സമൂഹത്തിന് ഏതൊക്കെ രീതിയിൽ ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാൻ കഴിയും?
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി നടത്തേണ്ട ആദ്യകാല ഇടപെടലുകൾ ഏതൊക്കെയാണെന്ന് കേരള ആരോഗ്യ സർവകലാശാല (കെ യു എച്ച് എസ് ) മുൻ വൈസ് ചാൻസലറും, നിംസ് - സ്പെക്ട്രം സി ഡി ആർ സി ഡയറക്ടറുമായ ഡോ. എം.കെ.സി നായർ വിശദീകരിക്കുന്നു.
കുട്ടിക്കാലം കടന്നുപോകുന്നത് വളരെ ലോലമായ മാനസികമായ ഘട്ടത്തിലൂടെയാണ്. ഈ കാലത്ത് അനുഭവിക്കുന്ന, അല്ലെങ്കിൽ സാക്ഷിയാകേണ്ടി വരുന്ന ചെറിയ ആഘാതങ്ങൾപോലും കുട്ടിക്കാലം കഴിഞ്ഞാലും പിന്തുടരുന്ന സാഹചര്യം പലരും അനുഭവിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ നിന്നും വിടുതൽ നേടുക എന്നത് പലപ്പോഴും വളരെ പ്രയാസകരമാണ്. പല കുട്ടികളും ദുരന്തങ്ങളെ നേരിടാറുണ്ട്. ദുരനുഭവങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങളുടെ ഫലമായി അവരുടെ മാനസിക ശാരീരിക വളർച്ചയുടെ താളം തെറ്റിയേക്കാം. കൗമാരക്കാരുടെയത്ര പോലും അതിജീവിക്കാൻ വേണ്ട മനഃശക്തി വികസിച്ചിട്ടില്ലാത്തതിനാൽ കുട്ടികളെ ദുരന്തങ്ങൾ സാരമായി ബാധിക്കാറുണ്ട് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഒരു വ്യക്തി ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടേക്കാം. അത്തരം പ്രശ്നങ്ങൾ മൂലം ജീവിതം കൂടുതൽ മോശമാകുന്നതിന് മുൻപ് തന്നെ അത് തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം നൽകാനാകണം. അതിനായി ഇത്തരം വിഷയങ്ങൾ കണ്ടെത്തി നേരത്തെ തന്നെ ഇടപെടേണ്ട ആവശ്യമുണ്ട്. അങ്ങനെ ഇടപെടാൻ സാധിച്ചാൽ ആ പ്രശ്നം സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കുന്നതിന് സഹായിച്ചേക്കാം. ഭിന്നശേഷിയുള്ള കുട്ടികളുടെ കാര്യത്തിൽ ഇത്തരത്തിലുള്ള ആദ്യകാല ഇടപെടലുകളും, അവർക്ക് പ്രയോജനപ്പെടുന്ന ആരോഗ്യ പദ്ധതികളും അവരുടെ ജീവിതം കുറെ കൂടി സുഗമമാക്കും. മാത്രമല്ല. രക്ഷിതാക്കളുടെ ജീവിതത്തെ കുറച്ചുകൂടെ ആയാസരഹിതമാക്കാനും ഇത് സഹായിച്ചേക്കാം.
പ്രശ്നങ്ങൾ നേരിടാൻ പ്രധാനമായിട്ടും ഉപയോഗിക്കേണ്ടത് ഒരു ബയോ സൈക്കോ-സോഷ്യൽ മോഡൽ ആണ് എന്ന് ഡോ. എം.കെ.സി നായർ പറയുന്നു. ഉദാഹരണത്തിന് ഈ മാതൃക അനുസരിച്ച് വിഷാദരോഗത്തിനുള്ള ചികിത്സയ്ക്കായി മൂന്ന് തലങ്ങൾ പരിഗണിക്കേണ്ടതുണ്ട്: 1) ബയോളജിക്കൽ- ന്യൂറോ ട്രാൻസ്മിറ്ററുകൾ (ഇതിന് മരുന്നുകളും തെറാപ്പിയും ആവശ്യമാണ്), 2) സൈക്കോളജിക്കൽ-കോഗ്നിറ്റീവ് പ്രശനങ്ങൾ (ഇതിന് കൗൺസിലിങ് ആവശ്യമാണ്), 3) കുടുംബത്തിന്റെയും കൂട്ടുകാരുടെയും പിന്തുണ.
