'തുക്കടെ തുക്കടെ ഗാങ്' കർഷക സമരത്തെ ഷഹീൻബാഗ് ആക്കുന്നു; പ്രതിഷേധത്തിനെതിരെ ബിജെപി എംപി മനോജ് തിവാരി
കർഷകർക്കിടയിലെ ചില പ്രതിഷേധക്കാർ ഖാലിസ്ഥാന്‍ അനുകൂലമായ മുദ്രവാക്യങ്ങളും പ്രധാനമന്ത്രിക്കെതിരെ ഭീഷണിയും ഉയർത്തിയെന്നു തിവാരി ആരോപിച്ചു.
കേന്ദ്ര സർക്കാരിൻ്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾക്കെതിരെ ബിജെപി എംപി മനോജ് തിവാരി. ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരത്തെ ഷഹീൻബാഗ് പോലുള്ള പ്രതിഷേധമായി മാറ്റാൻ 'തുക്കടെ തുക്കടെ ഗാങ്' ശ്രമിക്കുകയാണെന്നു മനോജ് തിവാരി ആരോപിച്ചു. കർഷകർക്കിടയിലെ ചില പ്രതിഷേധക്കാർ ഖാലിസ്ഥാന്‍ അനുകൂലമായ മുദ്രവാക്യങ്ങളും പ്രധാനമന്ത്രിക്കെതിരെ ഭീഷണിയും ഉയർത്തിയെന്നു തിവാരി ആരോപിച്ചു. രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് ഇത് തെളിയിക്കുന്നതെന്നും ബിജെപി എംപി പ്രസ്താവനയിൽ പറഞ്ഞു.
'ഷഹീൻ ബാഗിൽ ദേശീയ പൗരത്വ രജിസ്റ്ററിനെയും പൗരത്വ ഭേദഗതി നിയമത്തെയും എതിർത്ത വ്യക്തികളും ഗ്രൂപ്പുകളും ഇവിടെ വരുന്നത് വ്യക്തമാക്കുന്നത് 'തുക്കടെ തുക്കടെ ഗാങ്' ഷഹീൻബാഗ് പോലുള്ള പ്രതിഷേധമായി മാറ്റാൻ ശ്രമിക്കുന്നുവെന്നും കർഷക പ്രതിഷേധത്തിൻ്റെ മറവിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നുമാണ്', മനോജ് തിവാരി ആരോപിച്ചു. ഡൽഹിയിൽ കലാപമുണ്ടാക്കുന്നതിനായി ഗൂഢാലോചന നടത്തിയവർ കർഷകരുടെ പേരിൽ രാജ്യവ്യാപകമായി കലാപത്തിന് പ്രേരിപ്പിക്കുന്നതായും തിവാരി ആരോപിച്ചു.കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹി നടന്ന വർഗീയ കലാപത്തിൽ അമ്പതിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ കഴിഞ്ഞ ഒരാഴ്ചയായി കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധത്തിലാണ്. സിംഗു, തിക്രി അതിർത്തികൾ കർഷകർ തടഞ്ഞിരുന്നു. ഇന്ന് കർഷക സംഘടനകളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ചൊവ്വാഴ്ച്ച നടന്ന ചർച്ചയിൽ സർക്കാരിൻ്റെ നിർദേശം തള്ളിയ കർഷക സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. കർഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ അഞ്ചാംഗ കമ്മിറ്റിയുണ്ടാക്കുമെന്ന നിർദേശം കേന്ദ്ര സർക്കാർ നേരത്തെ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇത് നിരസിച്ച സംഘടനകൾ നേരത്തെ പല പ്രശ്നങ്ങൾക്കും സമാനമായി കമ്മിറ്റി രൂപീകരിച്ചത് ഫലം കണ്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ബിജെപി എംപി പറഞ്ഞത് കള്ളം; അമിത് ഷാ പുതിയ കൊവിഡ് പരിശോധന നടത്തിയില്ലെന്ന് ഔദ്യോഗിക തിരുത്ത്
ഹരിയാനയിൽ കർഷകർക്ക് നേരെ കണ്ണീർ വാതകം, ജലപീരങ്കി; ഡല്‍ഹി അതിര്‍ത്തി അടച്ചു; വിലക്ക് അവഗണിച്ച് കര്‍ഷകര്‍ മുന്നോട്ട്
പാലത്തിൽ നിന്നും പിന്തിരിയാതെ കർഷകർ; ജല പീരങ്കിയും കണ്ണീർ വാതകവും നേരിട്ടത് രണ്ട് മണിക്കൂറോളം; ഒടുവിൽ ഹരിയാനയിൽ
ഞങ്ങളെ ആർക്കും തടയാനാവില്ല; തണുപ്പിനെയും ജല പീരങ്കിയെയും വകവെക്കാതെ കർഷകർ ഡൽഹിയിലേക്ക്