ഇവോ മൊറാലിസോ മെസയോ; ബൊളീവിയന്‍ കൊടുങ്കാറ്റിന് ദിശമാറുമോ?
ഒക്ടോബര്‍ 20നാണ് ബൊളീവിയയിലെ തെരഞ്ഞെടുപ്പ്. നാലാം തവണ പ്രസിഡന്റാകാന്‍ കാത്തിരിക്കുകയാണ് ഇവോ മൊറാലിസ്. എന്നാല്‍, കഴിഞ്ഞതവണകളിലേതു പോലെ അനായാസേന വിജയം അപ്രാപ്യമെന്നാണ് വിലയിരുത്തല്‍.
ഒറ്റപ്പെട്ട ഒരു കുന്നിനോട് ചേര്ന്നിണങ്ങിക്കിടക്കുകയാണ് ഒറിനോക ഗ്രാമം. പൊടിപറത്തുന്ന നാട്ടുവഴികള്ക്കൊടുവിലാണ്, ഗ്രാമത്തിന്റെ ദാരിദ്ര്യത്തോട് ചേര്‍ച്ചക്കുറവുള്ള ആ കെട്ടിടം തലയുയര്‍ത്തി നില്‍ക്കുന്നത്. ബൊളീവിയയിലെ ഏറ്റവും വലുതും ആധുനികവുമായ മ്യൂസിയമാണ് അത്. തൊട്ടുമുന്നിലുള്ള പൊട്ടിപ്പൊളിഞ്ഞ തെരുവിന്റെ ഇരുവശത്തും ഒറ്റമുറി വീടുകളാണ്. അതിലൊന്നിലായിരുന്നു ഇവോ മൊറാലിസ് എന്ന വിപ്ലവകാരിയുടെ ജനനം. ഉപ്പുകാറ്റുവീശുന്ന പൂപ്പോ തടാകക്കരയിലെ ഈ കുടില്‍ കാണാന്‍ ജനക്കൂട്ടം ടിക്കറ്റെടുത്ത് വരിനില്ക്കുന്നു.
ഈ കുടിലില്‍ നിന്നാണ് ചരിത്രമെഴുതിയ ഒരു ജീവിതചരിത്രത്തിന്റെ തുടക്കവും. 14 കൊല്ലമാകുന്നു ബൊളീവിയയില്‍ ഇവോ അധികാരത്തിലേറിയിട്ട്. ഇവിടെ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന നേതാവും അദ്ദേഹമാണ്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലാറ്റിനമേരിക്കയിലെ ഇടതുമുന്നേറ്റങ്ങളിലൊന്ന് ഇവോ മൊറാലിസിന്റെ അധികാര ആരോഹണമായിരുന്നു. വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസ്, ബ്രസീലില്‍ ലുല സില്‍വ, ചിലിയില്‍ അലന്‍ഡെ, അര്‍ജന്റീനയില്‍ നെസ്റ്റര്‍ ക്രിസ്ചനര് എന്നിങ്ങനെയായിരുന്നു സാമ്രാജ്യത്വത്തിന് ലാറ്റിനമേരിക്കന്‍ മണ്ണില്‍ ബദല്നിരയൊരുങ്ങിയത്.
എന്നാല്‍, ഈ 14 കൊല്ലത്തിനിടയില്‍ പലതും മാറിമറിഞ്ഞു. ഇടതുതാരകങ്ങളുടെ പിന്‍ഗാമികള്‍ക്ക് പലര്‍ക്കും ആ തിളക്കം തുടരാനായില്ല. വെനിസ്വേലയില്‍ മധുരോ അധികാരം നിലനിര്‍ത്താനുള്ള പെടാപ്പാടിലാണ്. ബ്രസീലില്‍ ദില്‍മ റൂസഫ് അധികാരത്തില്‍നിന്ന് പുറത്തായി. അര്‍ജന്റീനയില്‍ ക്രിസ്റ്റീന ഫെര്‍ണാണ്ടസിന് പകരം മക്രി വന്നു. ബൊളീവിയയിലും സമാനരീതിയില്‍ രാഷ്ട്രീയമാറ്റങ്ങളുണ്ടായി. ഇവോ മൊറാലിസിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടായി. ഭരണഘടന പരിഷ്കരിച്ച് അധികാരത്തില്‍ തുടരാനുള്ള നീക്കം കോടതി തടഞ്ഞു. ഒക്ടോബര്‍ 20ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരു തവണ കൂടി പരീക്ഷണത്തിനിറങ്ങുകയാണ് അദ്ദേഹം.
വെനിസ്വേലയിലേതു പോലെ സങ്കീര്‍ണമല്ല ബൊളീവിയയിലെ കാര്യങ്ങള്‍. ഉത്പന്നങ്ങള്‍ക്ക് വിലയിടിവുണ്ടെങ്കിലും അഭിവൃദ്ധിക്ക് കുറവില്ല. രാജ്യത്തെ മൊത്തെ ആഭ്യന്തര ഉത്പാദനം നാല് മടങ്ങ് വര്‍ധിക്കുകയും ചെയ്തു. എങ്കിലും സാമ്പത്തിക നില സംബന്ധിച്ച ആശങ്കകള്‍ക്ക് കുറവില്ല. എങ്കിലും വെനിസ്വേലയുടെ പാതയിലല്ല ബൊളീവിയയെന്ന് ഇവോയും കൂട്ടരും ഉറപ്പിച്ച് പറയുന്നു.