ഇന്ത്യയിലെ ഭിന്നശേഷിക്കാർക്കുള്ള നിയമങ്ങളുടെയും നയങ്ങളുടെയും ചരിത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യ കാലങ്ങളിൽ ഈ വിഷയത്തെ തിരിച്ചറിയുന്നതിന് മനുഷ്യർക്ക് സാധിച്ചിട്ടില്ല. ഇത് നൈതികവും സാമൂഹികവും ആയ ഒട്ടേറെ പ്രശ്നങ്ങൾ അക്കാലത്ത് സൃഷ്ടിച്ചിരുന്നു. ഇന്നും അതിൽ നിന്നും ലോകം കാര്യമായി മുന്നോട്ട് പോയിട്ടില്ലെങ്കിലും പൊതുവായി ചില മുന്നേറ്റങ്ങൾ അല്ലെങ്കിൽ മാറ്റം ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. നിയമപരമായും നയപരമായും കുറേക്കൂടി വിശാലവും മനുഷ്യത്വപരവുമായി കാര്യങ്ങളെ കാണാൻ കഴിയുന്ന അവസ്ഥയിലേക്കുള്ള വഴികൾ തുറന്നു.
ഇന്ത്യയിലെ ഭിന്നശേഷിക്കാർക്കായുള്ള നിയമങ്ങളുടെ നയങ്ങളുടെയും ചരിത്രം ഇങ്ങനെ ചുരുക്കി പറയാം:
1. 1912ലെ മാനസികാരോഗ്യ നിയമം (Lunacy act )- ഭിന്നശേഷിയെ ഭ്രാന്ത് എന്ന തരത്തിൽ കണക്ക് കൂട്ടിയിരുന്ന അപരിഷ്കൃതമായ ഒന്നായിരുന്നു ഈ നിയമം.
2. 1987ലെ പരിഷ്കരിച്ച മാനസികാരോഗ്യ നിയമം ( Mental Health Act)
3. 1992ലെ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ആക്ട്
4. 2011ൽ ഭേദഗതി വരുത്തിയ ഭിന്നശേഷിയുള്ള വ്യക്തികൾക്കായുള്ള നിയമം (Person with Disability Act)
5. 1999 ലെ നാഷണൽ ട്രസ്റ്റ് ആക്ട്
6. 2010ൽ ഭേദഗതി വരുത്തിയ ജുവനൈൽ ജസ്റ്റിസ് ആക്ട്
7. 2009 ലെ സംയോജിത ശിശു സംരക്ഷണ പദ്ധതി ( Integrated Child Protection Scheme- ICPS)
8. ഭിന്നശേഷിക്കാർക്കുള്ള ദേശീയ കമ്മീഷൻ
9. ഭിന്നശേഷിക്കാർക്കുള്ള ദേശീയ നയം
ഭിന്നശേഷിയുള്ളവർക്ക് ഉള്ള അവകാശങ്ങൾ
ഇന്ത്യൻ ഭരണഘടന അനുസരിച്ച് എല്ലാ പൗരന്മാർക്കും തുല്യ നിയമവും തുല്യ പരിരക്ഷയും നൽകുന്നുണ്ട്. മാത്രമല്ല, ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനവും നിരോധിക്കുന്നുണ്ട്. വിവേചനത്തെ നിരോധിക്കുന്ന പിഡബ്ല്യുഡി ആക്ടിലെ അധ്യായം ഭരണഘടനയുടെ ആർട്ടിക്കിൾ 15, 16 എഫ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് കൂടാതെ ഭിന്നശേഷിയുള്ളവർക്ക് നൽകപ്പെടുന്ന മനുഷ്യാവകാശങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഭിന്നശേഷിയുള്ള വ്യക്തിക്ക് സൗജന്യ വിദ്യാഭ്യാസത്തിനും, സ്വകാര്യതക്കും, സമയബന്ധിതമായ വൈദ്യസഹായത്തിനും, നിയമ സഹായത്തിനും, അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും, ആരോഗ്യകരമായ ജീവിതാന്തരീക്ഷത്തിനുമുള്ള അവകാശവുമുണ്ട്.
