ഗാൽവാനിലെ സംഘർഷം ചൈന ആസൂത്രണം ചെയ്തത്; തെളിവ് ചൂണ്ടിക്കാട്ടി യുഎസ് പാനൽ റിപ്പോർട്ട്
ഗാൽവാനിൽ ചൈനീസ്, ഇന്ത്യൻ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നു മാസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം പുറത്തു വരുന്നത്.
കഴിഞ്ഞ ജൂണിൽ ഗാൽവാനിൽ നടന്ന സംഘർഷം ചൈന ആസൂത്രണം ചെയ്തതാണെന്നു യുഎസ് ഉന്നത സമിതിയുടെ റിപ്പോർട്ട്. മരണ സാധ്യത ഉൾപ്പടെ മുൻകൂട്ടി കണ്ടാണ് സംഘർഷം ആസൂത്രണം ചെയ്തതെന്നും ചില തെളിവുകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ (യുഎസ്സിസി) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏറ്റുമുട്ടലിന് ഏതാനും ആഴ്ച്ചകൾക്ക് മുൻപ് സംഘർഷത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പ്രസ്താവന ചൈനീസ് പ്രതിരോധ മന്ത്രി നടത്തിയത് ഇതിന് ഉദാഹരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗാൽവാനിൽ ചൈനീസ്, ഇന്ത്യൻ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നു മാസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം പുറത്തു വരുന്നത്. '2020 ജൂണിൽ രണ്ടു രാജ്യങ്ങളെയും തമ്മിൽ വേർതിരിക്കുന്ന യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പടിഞ്ഞാറൻ ലഡാക്ക് മേഖലയിലെ ഗാൽവാൻ താഴ്വരയിൽ ചൈനീസ്, ഇന്ത്യൻ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നു. മെയ് തുടക്കം മുതൽ വിവിധ മേഖലകളിലുണ്ടായ സംഘർഷത്തിന് പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 20 ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും (മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല) കൊല്ലപ്പെട്ടിരുന്നു. 1975 ന് ശേഷം ഇത് ആദ്യമായിട്ടാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടമാകുന്നത്', റിപ്പോർട്ടിൽ പറയുന്നു.
നീക്കത്തിലൂടെ പ്രദേശം പിടിച്ചെടുക്കാനായിരുന്നു ചൈനയുടെ ലക്ഷ്യമെങ്കിൽ അത് വിജയകരമായി ചൈനീസ് സർക്കാർ വിലയിരുത്തിയേക്കുമെന്നും എന്നാൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്നതിനോ അല്ലെങ്കിൽ അമേരിക്കയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നതിനോ ആണ് ചൈന ഉദ്ദേശിച്ചതെങ്കിൽ ആ നീക്കം ഫലപ്രദമായില്ലെന്നും ബ്രൂക്കിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫെലോ തന്വി മദനെ ഉദ്ധരിച്ചു റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റുമുട്ടൽ നടക്കുന്നതിന് രണ്ടാഴ്ച്ച മുൻപ് യുഎസ്-ചൈന പ്രശ്നത്തിൽ ഇന്ത്യ ഇടപെട്ടാൽ ഇന്ത്യയുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധത്തിന് കനത്ത പ്രഹരമേൽകുമെന്നു ചൈനീസ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസിൻ്റെ എഡിറ്റോറിയലിൽ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തിന് ഒരാഴ്ച്ച മുൻപ് ഗാൽവാൻ താഴ്വരയിൽ ആയിരത്തോളം സൈനികർക്കുള്ള ചൈനീസ് നിർമിതിയുള്ളതായി സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ കണ്ടെത്തിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!