ഭൂമിയുടെ സൂക്ഷ്മ ചിത്രങ്ങളെടുക്കും കാര്‍ട്ടോസാറ്റ് 3, ധ്രുവങ്ങള്‍ക്ക് അരികിലൂടെ ഭൂമിയെ ചുറ്റി സഞ്ചാരം
2005ലാണ് ആദ്യത്തെ കാര്‍ട്ടോസാറ്റ് ഉപഗ്രഹം ഇന്ത്യ വിക്ഷേപിക്കുന്നത്, കാര്‍ട്ടോസാറ്റ് 1. ഏതാണ്ട് 126 ദിവസംകൊണ്ട് ഭൂമിയുടെ മുഴുവന്‍ പ്രദേശത്തെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിനാകുമായിരുന്നു. ഇപ്പോൾ കാർട്ടോസാറ്റ് 3 ഇന്ത്യ വിക്ഷേപിച്ചിരിക്കുന്നു. കാർട്ടോസാറ്റിനെ കുറിച്ച് നവനീത് കൃഷ്ണൻ എഴുതുന്നു
ഭൂമിയെ നിരീക്ഷിക്കാനും മാപ്പുകള്‍ അടക്കമുള്ളവ തയ്യാറാക്കാനുമായി നിരവധി ഉപഗ്രഹങ്ങളാണ് മനുഷ്യര്‍ വിക്ഷേപിച്ചിട്ടുള്ളത്. ഉപഗ്രഹങ്ങളുടെ വരവോടെ നഗരാസൂത്രണവും ഭൂവിനിയോഗവും അടക്കമുള്ള അനേകം കാര്യങ്ങള്‍ ഏറെ ലളിതമായിത്തീര്ന്നിട്ടുണ്ട്. ഇന്ത്യയും ഇക്കാര്യത്തില്‍ പുറകോട്ടില്ല. കാര്‍ട്ടോസാറ്റ് എന്നറിയപ്പെടുന്ന ഉപഗ്രഹങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യയെ സഹായിക്കുന്നത്.
ഏറ്റവും പുതിയ കാര്ട്ടോസാറ്റുമായി ഇന്നലെ (ബുധനാഴ്ച) രാവിലെ പി എസ് എല്‍ വി സി -47 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇസ്രോയുടെ ( ഐ എസ് ആർ ഒ) ഏറ്റവും വിശ്വസ്തമായ റോക്കറ്റാണ് പി എസ് എല്‍ വി. ഒരിക്കല്‍ക്കൂടി ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ പിഎസ്എല്‍വിക്ക് കഴിഞ്ഞു. കാര്‍ട്ടോസാറ്റ് 3 എന്ന ഉപഗ്രഹം മാത്രമായിരുന്നില്ല റോക്കറ്റില്‍ ഉണ്ടായിരുന്നത്. അമേരിക്കയുടെ പതിമൂന്ന് ഉപഗ്രഹങ്ങള്‍കൂടി കാര്‍ട്ടോസാറ്റിനൊപ്പം ബഹിരാകാശം തൊട്ടു. വാണിജ്യപരമായ ഇത്തരം വിക്ഷേപണങ്ങള്‍ ഇപ്പോള്‍ ഇസ്രോയ്ക്ക് ഒരു വരുമാനമാര്‍ഗ്ഗം കൂടിയാണ്.
കാര്‍ട്ടോസാറ്റ്
ഇന്ത്യയുടെ റിമോട്ട് സെന്‍സിങ് സാറ്റ്ലൈറ്റുകളുടെ (IRS) തുടര്‍ച്ചയാണ് ഇപ്പോഴുള്ള കാര്‍ട്ടോസാറ്റ് സീരീസ്. ഭൂമിയുടെ സൂക്ഷ്മമായ ചിത്രങ്ങളെടുക്കാന്‍ കഴിയുംവിധം മികവേറിയ ഉപകരണങ്ങളാണ് കാര്ട്ടോസാറ്റിലുള്ളത്. 30സെന്റിമീറ്ററില്‍ താഴെയാണ് ഇന്നലെ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 3 ന്റെ റസല്യൂഷന്‍. അതായത് ഭൂമിയില്‍ 30സെന്റി മീറ്ററില്‍ താഴെയുള്ള രണ്ടു വസ്തുക്കളെവരെ വേര്‍തിരിച്ച് കാണാന്‍ കഴിയുന്ന മികവ്.