കുട്ടികൾക്ക് വേണം അധിക ശ്രദ്ധ
ഭിന്നശേഷിയുള്ള വ്യക്തിക്ക് നിലനിൽക്കുന്ന സ്ഥിതിയിൽ നിന്നും പുനരധിവാസം അവശ്യമായിരിക്കും, അത് ആ വ്യക്തിയുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സഹായകമാകും. പലപ്പോഴും പുറമെ നിന്ന് കാണാൻ സാധിക്കുന്ന പ്രശ്നങ്ങളെ മാത്രമേ, സമൂഹം പരിഗണിക്കുന്നുള്ളൂ എന്നത് പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇത് മൂലം ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന അദൃശ്യ സ്വഭാവവിശേഷങ്ങൾ അവഗണിക്കപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ പരിചരിക്കുമ്പോൾ ആരോഗ്യ പ്രശ്നത്തിൽ മാത്രം ശ്രദ്ധിക്കാതെ, അവർ അനുഭവിക്കുന്ന ബുദ്ധി വികാസം, ആശയവിനിമയം, ഭാഷാ പ്രാവീണ്യം, ചലനം എന്നിവയിൽ നേരിടുന്ന കാലതാമസവും ശ്രദ്ധിക്കണം. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ വിലയിരുത്താനും, അതിന്റെ തീവ്രത കുറക്കാൻ നേരത്തെ തന്നെ ഇടപെടാനും പ്രത്യേക അധ്യാപകർ അത്യാവശ്യമാണ്. ഒരു ദിവസം തന്നെ ഒട്ടെറെ കുട്ടികളെ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഉണ്ട്. അവരും മാനസിക സമ്മർദ്ദം അനുഭവിച്ചേക്കാം. അതിനാൽ സമൂഹത്തിൽ പ്രത്യേക അധ്യാപകർ, തെറാപ്പിസ്റ്റുകൾ എന്നിവർക്ക് അ അർത്ഥത്തിൽ പരിഗണന നൽകേണ്ടത് വളരെ പ്രധാനമാണ്.
