ബട്ടർഫ്ലൈ എഫക്റ്റ് - സിനിമയ്ക്ക് അകത്തും പുറത്തും
തീർത്തും പ്രധാന്യമില്ലാത്ത വളരെ ചെറിയൊയൊരു കാര്യം കഥയിൽ ഒരു വ്യക്തിയോ അല്ലെങ്കിൽ സാഹചര്യത്തിന് അനുസരിച്ച് ഒരു കൂട്ടം ആളുകളോ ചെയ്യുന്നു. എന്നാൽ ഒരു പ്രാധാന്യവും ഇല്ലാതെ സംഭവിച്ച ആ കർമത്തിന്റെ ഫലം കാരണം വളരെ വലിയൊരു ഇംപാക്ട് ഉണ്ടാവുന്നു. ഇത്തരം ഒരു അവസ്ഥയെ ഉപയോഗിച്ച് ഒരു സിനിമയുടെ കഥാഖ്യാനം നടത്തുന്ന രീതിയെയാണ് ബട്ടർഫ്ലൈ എഫക്റ്റ് അല്ലെങ്കിൽ ബട്ടർഫ്ലൈ തിയറി എന്ന് വിശേഷിപ്പിക്കുന്നത്.
മനുഷ്യരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന കലാരൂപങ്ങളിൽ പ്രധാനപ്പെട്ടതാണ് സിനിമ. വെള്ളിത്തിരിയിൽ അതിവേഗത്തിൽ മിന്നി മറയുന്ന സിനിമാ കാഴ്ചകൾക്ക് വളരെ ആഴമേറിയ ഇംപാക്റ്റ് പ്രേക്ഷകരിൽ ചെലുത്താൻ സാധിക്കും. നിങ്ങൾക്ക് ഒരു സിനിമാറ്റിക്ക് അനുഭവും ലഭിക്കുന്നത് രണ്ടോ മൂന്നോ മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു സിനിമാ കാഴ്ചയിലൂടെ മാത്രമാണ്. എന്നാൽ ആ അനുഭവതീവ്രത പ്രേക്ഷകർക്കായി ഒരുക്കാൻ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ എടുക്കുന്നത് വളരെ സങ്കീർണായ കഠിനപ്രയത്നമാണ്. അതിൽ സർഗാത്മകവും ഭാവനാത്മകവും തൊട്ട് വളരെ യാന്ത്രികമായി ചെയ്യുന്ന ജോലികൾ വരെ ഉൾപ്പെടും. അങ്ങനെ ഒരു സിനിമയ്ക്കു വേണ്ടി വേണ്ടി കഥ, തിരക്കഥ എന്നിവ ഒരുക്കുമ്പോൾ ചില ടെക്ക്നിക്കുകൾ സ്ക്രിപ്റ്റിൽ ഉൾപെടുത്താറുണ്ട്.
തീർത്തും പ്രധാന്യമില്ലാത്ത വളരെ ചെറിയൊയൊരു കാര്യം കഥയിൽ ഒരു വ്യക്തിയോ അല്ലെങ്കിൽ സാഹചര്യത്തിന് അനുസരിച്ച് ഒരു കൂട്ടം ആളുകളോ ചെയ്യുന്നു. എന്നാൽ ഒരു പ്രാധാന്യവും ഇല്ലാതെ സംഭവിച്ച ആ കർമത്തിന്റെ ഫലം കാരണം വളരെ വലിയൊരു ഇംപാക്ട് ഉണ്ടാവുന്നു. ഇത്തരം ഒരു അവസ്ഥയെ ഉപയോഗിച്ച് ഒരു സിനിമയുടെ കഥാഖ്യാനം നടത്തുന്ന രീതിയെയാണ് ബട്ടർഫ്ലൈ എഫക്റ്റ് അല്ലെങ്കിൽ ബട്ടർഫ്ലൈ തിയറി എന്ന് വിശേഷിപ്പിക്കുന്നത്.
