'ശിവശങ്കറിനെ നിയമിച്ചത് പാർട്ടിയല്ല, അധികാരത്തിൽ വരുന്നതിന് മുൻപ് അറിയില്ല'; വ്യക്തിപരമായ ഇടപാടുകൾക്ക് സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് മുഖ്യമന്ത്രി
അഖിലേന്ത്യാ സര്‍വീസില്‍ ഉളള ആ ഉദ്യോഗസ്ഥന്റെ ബന്ധങ്ങളോ, വ്യക്തിപരമായ ഇടപെടലുകളോ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാകുന്നില്ല. അത് സര്‍ക്കാരിനെ ബാധിക്കുന്ന തരത്തിലായി എന്നായപ്പോള്‍ നടപടി എടുത്തു. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല.
വ്യക്തിപരമായ നിലയിൽ എം ശിവശങ്കർ നടത്തിയ ഇടപാടുകൾക്ക് സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തനിക്ക് ശിവശങ്കറിനെ അറിയില്ലായിരുന്നു. ശിവശങ്കറിന്റെ നിയമനത്തിൽ പാർട്ടി ഇടപെട്ടിട്ടില്ല. ഒരു ഘട്ടത്തിലും നിയമലംഘനത്തെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ
ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ശിവശങ്കറിനെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ വരുമ്പോള്‍ ചുമതലകള്‍ നല്കാന് ഉദ്യോഗസ്ഥരെ അന്വേഷിച്ചു.ആ ഘട്ടത്തില്‍ മുന്നില്‍ വന്ന പേരുകളില്‍ ഒന്നാണ് അത്. നേരത്തെ വ്യത്യസ്ത ചുമതലകളില്‍ പ്രവര്‍ത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ സംശയിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. വിവിധ സര്‍ക്കാരുകളുടെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ട്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ അന്ന് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല ഉണ്ടായിരുന്ന നളിനി നെറ്റോ ഐഎഎസിനെയാണ് നിയമിച്ചത്. ശിവശങ്കറിനെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും നിയമിച്ചു. നളിനി നെറ്റോ ചീഫ് സെക്രട്ടറി ആയപ്പോള്‍ വി.എസ് സെന്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ശിവശങ്കര്‍ സെക്രട്ടറി സ്ഥാനത്ത് ആയിരുന്നു. പിന്നീട് പ്രമോഷന് വന്നപ്പോഴാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ലഭിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ എല്ലാം വിശ്വസ്ഥരാണ്. അവിശ്വാസത്തിന്റെ പ്രശ്നം പ്രത്യേക കാരണങ്ങള്‍ ഇല്ലാതെ ഉദിക്കുന്നില്ല. വിവിധ ചുമതലകളില്‍ ഇരുന്ന ഉദ്യോഗസ്ഥന് എന്ന നിലയിലാണ് കണ്ടെത്തല്‍ ഉണ്ടായത്. പാര്‍ട്ടി നിര്‍ദേശിച്ചാണ് ശിവശങ്കറിനെ നിയമിച്ചത് എന്ന പ്രചാരണവും തെറ്റാണ്. പാര്‍ട്ടി അങ്ങനെ നിര്‍ദേശിക്കുന്ന പതിവ് ഇല്ല. അഖിലേന്ത്യാ സര്‍വീസില്‍ ഉളള ആ ഉദ്യോഗസ്ഥന്റെ ബന്ധങ്ങളോ, വ്യക്തിപരമായ ഇടപെടലുകളോ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാകുന്നില്ല. അത് സര്‍ക്കാരിനെ ബാധിക്കുന്ന തരത്തിലായി എന്നായപ്പോള്‍ നടപടി എടുത്തു. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല.
യുഎഇ കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥന് എന്ന നിലയില്‍ ശിവശങ്കര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകാം. ആ അവസരത്തില്‍ എംബസിയിലെ കോണ്‍സുല്‍ ജനറലും അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരുമായും പരിചയപ്പെടാനും ഇടപെടാനും അവസരം ഉണ്ടാകുകയും ചെയ്തിട്ടുണ്ടാകാം. സ്വാഭാവികമായും ചില യോഗങ്ങളില്‍ കോണ്‍സല്‍ ജനറലിനെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കണ്ടിട്ടുണ്ടാകാം. അതിന് സാധാരണ നടപടിക്ക് അപ്പുറമുളള മാനങ്ങള്‍ കാണുന്നത് ദുര്‍വ്യാഖ്യാനമാണ്. ക്രമവിരുദ്ധമായ ഒരു ഇടപാടും സര്‍ക്കാരോ രാഷ്ട്രീയ നേതൃത്വമോ നടത്തിയിട്ടില്ല. അങ്ങനെയൊന്നും ചൂണ്ടിക്കാണിക്കാന്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. വ്യക്തിപരമായ നിലയില്‍ ശിവശങ്കര്‍ നടത്തിയ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയുമല്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ നിയമപരമായോ, ധാര്‍മ്മികമായോ ഒരു ഉത്തരവാദിത്വവും സര്‍ക്കാരിന് ഇല്ല. ഒരു നിയമലംഘനത്തെയും ഒരു ഘട്ടത്തിലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുമില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!