509കിലോമീറ്റര്‍ ഉയരെയുള്ള ഓര്‍ബിറ്റിലാണ് കാര്‍ട്ടോസാറ്റ് 3നെ വിക്ഷേപിച്ചിരിക്കുന്നത്. ഏതാണ്ട് ഭൂമിയുടെ രണ്ടു ധ്രുവങ്ങള്‍ക്കും അരികിലൂടെയാവും കാര്‍ട്ടോസാറ്റ് ഭൂമിയെ ചുറ്റുക. സണ്‍ സിക്രണസ് ഓര്‍ബിറ്റ് എന്നാണ് ഈ പരിക്രമണപഥത്തിന് പറയുന്ന പേര്. എല്ലായ്പ്പോഴും സൂര്യപ്രകാശം കിട്ടുന്ന രീതിയിലാണ് ഈ ഓര്‍ബിറ്റ്.
2005ലാണ് ആദ്യത്തെ കാര്‍ട്ടോസാറ്റ് ഉപഗ്രഹം ഇന്ത്യ വിക്ഷേപിക്കുന്നത്, കാര്‍ട്ടോസാറ്റ് 1. ഏതാണ്ട് 126 ദിവസംകൊണ്ട് ഭൂമിയുടെ മുഴുവന്‍ പ്രദേശത്തെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിനാകുമായിരുന്നു. കാര്‍ട്ടോസാറ്റ് 3നെ അപേക്ഷിച്ച് ചിത്രങ്ങളുടെ റസല്യൂഷന്‍ വളരെ കുറവായിരുന്നു എന്നു മാത്രം. 2.5മീറ്റര്‍ എങ്കിലും വലിപ്പമുള്ള രണ്ടു വസ്തുക്കളെ വേര്‍തിരിച്ചറിയാന്‍ മാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ. കാര്‍ട്ടോസാറ്റ് 1ന്റെ തുടര്‍ച്ചയെന്നോണം 2007ല്‍ കാര്‍ട്ടോസാറ്റ് 2 എന്ന ഉപഗ്രഹവും ഇന്ത്യ വിക്ഷേപിച്ചു. പിന്നീട് കാര്‍ട്ടോസാറ്റ് 2ന്റെ തന്നെ വകഭേദങ്ങളായ കാര്‍ട്ടോസാറ്റ് 2A, കാര്‍ട്ടോസാറ്റ് 2B, കാര്‍ട്ടോസാറ്റ് 2C, കാര്‍ട്ടോസാറ്റ് 2D, കാര്‍ട്ടോസാറ്റ് 2E, കാര്‍ട്ടോസാറ്റ് 2F എന്നിവയും വിവിധ വിക്ഷേപണങ്ങളിലായി ഭൂമിക്ക് ചുറ്റുമെത്തി. സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമുള്ളവയും ഇതിലുണ്ടായിരുന്നു.
1625 കിലോഗ്രാമാണ് കാര്‍ട്ടോസാറ്റ് 3ന്റെ ഭാരം. കാര്ട്ടോസാറ്റുകളില് ഏറ്റവും ഭാരംകൂടിയ ഒന്ന്. 2000വാട്സ് വൈദ്യുതി നല്കാന് കഴിയുന്ന സോളാര്‍ പാനലുകളാണ് കാര്‍ട്ടോസാറ്റ് 3ന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുക. അഞ്ചുവര്‍ഷമാണ് പ്രവര്‍ത്തനകാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ വിക്ഷേപിച്ച ഭൂനിരീക്ഷണ ഉപഗ്രഹങ്ങളില്‍ ഏറ്റവും സങ്കീര്‍ണ്ണവും ആധുനികവുമായ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് 3 എന്നാണ് ഇസ്രോ ചെയര്മാന് ഡോ. കെ ശിവന് അഭിപ്രായപ്പെട്ടത്. നഗരാസൂത്രണം, തീരദേശവികസനം തുടങ്ങി അനേകം മേഖലകളില്‍ കാര്‍ട്ടോസാറ്റ് 3 ന്റെ സേവനം പ്രയോജനപ്പെടുത്താനാകും.