2006ല്‍ മൊറാലിസ് അധികാരമേറ്റെടുക്കുമ്പോള്‍ 38 ശതമാനമായിരുന്നു ദാരിദ്ര്യനിരക്ക്. 2018ല്‍ അത് 15 ശതമാനമായി കുറഞ്ഞു. എണ്ണക്കമ്പനികളുടെ ഭാഗികദേശസാത്കരണവും വിപണിവില നിയന്ത്രിക്കാന്‍ കഴിഞ്ഞതുമാണ് ഇവോയുടെ നേട്ടമായി കാണുന്നത്. നിലവിലെ അഭിപ്രായ സര്‍വേകളില്‍ ഇവോയ്ക്ക് തന്നെയാണ് മുന്‍തൂക്കം. പക്ഷേ അന്തിമമായി വിജയം ഉറപ്പിക്കാനാകില്ല. ഇത്തവണ 33% പേരാണ് ഇവോയെ പിന്തുണച്ചത്. ആദ്യ റൗണ്ട് ജയിക്കാന്‍ ഇതു മതിയാകില്ല. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്രയും കുറവ് പിന്തുണ ഇതാദ്യവുമാണ്. 2009ല്‍ 61% പേര് പിന്തുണച്ചപ്പോള്‍ 2009ല്‍ 64% പേരുടെ പിന്തുണയാണ് ലഭിച്ചിരുന്നത്.
ഇത്തവണ എതിരാളി കാര്‍ലോസ് ഡീഗോ മെസയ്ക്ക് 26 ശതമാനമാണ് ജനപിന്തുണ. അതായത് ഇരുവരും തമ്മില്‍ വലിയ അന്തരമില്ല. എന്തും സംഭവിക്കാം. ഏകാധിപതിയായി മാറുന്നുവെന്നാണ് ഇവോയെക്കുറിച്ചുള്ള ആദ്യ പരാതി. പിന്നെ, ധൂര്‍ത്തും അഴിമതിയും. ആദ്യമായി അധികാരത്തിലേറിയപ്പോള്‍ സ്വന്തം ശമ്പളം വെട്ടിക്കുറച്ച ഇവോ പിന്നീട് പുതിയ വിമാനവും 26 നിലകളുള്ള കെട്ടിടവും പണികഴിപ്പിച്ചു എന്നാണ് വിമര്‍ശനം.
2009ലാണ് പുതിയ ഭരണഘടനാക്രമം കൊണ്ടുവരാന്‍ മൊറാലിസ് ശ്രമിച്ചത്. ബഹുദേശീയത എന്നതായിരുന്നു മുദ്രാവാക്യം. ഗോത്രവര്‍ഗവിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനം അവസാനിപ്പിക്കുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ഈ ഭരണഘടനാപ്രകാരവും രണ്ടുതവണയാണ് പ്രസിഡന്റുമാര്‍ക്ക് അധികാരത്തില്‍ തുടരാനാകുക. ഭരണഘടന നടപ്പാക്കിയ ആള് എന്ന നിലയിലുള്ള പരിഗണന മൊറാലിസിന് കിട്ടി. ഇതു പരിഗണിച്ച കോടതി 2014ല്‍ മൂന്നാം തവണയും ഭരിക്കാന്‍ അനുമതി നല്കി. പക്ഷെ, ഇത്തവണ ഈ ഇളവുകളൊന്നും ലഭിക്കില്ല. ഇതു മുന്നില്‍ക്കണ്ടാകണം, നിയമവ്യവസ്ഥയെ മൊറാലിസ് തള്ളിപ്പറയുന്നു. സാമ്രാജ്യത്വത്തിന്റെ പ്രബോധനമാണ് നിയമസ്വാതന്ത്ര്യമെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു.
എതിരാളി കാര്‍ലോസ് മെസ
മൂന്നു ദശാബ്ദക്കാലത്തെ രാഷ്ട്രീയ അനുഭവങ്ങളാണ് മെസയുടെ കരുത്ത്. ലാ പാസയില്‍ ജനനം. പഠിച്ചത് സാഹിത്യം. പിന്നീട് ചരിത്രകാരനും പത്രപ്രവര്‍ത്തകനുമായി. 2002 ഓഗസ്റ്റ് മുതല്‍ 2003 ഒക്ടോബര്‍ വരെ വൈസ് പ്രസിഡന്റായിരുന്നു. 2005 വരെ പ്രസിഡന്റുമായി. ആഗോളവത്കരണത്തിന്റെ വക്താവായ അദ്ദേഹത്തിന് മധ്യവര്‍ഗ വോട്ടുകളിലാണ് പ്രതീക്ഷ. എന്നാല്‍ പ്രതിപക്ഷ നിരയിലെ വിള്ളല്‍ കാര്യങ്ങള്‍ അടിമുടി മാറ്റിയേക്കാം.