കയോസ് (chaos) തിയറിയെ അടിസ്ഥാന പെടുത്തിയാണ് ബട്ടർഫ്ലൈ എഫക്ടിനെ കുറിച്ച് വിശകലനം ചെയ്യാൻ സാധിക്കുക. ഒരു പൂമ്പാറ്റ ഉണ്ടാക്കുന്ന ചിറകടി ശബ്ദം മറ്റൊരിടത്ത് ഒരു കൊടുങ്കാറ്റ് ഉണ്ടാവുന്നതിന് വരെ കാരണമായേക്കാം എന്നാണ് ഈ തിയറി പ്രകാരം പറയുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഹെന്റ്റി പൊങ്കാറേ എന്ന ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞൻ 'ത്രീ ബോഡി പ്രോബ്ലം' എന്ന പേരിൽ നടത്തിയ പഠനങ്ങളിലൂടെയാണ് ബട്ടർഫ്ലൈ എഫക്റ്റിനെ കുറിച്ചുള്ള സൂചനകൾ ആദ്യമായി ലഭിക്കുന്നത്.
ഗണിതവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇത്തരത്തിലൊരു പഠനം നടത്തിയത്. ഗണിത ഭാഷയുടെ സാങ്കേതികതകളിൽ കുരുങ്ങിയതിനാൽ കൂടുതൽ ശ്രദ്ധ ഇതിന് ലഭിച്ചിരുന്നില്ല. പിന്നീട് 1960'കളുടെ തുടക്കത്തിൽ എഡ്വേർഡ് ലോറൻസ് എന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ബട്ടർഫ്ലൈ എഫക്റ്റിനെ വീണ്ടും ശാസ്ത്രശ്രദ്ധയിൽ കൊണ്ടു വന്നത്. എങ്കിലും ഈ പദം ജനകീയമാക്കിയത് ജെയിംസ് ഗ്ലെക എന്ന എഴുത്തുകാരനാണ്.
ഒരിക്കൽ എഡ്വേർഡ് ലോറൻസ് ഒരു കാലാവസ്ഥാ പ്രവചനത്തിനായി 0.506127 എന്ന അക്കത്തിന് പകരം 0.506 എന്ന് മാത്രം എഴുതുകയുണ്ടായി. ഈ ഡാറ്റ അദ്ദേഹമൊരു കമ്പ്യൂട്ടറിലാണ് എന്റർ ചെയ്തിരുന്നത്. ഈ അക്കങ്ങൾ തമ്മിൽ വളരെ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളുവെങ്കിലും കണക്കുകൂട്ടലുകളിൽ കമ്പ്യൂട്ടർ കാണിച്ച കാലാവസ്ഥാ പ്രവചനം തികച്ചും വ്യത്യസ്തമായിരുന്നു.
വളരെ ചെറിയ മാറ്റങ്ങൾ പോലും തന്റെ പ്രവചനത്തിലുണ്ടാക്കിയ വലിയ വ്യത്യാസം എഡ്വേർഡ് ലോറൻസ് നിരീക്ഷിച്ചു. തന്റെ ഈ കണ്ടത്തെലുകൾ ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസിൽ സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൽ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. താൻ കണ്ടെത്തിയ ഈ സിദ്ധാന്തം ശരിയാണങ്കിൽ ഒരു കടൽകാക്കയുടെ ചിറകടി, കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും എന്ന് അദ്ദേഹം എഴുതി. പിന്നീട് കടൽകാക്ക എന്ന വാക്കിന് പകരം ചിത്രശലഭം (ബട്ടർഫ്ലൈ) എന്ന് പദം അദ്ദേഹം ഉപയോഗിക്കുകയായിരുന്നു.