കുട്ടികൾക്ക് ഉണ്ടാകാൻ സാധ്യത ഉള്ള പ്രധാന ന്യൂറോ ഡെവലപ്മെൻറ് പ്രശ്നങ്ങൾ:
1. ഇന്റലക്ച്വൽ ഡിസബിലിറ്റി
2. സെറിബ്രൽ പാൾസി
3. ന്യൂറോ മസ്കുലർ ഡിസോർഡേഴ്സ്
4. ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ്
5. സ്പീച്ച്, ലാംഗ്വേജ് ഡിസോർഡർ
6. എ ഡി എച് ഡി
7. കാഴ്ച പ്രശ്നങ്ങൾ
8. കേൾവി കുറവ്
9. പഠന വൈകല്യം
10. എപിലെപ്സി അഥവാ അപസ്മാരം
ഭിന്നശേഷിക്കാർ അനുഭവിക്കുന്ന തീവ്രതയും അതുമായി ബന്ധപ്പെട്ട കാരണങ്ങളും
മാനസിക, ശാരീരിക പരിമിതികളുടെ തീവ്രത മൂന്ന് തരത്തിലാണ് രേഖപ്പെടുത്താറ്. 85ശതമാനവും കണ്ടു വരുന്ന ഏറ്റവും കുറഞ്ഞ തീവ്രത പ്രധാനമായും പ്രേരണക്കുറവിൽ (lack of stimulation) നിന്നുണ്ടാകുന്നതാണ്. സമപ്രായക്കാരുമായും സമൂഹവുമായും മികച്ച ആശയവിനിമയം നടത്താൻ കുട്ടിയെ സഹായിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ഇതിന് വേണ്ടിയാണ് സർക്കാർ ഐസിഡിഎസ് അങ്കണവാടികൾ ആരംഭിച്ചിരിക്കുന്നത്. മിതമായ തീവ്രത ഹൈപ്പോക്സിയ (ജനനസമയത്ത് ഓക്സിജന്റെ അഭാവം), ഹൈപ്പോഗ്ലൈസീമിയ (ശരിയായ മുലയൂട്ടലിന്റെ അഭാവം), സെപ്റ്റിക് ഷോക്കുകൾ (വ്യക്തിശുചിത്വത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന അണുബാധ) എന്നിവ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. ഈ രംഗത്ത് മൊത്തം 10ശതമാനത്തിൽ ഇത് കണ്ടുവരുന്നുണ്ട്. കഠിനമായ തീവ്രത ജനിതക പ്രശ്നങ്ങൾ, ഗർഭാശയ അണുബാധകൾ (genetic disorders, metabolic and intrauterine infections) എന്നിവ കൊണ്ടാണുണ്ടാകുന്നത്.ഇങ്ങനെയുള്
കുട്ടിക്ക് മാനസിക ശാരീരിക പരിമിതികൾ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
കേരളത്തിൽ വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പരിമിതികൾ നേരിടുന്ന കുട്ടികൾ ഉള്ളത്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. ഇന്ത്യയിൽ 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ 10% കുട്ടികൾ മാനസിക ശാരീരിക പരിമിതികൾ നേരിടുന്നുണ്ട്. കുട്ടിയുടെ വികസന ഘട്ടങ്ങൾ ശരിയായ സമയത്താണ് സംഭവിക്കുന്നതെന്ന് ഉറപ്പാക്കണം. സോഷ്യൽ സ്മൈൽ (ചിരി) - 2 മാസം: മറ്റുള്ളവരെ നോക്കുമ്പോൾ കുട്ടി പുഞ്ചിരിക്കുന്നുണ്ടോ, മുന്നിൽ നിൽക്കുന്ന വ്യക്തിയെ കാണാനും തിരിച്ചറിയാനും കഴിയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. തലക്ക് പിന്നിൽ പിടിക്കേണ്ടത് - 4 മാസം, ഇരുപ്പ്- 8 മാസം, നിൽപ്പ് - 12 മാസം. ലളിതമായ പ്രവർത്തനങ്ങളിലൂടെ കുട്ടിക്ക് കാണാനും കേൾക്കാനും കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക.
ജനന ഭാരം കുറവുള്ള കുട്ടികൾ ചിലപ്പോൾ ബുദ്ധിപരമായ പരിമിതികൾ നേരിടാറുണ്ട്. എന്നാൽ മാതാപിതാക്കളോ മുത്തച്ഛനോ മുത്തശ്ശിയോ മുഖേന നേരത്തെ തന്നെ ഇടപെടൽ നടത്തിയാൽ ( അതായത് ചില കാര്യങ്ങൾക്ക് പ്രേരണ നൽകിയാൽ) കുഞ്ഞ് അനുഭവിക്കുന്ന ഒരുപാട് പരിമിതികൾ ഒരു പരിധിവരെ ഫലപ്രദമായി ചികിത്സിക്കാനോ, അതിന്റെ കാഠിന്യം കുറയ്ക്കാനോ സഹായിക്കും. ഭക്ഷണം കഴിക്കുക, പല്ല് തേക്കുക പോലുള്ള കാര്യങ്ങൾ കുട്ടികളെ തന്നെ ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് പ്രധാന കാര്യം. ഇതിൽ മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനമാണ്.
