എന്ത് അടിസ്ഥാനം?; സുരേന്ദ്രനല്ല പിണറായി വിജയന്; രൂക്ഷഭാഷയില്‍ മുഖ്യമന്ത്രിയുടെ മറുപടി
എന്ത് അടിസ്ഥാനം?; സുരേന്ദ്രനല്ല പിണറായി വിജയന്; രൂക്ഷഭാഷയില്‍ മുഖ്യമന്ത്രിയുടെ മറുപടി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അതിരൂക്ഷമായ ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് എന്ത് അടിസ്ഥാനാണ് ഉള്ളതെന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ മകളുമായി ബന്ധമുണ്ടെന്നും ശരിയായി അന്വേഷിച്ചാല്‍ ഒന്നാം പ്രതിയാവുക മുഖ്യമന്ത്രിയായിരിക്കുമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന് ആരോപിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.
സുരേന്ദ്രന്റെ ആരോപണത്തിന് മറുപടി പറയുന്നില്ലെന്ന് ആദ്യം പ്രതികരിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. മറുപടി പറയാതിരുന്നാല്‍ ഒരു വാര്‍ത്തയാകുമല്ലോ അതാകട്ടെ. കെ സുരേന്ദ്രനോട് പറയേണ്ടതുണ്ട്. അത് വാര്‍ത്താ സമ്മേളനത്തില്‍ പറയേണ്ടതല്ല. അങ്ങനെ പറയാന്‍ സുരേന്ദ്രനല്ല പിണറായി വിജയന്. അത് ഓര്‍ത്തോളണം.
ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യം വിളിച്ചുപറയുന്നു. എന്താണ് ആ മാനസികാവസ്ഥ. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. നിങ്ങള്‍ അതിന്റെ മഗഫോണ് മാത്രമാകരുതല്ലോ. സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു. എന്തും വിളിച്ചുപറയുന്നു. അതാണോ പൊതുരാഷ്ട്രീയത്തിലും സമൂഹത്തിലും വേണ്ടത്. സാധാരണ പാലിക്കേണ്ട മര്യാദകള്‍ ഇല്ലേ. എന്ത് അടിസ്ഥാനമാണ് ഉള്ളത്. വെറുതെ വെളിച്ചുപറയുകയാണോ.
ശുദ്ധ അപവാദം വിളിച്ചുപറയുമ്പോള്‍ അതിനെ അപവാദമായി കാണാന്‍ സമൂഹത്തിന് കഴിയണം. എന്തുകൊണ്ട് നിങ്ങള്‍ക്ക് അതിന് കഴിയുന്നില്ല. അനാവശ്യമായ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ എന്തിന് നിങ്ങള്‍ ഇതിന്റെ ഭാഗമാകണം. ആരോടും ഞാന്‍ പ്രകോപിതനാകുന്നില്ല. പക്ഷെ സാധാരണ ഗതിയില്‍ പാലിക്കേണ്ട മര്യാദകളുണ്ട്. അത് പാലിക്കണം. എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അത് ഗൗരവമായ ആരോപണം ആകുമോ. ഇന്നേവരെ ഉള്ള എന്തെങ്കിലും കാര്യത്തിന് വസ്തുത ഉണ്ടായിട്ടുണ്ടോ?
അഴിമതി തീണ്ടാത്ത ഗവണ്മെന്റ് എന്ന പ്രതിച്ഛായ ഇല്ലാതാക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഓരോരുത്തരുടെയും നിലവച്ച് മറ്റുള്ളവരെ അളക്കരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!