ദേശീയ അവാര്‍ഡിനു ശേഷം തീയേറ്ററുകളിലെത്താന്‍ പോവുന്ന പടമെന്ന നിലയ്ക്ക് ഡ്രീം ഗേള്‍ ഈ വര്‍ഷം ആരാധകര്‍ ഉറ്റുനോക്കുന്ന പടങ്ങളിലൊന്നുമാണ്
ദേശീയ അവാര്‍ഡ് ജേതാവ് ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രമായ 'ഡ്രീം ഗേളി'ന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. രാജ് ഷാന്ഡില്യ സംവിധാനം ചെയ്യുന്ന ചിത്രം ഏക്താ കപൂറാണ് നിര്‍മ്മിക്കുന്നത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാണ് ആയുഷ്മാന്‍ എത്തുന്നത്. ട്രെയിലര്‍ ഇറങ്ങിയതോടെ യൂട്യൂബിലും ഡ്രീം ഗേള്‍ തരംഗമായി.
നാടകത്തില്‍ സ്ത്രീ വേഷങ്ങളില്‍ അഭിനയിക്കുന്ന താരം സ്ത്രീശബ്ദം ഉപയോഗിച്ച് സ്ത്രീ സൗഹൃദ കോള്‍ സെന്ററില്‍ പൂജയെന്ന പേരില്‍ ജോലി ചെയ്യുന്നതും തുടര്‍ന്ന് നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. നുസ്രത്ത് ബറുച നായികയായെത്തുന്ന ചിത്രത്തില്‍ അന്നു കപൂര്‍, വിജയ് രാസ്, അഭിഷേക് ബാനര്‍ജി, രാജേഷ് ശര്‍മ്മ, രാജ് ബന്‍സാലി എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സ്ത്രീ കഥാപാത്രത്തിനായി ആയുഷ്മാന്‍ തന്നെയാണ് ഡബ്ബ് ചെയുന്നതെന്നാണ് വിവരങ്ങള്‍.
കരിയറിലുടനീളം വ്യത്യസ്ത കഥാപാത്രങ്ങളുമായി പ്രേക്ഷകമനസില്‍ ഇടം നേടിയ ആയുഷ്മാന്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ബോളിവുഡിലെ എണ്ണം പറഞ്ഞ നായകന്മാരിലൊരാളായി പേരെടുത്തത്. എം ടിവിയില്‍ അവതാരകനായി തുടങ്ങിയ കരിയറിന്റെ തുടക്കത്തില്‍ ഖുരാന നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായി വന്നിട്ടുണ്ട്.
2012 ലെ അത്ഭുത ഹിറ്റുകളിലൊന്നായ വിക്കി ഡോണറിലൂടെയാണ് ബോളിവുഡില്‍ ചുവടുറപ്പിച്ചത്. ആ സിനിമയിലെ അഭിനയത്തിന് മികച്ച നവാഗതനായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ആ ചിത്രത്തിലൂടെ ആയുഷ്മാന്‍ കരസ്ഥമാക്കി. തുടര്‍ന്നാണ് ഹിറ്റുകളായ ദം ലഗാ കെ ഹായിസ, ബദായി ഹോ, അന്ധാധുന്‍, ആര്‍ട്ടിക്കിള്‍ 15 തുടങ്ങിയ ആയുഷ്മാന്റേതായി പിറന്നത്. അന്ധാധുനിലെ അന്ധനായ ആര്‍ട്ടിസ്റ്റിന്റെ വേഷപ്പകര്‍ച്ചക്ക് ആയുഷ്മാനെ തേടി മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും തേടിയെത്തി.
അഭിനയത്തിനു പുറമേ, ഗായകനായും ആയുഷ്മാന്‍ ഖുരാനയ്ക്ക് ബോളിവുഡില്‍ സ്വന്തമായൊരിടമുണ്ട്. നിരവധി സിനിമകളില്‍ പാടിയിട്ടുള്ള ഖുരാനയ്ക്ക് ഹിറ്റ് ഗാനങ്ങളിലൊന്നായ പാനീ ദാ രംഗ് എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ഫിലിം ഫെയര്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നാടകത്തില്‍ സ്ഥിരമായി സീതയുടെ വേഷം ചെയ്യുന്ന ആയുഷ്മാന്റെ മറ്റൊരു വേഷപ്പകര്‍ച്ച തന്നെയാവും ഡ്രീം ഗേളിലെ വേഷവുമെന്നാണ് അണിയറസംസാരം. ഏതായാലും ദേശീയ അവാര്‍ഡിനു ശേഷം തീയേറ്ററുകളിലെത്താന്‍ പോവുന്ന പടമെന്ന നിലയ്ക്ക് ഡ്രീം ഗേള്‍ ഈ വര്‍ഷം ആരാധകര്‍ ഉറ്റുനോക്കുന്ന പടങ്ങളിലൊന്നുമാണ്.