ഏറ്റവും മികച്ച സമ്മാനം: 2020ലെ ക്രിസ്മസ് വ്യത്യസ്തമായി വരവേല്‍ക്കാന്‍ ലോകത്തിന് കാരണങ്ങളുണ്ട്
റാമിറസിനെ പോലെ ഇത്തവണത്തെ ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനമായി കൊവിഡ് വാക്സിനെ കാണുന്ന എത്രയോ ലക്ഷം പേരുണ്ട് ലോകത്ത്.
'ഈ 2020ല്‍ എനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സമ്മാനമാണിത്. ഈ യുദ്ധത്തില്‍ തുടര്‍ന്നും ധൈര്യപൂര്‍വം മുന്നില്‍നില്‍ക്കാനുള്ള കരുത്ത് ഇത് നല്‍കും'
മരിയ ഇറേനെ റാമിറസ് മെക്സിക്കോ സിറ്റിയിലെ റൂബെന്‍ ലെനോറോ ആശുപത്രിയിയിരുന്ന് പറഞ്ഞു. ഫൈസറിന്റെ കൊവിഡ് വാക്സിന് മെക്സിക്കോയില്‍ ആദ്യം സ്വീകരിച്ച നഴ്സ് ആണ് റാമിറസ്.

റാമിറസിനെ പോലെ ഇത്തവണത്തെ ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനമായി കൊവിഡ് വാക്സിനെ കാണുന്ന എത്രയോ ലക്ഷം പേരുണ്ട് ലോകത്ത്. മെക്സിക്കോയില്‍ വാക്സിനേഷന് തുടങ്ങിയതിലൂടെ ലാറ്റിനമേരിക്കയില്‍ ആകെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുക കൂടിയായി.

മെക്സിക്കോയില്‍ 1,20,000 പേര് കൊവിഡ് സ്ഥിരീകരിച്ച് ഇതുവരെ മരിച്ചു. അതുകൊണ്ടുതന്നെ വാക്സിനേഷന് അവര്‍ക്ക് ജീവിതത്തിലെ പുതിയ പ്രതീക്ഷയാണ്. ക്രിസ്മസ് തലേന്ന് മെക്സിക്കോ വാക്സിനേഷനിലേക്ക് കടന്നതോടെ ഇതുവരെയുണ്ടായ നിരാശമാറ്റി പുതിയ പുലരിയിലേക്ക് നോക്കുകയാണ് മെക്സിക്കോ. 3000 ഡോസ് വാക്സിന് മാത്രമേ ആദ്യഘട്ടത്തില്‍ എത്തിയുള്ളൂ. രണ്ടാം ഘട്ടത്തില്‍ 5000 ഡോസും ജനവരി 31 ഓടെ 1.40 ലക്ഷം ഡോസും ഫൈസര്‍ വാക്സിന് എത്തുമെന്നാണ് മെക്സിക്കോയുടെ പ്രതീക്ഷ.
മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ ഫൈസര്‍ ബയോഎന്‍ടെകിന്റെ 10,000 ഡോസ് വാക്സിന് എത്തി. ഒരു കോടി ഡോസ് വാക്സിനാണ് അവിടെ ആവശ്യം. അതിന്റെ ആദ്യപടിയാണ് എത്തിയിരിക്കുന്നത്.

കോസ്റ്റാറിക്ക അവരുടെ വാക്സിനേഷന് തുടങ്ങിയത് തലസ്ഥാനമായ സാന്‍ഡ ജോസില്‍ മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍ക്ക് നല്‍കിയാണ്. എന്റെ ആഗ്രഹം എല്ലാവര്ക്കും വാക്സിന് ലഭ്യമാവുക എന്നതാണെന്ന് ആദ്യ വാക്സിന് സ്വീകരിച്ച മുന്‍ കോളെജ് അധ്യാപകന് ജോര്‍ജ് ഡി ഫോര്‍ഡ് പറഞ്ഞു. റഷ്യയുടെ സ്പുട്നിക് വാക്സിന് മൂന്ന് ലക്ഷം ഡോസ് അര്‍ജന്റീനയില്‍ എത്തിക്കഴിഞ്ഞു.
ബ്രസീല്‍ ആണ് ലാറ്റിനിമേരിക്കയിലെ ഏറ്റവും ജനസഖ്യയുള്ള രാജ്യം. അവിടെ പക്ഷെ വാക്സിനേഷന്റെ പ്രാരംഭ നടപടികളിലേക്ക് കടക്കുന്നതേയുള്ളൂ. ഒരു വാക്സിനും അവിടെ അനുമതി നല്‍കിയിട്ടില്ല.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരിമിതമായ രീതിയില്‍ മാത്രമേയുള്ളൂ ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങള്‍. പുറത്താക്കപ്പെട്ടവരെല്ലാം ദൈവത്തിന്റെ മക്കളാണ് എന്ന സന്ദേശമാണ് പോപ്പ് ഫ്രാന്‍സിസ് ഇത്തവണ നല്‍കിയത്. യേശുവിന്റെ ജനനം അങ്ങനെയായിരുന്നു എന്ന് ഓര്‍മിപ്പിച്ചാണ് പോപ്പ് പുറന്തള്ളപ്പെട്ടവര്‍ക്കായി മനസ്സ് പാകപ്പെടുത്താന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തത്. ആഘോഷങ്ങള്‍ ഒഴിവാക്കിയായിരുന്നു വത്തിക്കാനിലെയും ക്രിസ്മസ്. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ 10000ലേറെ പേര് പങ്കെടുക്കുന്ന ക്രിമസ് തലേന്നത്തെ ചടങ്ങില്‍ ഇത്തവണ സാന്നിധ്യമുണ്ടായത് 100ല്‍ താഴെപേര് മാത്രം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!