയേണ്ട കാര്യം ഇത് നഗരങ്ങള്‍ക്ക് സമീപമുള്ള സ്ഥലങ്ങള്‍ അല്ല എന്നതാണ്.
പ്ലാസ്റ്റിക് എങ്ങനെ അവിടെയെത്തി?
പരാഗണത്തെ കുറിച്ച് നേരത്തെ നടത്തിയ ഒരു പഠനമാണ് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അവരെ സഹായിച്ചത്. ഈ സിദ്ധാന്തം അനുസരിച്ച് ഒട്ടേറെ സസ്യങ്ങളുടെ പൂമ്പൊടി അന്തരീക്ഷത്തിലൂടെ ആര്‍ട്ടിക് പ്രദേശങ്ങളില്‍ എത്താറുണ്ട്. പൂമ്പൊടിയുടെ വലിപ്പമേ മൈക്രോപ്ലാസ്റ്റിക്കിനും ഉള്ളു. വടക്കുകിഴക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് സഹാറയില്‍ നിന്നുള്ള പൊടിവരെ മുന്‍പ് അവര്‍ക്ക് ആര്‍ട്ടിക് പ്രദേശത്ത് കണ്ടെത്താനായിട്ടുണ്ട്.
എത്ര അളവില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി?
ആര്‍ട്ടിക്ക് നിന്നുള്ള മഞ്ഞില്‍ ലിറ്ററിന് 14,400 കഷണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ബവേറിയയിലെ ഒരു റോഡില്‍ നിന്ന് ശേഖരിച്ച മഞ്ഞില്‍ ലിറ്ററിന് 154,000 കഷണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് കണക്കുകളും അപകടകരമായ തോതാണ്.
പല തരം മൈക്രോപ്ലാസ്റ്റിക്കുകള്‍
നൈട്രൈല് റബ്ബര്‍, അക്രിലേറ്റുകള്‍, പെയിന്റ് എന്നിവയില്‍ നിന്നാണ് ഈ മൈക്രോപ്ലാസ്റ്റിക്കുകള്‍ വരുന്നത്. ഗാസ്കറ്റുകളിലും ഹോസുകളിലും നൈട്രൈല് റബ്ബര്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ധനം നിറക്കുന്ന ഹോസുകളില്‍ ഇത് ഉപയോഗിക്കപ്പെടുന്നു. ഉയര്‍ന്ന താപനില താങ്ങാനും അതിനു സാധിക്കും. മഴയുടെ ഭാഗമാകുന്ന മൈക്രോപ്ലാസ്റ്റിക്കുകള്‍, കെട്ടിടങ്ങള്‍, കപ്പലുകള്‍, കാറുകള്‍, ഓഫ്ഷോര്‍ ഓയില്‍ റിഗ്ഗുകള്‍ എന്നിവയുടെ ഉപരിതലത്തില്‍ കോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന പെയിന്റുകളില്‍ നിന്നാണ് വരുന്നത്.
ബവേറിയയില്‍ നിന്ന് കണ്ടെത്തിയ മൈക്രോപ്ലാസ്റ്റിക്കുകള്‍ വാഹനത്തിന്റെ ടയറുകളില്‍ ഉപയോഗിച്ചവയായിരുന്നു. മുമ്പത്തെ പഠനങ്ങളില്‍ കണ്ടെത്തിയതിനേക്കാള്‍ വളരെ കൂടിയ അളവിലാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്ദ്രത എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
കണ്ടെത്തുന്ന രീതി
ഗവേഷകരുടെ സംഘം ആദ്യം മഞ്ഞ് ഉരുകി ഒരു ഫില്‍ട്ടറിലൂടെ അരിച്ചു. ഫില്‍ട്ടറില്‍ കുടുങ്ങിയ അവശിഷ്ടങ്ങള്‍ പിന്നീട് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചു.
ഇന്‍ഫ്രാറെഡ് പ്രകാശത്തോട് വ്യത്യസ്ത പ്ലാസ്റ്റിക്കുകള്‍ വ്യത്യസ്തമായിട്ടാണ് പ്രതികരിക്കുന്നത്. ഇതിലൂടെ വിവിധ പ്ലാസ്റ്റിക്കുകളെ തിരിച്ചറിയാന്‍ സാധിച്ചു.
പ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടപ്പോള്‍ അതൊരു നെഞ്ചുലക്കുന്ന കാഴ്ചയായിപ്പോയി എന്ന് ശാസ്ത്രഞ്ജര്‍ പറയുകയുണ്ടായി. ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വിപത്തും മനുഷ്യര്‍ മനസ്സിലാക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.
ഈ വര്‍ഷം ആദ്യം അന്തര്‍വാഹിനി ഉപയോഗിച്ച് ചില ശാസ്ത്രഞ്ജര്‍ പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാനാ ട്രെഞ്ചില്‍ പാഠനം നടത്തിയിരുന്നു. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയ പര്യവേക്ഷകര്‍ക്ക് അനുഭവപ്പെട്ട അതെ അസ്വസ്ഥതയാണ് ഇവര്‍ക്കും തോന്നിയത്.