മന്ത്രിസഭ അംഗീകരിച്ച പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടക്കുമോ?
അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററി തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേര് പട്ടികയ്ക്ക് പുറത്തായി. ഇന്ത്യന്‍ പൗരന്മാര് അല്ലാതായവര് രാജ്യത്തിന് പുറത്തുപോവുകയോ, പ്രത്യേക തടവറകളില്‍ കഴിയേണ്ടിവരികയോ ആകും ഇതിന്റെ ഫലം.
ബിജെപി അതീവ പ്രാധാന്യത്തോടെ കണക്കാക്കുന്ന പൗരത്വ ഭേദഗതി ബില്‍ (സിറ്റിസണ്‍ഷിപ് അമെന്‍ഡ്മെന്റ് ബില്‍) പാര്‍ലമെന്റ് നടപ്പ് സമ്മേളനത്തില്‍ തന്നെ പാസാക്കിയെടുത്തേക്കും. ബില്‍ പാസാക്കിയെടുക്കുക അഭിമാന പ്രശ്നമായാണ് ബിജെപി കണക്കാക്കുന്നത്. ജമ്മുകശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയതിന് സമാനമായ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് പൗരത്വ ഭേഗദതി ബില്‍.
കുടിയേറിയെത്തിയ മുസ്ലിങ്ങള്‍ അല്ലാത്ത മുഴുവന്‍ മതക്കാര്‍ക്കും ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ബംഗ്ലാദേശ്, പാകിസ്താന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയെത്തിയ മുസ്ലിം ഇതര മതക്കാരെയാണ് ഇതിന് പരിഗണിക്കുക. കേന്ദ്രമന്ത്രി സഭ അംഗീകാരം നല്കിയ ബില്‍ നിയമമാകണമെങ്കില്‍ ലോക് സഭയുടെയും രാജ്യസഭയുടെയും കൂടി അംഗീകാരം വേണം. പാസാക്കുന്നതോടെ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ കഴിയുന്ന നിരവധി മുസ്ലിങ്ങള്‍ പൗരന്മാര് അല്ലാതായി മാറും.
ഡിസംബര്‍ 10നകം ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാനാണ് തീരുമാനം. ലോക്സഭയില്‍ ബിജെപിക്ക് ബില്‍ അനായാസം പാസാക്കിയെടുക്കാനുള്ള ഭൂരിപക്ഷമുണ്ട്. രാജ്യസഭയില്‍, ജമ്മു കശ്മീര്‍ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍ ഉണ്ടായത് പോലെ എന്‍ഡിഎ ഇതര കക്ഷികളെ കൂടി ഒപ്പം നിര്‍ത്തേണ്ടിവരും. ആദ്യ മോദി സര്‍ക്കാര്‍, ഈ പൗരത്വ ബില്‍ ലോക്സഭയില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ലാപ്സാവുകയായിരുന്നു.
ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ, പാഴ്സി എന്നീ മതവിഭാഗത്തില്‍പെട്ടവര്‍ക്ക് എളുപ്പം പൗരത്വം ലഭിക്കുന്ന രീതിയിലാണ് ഭേദഗതി ബില്‍. ഇതില്‍ മുസ്ലിങ്ങള്‍ ഉള്‍പ്പെട്ടില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയിലേക്ക് മതിയായ രേഖകള്‍ ഇല്ലാതെ കുടിയേറിയെത്തിയ ഈ ആറുവിഭാഗങ്ങള്ക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവുകള്ലഭിക്കും. പക്ഷെ മുസ്ലിങ്ങളുടെ കാര്യത്തില്‍ ഈ പരിഗണന ലഭിക്കില്ല. 1955ലെ പൗരത്വം അനുവദിക്കുന്നതിന് പാസാക്കിയ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍.
നേരത്തെ തയ്യാറാക്കിയ കരട് ബില്ലില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ആ സംസ്ഥാനങ്ങളിലെ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് മാറ്റങ്ങളോടെയാണ് ബില്‍ അവതരിപ്പിക്കുന്നത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 2024ന് മുമ്പ് രാജ്യത്ത് പൗരത്വ രജിസ്റ്ററി തയ്യാറാക്കി മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പൗരത്വ പട്ടിക തയ്യാറാക്കുന്നതിന് മുമ്പ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ അറിയിച്ചതാണ്. പൗരത്വ പട്ടികയ്ക്കും പൗരത്വ ഭേദഗതി ബില്ലിനും എതിരെ അതിശക്തമായ പ്രതിഷേധം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉദ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായി ഇന്ത്യയില്‍ കഴിയുന്ന മുസ്ലിങ്ങളെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൗരത്വ പട്ടികയും പൗരത്വ ഭദഗതി ബില്ലും കൊണ്ടുവരുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററി തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേര് പട്ടികയ്ക്ക് പുറത്തായി. ഇന്ത്യന്‍ പൗരന്മാര് അല്ലാതായവര് രാജ്യത്തിന് പുറത്തുപോവുകയോ, പ്രത്യേക തടവറകളില്‍ കഴിയേണ്ടിവരികയോ ആകും ഇതിന്റെ ഫലം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!