വിദ്വേഷ ട്വീറ്റുകൾ, സ്പർദ്ധ വളർത്തൽ; നടി കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
ട്വീറ്റുകളിലൊക്കെ കങ്കണയും സഹോദരിയും മതത്തെ ഉപയോഗിക്കുന്നു. പാൽഘറിൽ സന്യാസിമാർ കൊല്ലപ്പെട്ട സംഭവം, അനധികൃത നിർമ്മാണം പൊളിച്ചതിനെ രാമക്ഷേത്രം പൊളിച്ചതിന് സമാനമാക്കി ബാബറും കൂട്ടാളികളും എന്ന് വിശേഷിപ്പിച്ചത്, മുംബൈയെ പാക് അധീന കശ്മീരുമായി താരത്മ്യം ചെയ്തത് എന്നിങ്ങനെ നിരവധി ട്വീറ്റുകളും ഉദാഹരണമായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ബോളിവുഡ് താരം കങ്കണ റണൗത്തിനും സഹോദരി രങ്കോലി ചാണ്ഡലിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഹിന്ദു-മുസ്ലിം സമുദായത്തിലെ അംഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നി കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുക്കുക. കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനവറലി സയ്യിദ് നൽകിയ ഹർജിയിലാണ് മുംബൈ ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ട്വിറ്റർ അടക്കമുളള സാമൂഹിക മാധ്യമങ്ങളിലൂടെ ബോളിവുഡിനെ കങ്കണ നിരന്തരം അപകീർത്തിപ്പെടുത്തുന്നതായി ഹർജിയിൽ പറയുന്നു. കങ്കണയും സഹോദരിയും സമൂഹത്തിൽ അറിയപ്പെടുന്നവരാണ്. ഇരുവർക്കും വലിയ ആരാധകവൃന്ദമുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ട്വീറ്റുകൾ നിരവധി പേരിലേക്ക് എത്തിച്ചേരും. ട്വീറ്റുകളിലൊക്കെ കങ്കണയും സഹോദരിയും മതത്തെ ഉപയോഗിക്കുന്നു. പാൽഘറിൽ സന്യാസിമാർ കൊല്ലപ്പെട്ട സംഭവം, അനധികൃത നിർമ്മാണം പൊളിച്ചതിനെ രാമക്ഷേത്രം പൊളിച്ചതിന് സമാനമാക്കി ബാബറും കൂട്ടാളികളും എന്ന് വിശേഷിപ്പിച്ചത്, മുംബൈയെ പാക് അധീന കശ്മീരുമായി താരത്മ്യം ചെയ്തത് എന്നിങ്ങനെ നിരവധി ട്വീറ്റുകളും ഉദാഹരണമായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഛത്രപതി ശിവജി മഹാരാജിനെയും റാണി ലക്ഷ്മി ഭായിയെയും കുറിച്ച് ആദ്യമായി സിനിമ നിർമ്മിച്ചതും താനാണെന്ന് ഇവർ അവകാശപ്പെടുന്ന കാര്യവും ഹർജിയിലുണ്ട്. ഇത്തരം ട്വീറ്റുകൾ വഴി ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ മതവിദ്വേഷം പ്രചരിപ്പിക്കാനാണ് കങ്കണയും സഹോദരിയും ശ്രമിച്ചത്. കൂടാതെ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരും വർഗീയ വാദികളും കൊലപാതകികളുമാണ് ബോളിവുഡിൽ ഉളളതെന്നും കങ്കണ ട്വീറ്റുകളിലൂടെ പറയുന്നു. ഇത് ജനങ്ങൾക്കിടയിൽ ബോളിവുഡിനെ സംബന്ധിച്ച് അവമതിപ്പ് ഉണ്ടാക്കുമെന്നും മുനവറലി സയ്യിദ് ഹർജിയിൽ വ്യക്തമാക്കുന്നു.
ഐപിസി 153എ, 295 എ, 124 എ എന്നി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കങ്കണയുടെ ട്വീറ്റുകൾ വിവാദമായതിനെ തുടർന്ന് ഇതേ ആരോപണങ്ങളിൽ ബംഗ്ളൂരു പൊലീസും കേസെടുത്തിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും വൈരാഗ്യവും പടർത്തുന്ന ട്വീറ്റുകൾ ചെയ്തതിനെ തുടർന്ന് കങ്കണയുടെ സഹോദരി രംഗോലിയുടെ ട്വിറ്റർ അക്കൗണ്ട് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!