ബട്ടർഫ്ലൈ എഫ്ഫക്ട് എന്ന ഈ സിദ്ധാന്തത്തെ പല സിനിമകളിലും ഉപയോഗിച്ച് കണ്ടിട്ടുണ്ട്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് എറിക് ബ്രെസും ജെ. മാക്കി ഗ്രുബറും ചേർന്ന് രചിച്ച് സംവിധാനം ചെയ്ത 2004ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമായ 'ബട്ടർഫ്ലൈ എഫക്റ്റ്'. ചിത്രത്തിൽ നായക കഥാപാത്രം ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ എത്രത്തോളം ഇംപാക്ട് ഉണ്ടാക്കുന്നുവെന്നുള്ളതാണ് ഈ സിനിമയുടെ ഉള്ളടക്കത്തിൽ തെളിയുന്നത്. .

ഹോളിവുഡ് ചിത്രങ്ങളായ 'എബൌട്ട് ടൈം', 'കയോസ് തിയറി', 'സ്ലൈഡിങ് ഡോർ','ദ് ടൈം ട്രാവലേഴ്സ് വൈഫ്','ദേജാവു' തുടങ്ങിയ ചിത്രങ്ങളിൽ ബട്ടർഫ്ലൈ എഫക്റ്റ് കാണാം.
ഇന്ത്യൻ സിനിമകളിലും ഈ എഫക്റ്റിനെ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. തമിഴ് ചിത്രമായ കമൽ ഹസ്സൻ നായകനായി എത്തിയ 'ദശാവതാരം' എന്ന ചിത്രം അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. കയോസ് തിയറി,ബട്ടർഫ്ലൈ എഫക്റ്റ് എന്നിവയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സംസാരത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. 12ആം നൂറ്റാണ്ടിൽ നടന്നൊരു സംഭവവും അത് ചിത്രത്തിലെ കഥാഗതിക്കനുസരിച്ച് ചിത്രത്തിന്റെ ഭാവി അവതരിപ്പിക്കുന്നതിൽ ഉണ്ടാക്കിയിരിക്കുന്ന മാറ്റവും ശ്രദ്ധേയമാണ്.

2000ൽ റിലീസായ 'ഹേയ് റാം' എന്ന കമൽ ചിത്രത്തിൽ ചരിത്രത്തെ തന്നെ ബട്ടർഫ്ലൈ എഫക്റ്റിന്റെ അടിസ്ഥാനത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ഒരുപക്ഷെ ഗാന്ധിജിക്ക് ട്രെയിനിൽവച്ച് വർണ വിവേചനം നേരിടേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ,അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന്റെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് നേരിടേണ്ടി വന്നില്ലായിരുവെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ കഥ തന്നെ മറ്റൊന്നായിരുന്നേനെ എന്ന് 'ഹേയ് റാം' കാട്ടി തരുന്നു.

തമിഴ് ചിത്രമായ 'ജിൽ ജങ്ക് ജുക്ക്', മലയാള ചിത്രമായ 'മഹേഷിന്റെ പ്രതികാരം' തുടങ്ങിയ ചിത്രങ്ങളിലും ഇത്തരത്തിൽ ബട്ടർഫ്ലൈ എഫക്റ്റ് ഉപയോഗിച്ചിരിക്കുന്നത് കാണാം.
ഒരർത്ഥത്തിൽ നോക്കി കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളെയും ബട്ടർഫ്ലൈ എഫക്റ്റുമായി കൂട്ടിയിണക്കാൻ സാധിക്കും. നമ്മുടെ ഇന്നലെകളും ഇന്നുമാണ് നമ്മൾ നാളെ ഏതു ദിശയിലേക്ക് സഞ്ചരിക്കുന്നു എന്ന് തീരുമാനിക്കുന്നത്. ഒരുപക്ഷെ നമ്മൾ ഇന്ന് ജീവിതത്തിൽ എടുക്കുന്ന വളരെ ചെറിയ തീരുമാനങ്ങളിൽ ഒന്നാവാം ഇന്നോ അല്ലെങ്കിൽ നാളെയോ നമ്മുടെ ജീവിതത്തിൽ വളരെ വലിയൊരു മാറ്റം ഉണ്ടാക്കാൻ കാരണമാകുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!