ഇത്തരം പ്രശ്നങ്ങൾ നേരിടാത്ത കുട്ടി കൂടി വീട്ടിൽ ഉണ്ടെങ്കിൽ ഭിന്നശേഷിയുള്ള കുട്ടിയുടെ പരിചരണ പ്രക്രിയയിൽ ആ കുട്ടിയെ കൂടി ഉൾപ്പെടുത്തുക. അവർ ചെയ്യുന്ന ചെറിയ സേവനങ്ങൾ പോലും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അഭിനന്ദിക്കുക. ഇത് അവരെ സന്തോഷിപ്പിക്കുമെന്ന് മാത്രമല്ല, സേവനം തുടരാൻ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പരിമിതി ഉള്ള കുട്ടിയെയാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നതെന്ന എന്ന തോന്നൽ ഉണ്ടാക്കരുത്. പകരം സഹോദരങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ, -പരിമിതികൾ, പ്രശ്നങ്ങൾ - എന്താണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുക.
ഭിന്നശേഷി മാതൃകകൾ
മാനസിക ശാരീരിക പരിമിതികൾ നേരിടുന്ന കുട്ടിയെ ചികിത്സിക്കാനും പിന്തുണയ്ക്കാനും പ്രധാനമായി മൂന്ന് മാതൃകകൾ ഉണ്ട്. ആദ്യത്തേത് മെഡിക്കൽ മോഡലാണ്. ഇതിൽ ഡോക്ടറാണ് പ്രധാന സേവന ദാതാവ്. അതിനൊപ്പം പുനരധിവാസ ചികിത്സക്ക് സഹായിക്കുന്ന ആരോഗ്യപ്രവർത്തകരും കുട്ടിയെ സഹായിക്കുന്നു.
രണ്ടാമത്തെ മാതൃക സാമൂഹിക മാതൃകയാണ്. ഈ മാതൃകയിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് അല്ല ശ്രദ്ധ നൽകുന്നത് മറിച്ച് ആ പരിമിതി കാരണം അവർ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങൾക്കാണ്. ഉദാഹരണത്തിന് ജീവിതം കുറെ കൂടി സുഗമമാക്കാൻ വീൽചെയർ പാത, ബ്രെയ്ലി ഭാഷ ലൈബ്രറി മുതലായവ ഒരുക്കുക, ഭിന്നശേഷിയുള്ളവർക്ക് തൊഴിൽ നൽകുക, അവരെ പരിപാടികളിൽ പങ്കെടുപ്പിക്കുക, അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇടം നൽകുക തുടങ്ങിയവ.
മൂന്നാമത്തെത് രക്ഷാകർതൃ മാതൃകയാണ്. പല്ല് തേയ്ക്കൽ, കുളിക്കൽ, ഭക്ഷണം കഴിക്കൽ, മുടി ചീകൽ മുതലായ ദൈനംദിന പ്രവർത്തനങ്ങൾ സ്വയം ചെയ്യാൻ മാതാപിതാക്കൾ കുട്ടിയെ പ്രോത്സാഹിപ്പിക്കണം. കുട്ടിക്ക് പരിമിതിയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് മറികടക്കാനുള്ള ഉപകരണങ്ങൾ നൽകി അവരെ സഹായിക്കണം.കുട്ടികൾക്ക് ശരിയായ വ്യായാമം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. സ്വതന്ത്രമായി ജീവിക്കാനുള്ള പഠന സൗകര്യങ്ങൾ വളർന്നു വരുമ്പോൾ ഒരുക്കി കൊടുക്കുക എന്നിവയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!