അടുത്ത ഏപ്രിലോടെ രാജ്യത്ത് ഓക്സ്ഫോർഡ് വാക്സിൻ ലഭ്യമാകും; രണ്ട് ഡോസിന് പരമാവധി ആയിരം രൂപയെന്ന് സെറം മേധാവി
കൊവിഡ് വാക്സിൻ സുരക്ഷിതവും രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കാവുന്നതുമാണെന്നു അഡാര്‍ പൂനാവാല ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഓക്സ്ഫോർഡ് വാക്സിൻ അടുത്ത ഏതാനും മാസങ്ങളിൽ ലഭ്യമാകുമെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാല. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും ഫെബ്രുവരിയോടെയും പൊതു ജനങ്ങൾക്ക് ഏപ്രിലിലും വാക്സിൻ ലഭ്യമാകുമെന്നു സെറം മേധാവി വ്യക്തമാക്കി. രണ്ട് ഡോസിന് പരമാവധി ആയിരം രൂപയാകും വില. അന്തിമ ഫലവും റെഗുലേറ്ററി അംഗീകാരങ്ങളും അടിസ്ഥാനമാക്കി ഇത് നിശ്ചയിക്കും. 2024 ലോടെ എല്ലാ ഇന്ത്യക്കാർക്കും കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് നൽകുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ പൂനാവാല പറഞ്ഞു.
എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ ലഭ്യമാകണമെങ്കിൽ രണ്ടോ മൂന്നോ വർഷമെടുക്കും. വിതരണത്തിനുള്ള തടസങ്ങൾ മാത്രമല്ല ബജറ്റ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ കാര്യങ്ങളും ആവശ്യമാണ്. ഇത് കൂടാതെ ആളുകൾ വാക്സിൻ എടുക്കാൻ തയ്യാറാവണമെന്നും അഡാര്‍ പൂനാവാല ചൂണ്ടിക്കാട്ടി. ആളുകൾ രണ്ട് ഡോസ് വാക്സിൻ എടുക്കാൻ തയ്യാറാകുകയാണെങ്കിൽ 2024 ലോടെ എല്ലാവർക്കും വാക്സിൻ ഉറപ്പു വരുത്താൻ സാധിക്കും. ' വലിയ അളവിൽ വാങ്ങുന്നതിനാൽ സർക്കാരിന് മൂന്നോ നാലോ ഡോളർ നിരക്കിൽ കുറഞ്ഞ വിലയ്ക്ക് വാക്സിൻ ലഭിക്കും...വിപണിയിലുള്ള മറ്റു വാക്സിനുകളെ അപേക്ഷിച്ചു വളരെ കുറഞ്ഞ വിലയ്ക്കാണ് വാക്സിൻ ലഭ്യമാക്കുന്നത്'.
പ്രായമായവരിൽ രോഗ പ്രതിരോധ ശേഷി സൃഷ്ടിക്കാൻ ഓക്സ്ഫോർഡ് വാക്സിന് സാധിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 70 വയസിന് മുകളിൽ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിലാണ് ഓക്സ്ഫോർഡുമായി ചേർന്നു ആസ്ട്രസെനക നിർമിക്കുന്ന വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞത്. അവസാനഘട്ട പരീക്ഷണത്തിൻ്റെ ഫലങ്ങൾ ക്രിസ്മസോടെ പുറത്തു വിടാനാകുമെന്നാണ് കരുതപെടുന്നത്. രോഗ പ്രതിരോധ ശേഷി ദീർഘ കാലം നിലനിന്നേക്കുമെന്നു ടി സെല്ലുകളുടെ പ്രതികരണം സൂചിപ്പിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ ഉറപ്പു പറയാനാവില്ലെന്നും പൂനാവാല വ്യക്തമാക്കി.
ഏകദേശം ഒന്നര മാസത്തിനുള്ളിൽ ഇന്ത്യയിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലം പുറത്തുവരും. വാക്സിൻ ഫലപ്രാപ്തിയും മറ്റും അറിയാൻ സാധിക്കും. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് വൈകിയേക്കും. സുരക്ഷിതമാണെന്നു ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ നൽകാനാവുകയുള്ളുവെന്നും പൂനാവാല പറഞ്ഞു. കൊവിഡ് വാക്സിൻ സുരക്ഷിതവും രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കാവുന്നതുമാണെന്നു അഡാര്‍ പൂനാവാല ചൂണ്ടിക്കാട്ടി. ഫെബ്രുവരി മുതൽ പ്രതിമാസം 10 കോടി ഡോസുകൾ ഉൽപാദിപ്പിക്കാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ശ്രമിക്കുന്നത്. 2021 ലെ ആദ്യ പാദത്തിൽ 30-40 കോടി ഡോസുകൾ ലഭ്യമാകുമെന്നും പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!