ബ്ലാക്ക് ഫെയ്സ്: ഗൂച്ചി പഠിക്കാത്തതും ലോകം പഠിപ്പിച്ച് വിട്ടതും
കറുത്തവർക്ക് നേരെയുള്ള വർണവെറിക്ക് ഇനിയും ഒരു അവസാനമില്ല.
കറുത്ത വർഗ്ഗക്കാർക്കെതിരെയുള്ള വർണവെറി പാശ്ചാത്യ ലോകത്തെ സംസാര വിഷയമായിട്ട് ഒരുപാട് നാളായി. സിനിമയിലും എഴുത്തുകളിലും ഒക്കെ അത് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഫാഷനിലും അത് ഉരുത്തിരിയുന്നത് ഇത് ആദ്യമായിട്ടായിരിക്കും.
പ്രമുഖ വസ്ത്രവ്യാപാരികളായ ഗൂച്ചിക്കാണ് ഇത്തവണ പണി പറ്റിയത്. ബ്ലാക്ക് ഫെയ്സ് എന്ന കറുത്തവരെ കളിയാക്കിക്കൊണ്ടുള്ള വേഷം കൊണ്ടുവന്നതാണ് പണിയായത്.
എന്താണ് ബ്ലാക്ക് ഫെയ്സ്?
ബ്ലാക്ക് ഫെയ്സ് എന്താണെന്ന് അറിയണമെങ്കിൽ ബ്ലാക്ക് ഹിസ്റ്ററി മാസത്തിന്റെ പ്രാധാന്യം എന്താണെന്ന് അറിയണം. അമേരിക്കയിൽ ഈ ഫെബ്രുവരി മാസം ബ്ലാക്ക് ഹിസ്റ്ററി മാസമായിട്ടാണ് ആചരിക്കുന്നത്. 1860കളിലെ സിവിൽ വാർ അഥവാ അമേരിക്കൻ ആഭ്യന്തരയുദ്ധത്തോട് കൂടിയാണ് അമേരിക്കയിലെ വർണ്ണവെറി വലിയ ഒരു അളവിലെങ്കിലും നിയന്ത്രിക്കാൻ കഴിയുന്നത്. ഇതിനു മുമ്പ് അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരെ അടിമ വംശജരായിട്ടാണ് കണ്ടിട്ടുള്ളതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്.
ഈ കാലഘട്ടത്തിന്റെ ഓർമ്മക്കെന്നോണമാണ് ബ്ലാക്ക് ഹിസ്റ്ററി മാസം ആചരിക്കുന്നത്. കാനഡ, അയർലൻഡ്, നെതർലൻഡ്സ്, യുകെ, അമേരിക്ക എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഇത് ആചരിക്കുന്നത്.
കറുത്ത വർഗ്ഗക്കാരുടെ ചരിത്ര പ്രാതിനിധ്യം, അവരുടെ ഭൂതകാലം എന്നിവക്ക് ഒരു സ്മരണയായാണ് ഈ മാസം ബ്ലാക്ക് ഹിസ്റ്ററി മാസമായിട്ട് ആചരിക്കുന്നത്.
ഈ കാലയളവിൽ നാടകങ്ങളിലൊക്കെ കറുത്ത വർഗ്ഗക്കാരെ ചിത്രീകരിക്കാൻ ഉപയോഗിച്ചിരുന്ന വേഷമാണ് ബ്ലാക്ക് ഫെയ്സ്. കറുത്തവരെ കളിയാക്കിക്കൊണ്ട് കാരിക്കേച്ചറെന്നോണം വെളുത്ത നടന്മാർ കറുത്ത ചായം പൂശി തടിച്ച ചുണ്ടുകള്‍ വരച്ചുണ്ടാക്കുന്നതായിരുന്നു ബ്ലാക്ക് ഫെയ്സ്.
എന്നാൽ ഈ വർഷം ബ്ലാക്ക് ഹിസ്റ്ററി മാസം തുടങ്ങിയതോടെ തന്നെ വിവാദങ്ങള്‍ക്കും തുടക്കം കുറിച്ചു. കറുത്തവരെ ഇകഴ്ത്തി കാണിക്കുന്ന ബ്ലാക്ക് ഫെയ്സ് മുഖം മൂടിയണിഞ്ഞ് പലരും പ്രത്യക്ഷപ്പെട്ടെന്ന് വാർത്ത വന്നു. പല രാഷ്ട്രീയക്കാരുടെയും പേര് ബ്ലാക്ക് ഫെയ്സ് വിവാദത്തിൽ വന്നിട്ടുണ്ടായിരുന്നു.
വിർജീനിയയുടെ ഗവർണർ റാൽഫ് നോർതാമിന്റെ പഴയ കാല ഇയർബുക്കിൽ ഇത്തരത്തിലൊരു ചിത്രം പുറത്തുവന്നത് വൻ വിവാദമായിരുന്നു.
ഗൂച്ചിക്കെന്താണിവിടെ കാര്യം?
എന്നാൽ ചുറ്റും നടക്കുന്നതൊന്നും ഞങ്ങളറിഞ്ഞില്ലേ എന്ന ഭാവത്തിലായിരുന്നു പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയായ ഗൂച്ചിയുടെ വരവ്. ബ്ലാക്ക് ഫെയ്സിനോട് കടുത്ത സാദൃശ്യമുള്ള സ്വെറ്റർ ആയിരുന്നു അവരുടെ വിവാദമായ മോഡൽ.
ഗൂച്ചിയുടെ ഈ പരസ്യമായ അവഹേളനത്തിനെതിരെ പ്രമുഖ റാപ്പർ ഫിഫ്റ്റി സെന്റിനെ പോലുള്ളവർ വന്ന് പ്രതിഷേധം പ്രകടിപ്പിച്ചു. ഗൂച്ചിയുടെ വസ്ത്രങ്ങളെല്ലാം കത്തിച്ചു കൊണ്ടായിരുന്നു ഫിഫ്റ്റി സെന്റ് പ്രതിഷേധം അറിയിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!