ഫുട്ബോളിന്റെ വീരേതിഹാസങ്ങളിലെ മുൻതലമുറകളിൽ ആൽഫ്രഡോ ഡി സ്റ്റെഫാനോയും പെലെയും മുതൽ പിൻതലമുറകളിൽ സിനദിൻ സിദാനും ലയണൾ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും വരെ അക്കങ്ങൾ കൊണ്ട് അയാളോട് മത്സരിച്ചേക്കാം. എന്നാൽ, എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും അയാൾ വിത്തുപാകി കൊയ്തെടുത്ത കൊടുങ്കാറ്റുകൾക്കു മുന്നിൽ സ്ഥിതിവിവരക്കണക്കുകൾക്കു പ്രസക്തിയില്ലാതെയാകുന്നു.
സച്ചിൻ ടെൻഡുൽക്കർ വിരമിച്ചതോടെ ക്രിക്കറ്റ് കളി കാണുന്നത് നിർത്തിയ എത്ര പേർ വേണമെങ്കിലുമുണ്ടാകും ചുറ്റിലും. പക്ഷേ, ഫുട്ബോളിൽ നിന്ന് വിരമിച്ച് 23 വർഷങ്ങൾക്കിപ്പുറവും ഡീഗോ മറഡോണ എന്ന മനുഷ്യൻ അർജന്റീനയ്ക്ക് ദശലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഗവേഷണ പ്രബന്ധങ്ങൾക്കു പോലും വിഷയമാകാൻ മാത്രം ആഴമുള്ളതാണ് പിൻതലമുറകളിൽ അയാൾ ചെലുത്തിയ സാംസ്കാരിക സ്വാധീനം, വിശേഷിച്ച് കേരളം പോലെ ഇടതുപക്ഷ ചിന്താധാര സജീവമായ പ്രദേശങ്ങളിൽ.
ഇന്നു നാൽപ്പതിന് താഴെ പ്രായമുള്ളവരാരും മറഡോണയുടെ നല്ലകാലം നേരിൽ കണ്ടിട്ടില്ല. വായനയിലൂടെയും വിഷ്വലുകളിലൂടെയും വളർന്നു പന്തലിച്ച ഒരു കൾട്ട് ഫിഗർ മാത്രമായിരുന്നു അവർക്കയാൾ. എന്നിട്ടു പോലും അവരിൽ പലരുടെയും പുസ്കത്താളുകൾക്കിടയിൽ ഇടം പിടിച്ച ആദ്യത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം അയാളുടേതായിരിക്കണം. 1990ലെ ലോകകപ്പ് കാലത്ത് പത്രത്താളുകളിൽ വിരിഞ്ഞുനിന്ന കുറിയ മനുഷ്യന്റെ മങ്ങിയ ചിത്രങ്ങൾ....

1986 ലോകകപ്പിലെ ഐതിഹാസിക പ്രകടനങ്ങളൊക്കെ അപ്പോഴേക്കും വീരേതിഹാസങ്ങളിൽ ഒരേട് മാത്രമായിക്കഴിഞ്ഞിരുന്നു. 1990ൽ മറഡോണ എന്ന ഒറ്റയാൾ പട്ടാളമായിരുന്നില്ല അർജന്റീന. 1994 ലോകകപ്പ് എത്തിയപ്പോഴേക്കും ഇതിഹാസത്തിന്റെ ജീർണതകൾ മറ്റെന്നത്തെക്കാൾ തീക്ഷണതയോടെ വെളിച്ചം കണ്ടു തുടങ്ങിയിരുന്നു. അർജന്റീനയെ മാത്രമല്ല, ഇറ്റലിയിലെ നാപ്പോളി എന്ന ഫുട്ബോൾ ക്ലബ്ബിനെയും ലോകത്തിനു ചിരപരിചിതമാക്കിയ ആ പേര് ഇറ്റലിയുടെ ശത്രുപക്ഷത്തായിക്കഴിഞ്ഞിരുന്നു. എങ്കിലും ഡീഗോയുടെ ടീമിനെ തോൽപ്പിച്ചവരുടെ നായകൻ എന്ന നിലയിൽ മാത്രം ജർമൻ ക്യാപ്റ്റൻ ലോതർ മത്യാസിന് ലോകമെങ്ങുമുള്ള അർജന്റീന ആരാധാകരുടെ മനസുകളിൽ വില്ലൻ പരിവേഷം ചാർത്തിക്കിട്ടിയിരുന്നു.

ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ ഏതോ നായകനെ ഓർമിപ്പിക്കും വിധം ദേവാസുര ഭാവങ്ങൾ സമഞ്ജസം ചാലിച്ചെടുത്ത മാജിക് റിയലിസം അയാളൊരു പ്രഭാവലയം പോലെ എപ്പോഴും കൂടെ കൊണ്ടുനടന്നു. വിരലുകൾക്കിടയിൽ എരിയുന്ന ചുരുട്ടുമായിരിക്കുന്ന മറഡോണയിൽ ഫിദൽ കാസ്ട്രോയെ കണ്ടവരേറെ, വലതുകൈയിൽ പച്ചകുത്തിയ ചെഗുവേരയുടെ ചിത്രം നെഞ്ചിലേക്ക് ഏറ്റുവാങ്ങിയവർ അതിലേറെ. ഫിദൽ ചെയ്യുന്നതെല്ലാം, ഷാവേസ് ചെയ്യുന്നതെല്ലാം, എന്നെ സംബന്ധിച്ച് ഏറ്റവും മികച്ചതെന്ന് പ്രഖ്യാപിച്ച മറഡോണയെ അവർ മടികൂടാതെ കൊമ്രേഡ് എന്നു വിളിച്ചു.

മറഡോണ കളി നിർത്തി കാലമേറെ കഴിഞ്ഞിട്ടും രക്തത്തിന് അർജന്റീനയുടെ ഇളം നീല നിറവുമായി പിന്നെയും ഒരുപാട് ആരാധകർ ജനിച്ചു. അതിനു കാരണം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും ക്ലോഡിയോ കനീഗിയയും ഏരിയൽ ഒർട്ടേഗയും യുവാൻ റോമൻ റിക്വൽമിയുമൊന്നുമായിരുന്നില്ല, ലയണൽ മെസ്സി പോലുമല്ല. മൂലനാമമായി, ഊർജത്തിന്റെ പ്രാഥമിക സ്രോതസായി അയാളുണ്ട്- ഡീഗോ അർമാൻഡോ മറഡോണ് ഫ്രാങ്കോ! ജീവിതം ജീവിച്ചു തന്നെ തീർത്തവൻ. പ്രതിച്ഛായയുടെ പൊയ്മുഖങ്ങൾ അയാളെ ഭയപ്പെടുത്തിയില്ല. നിലയ്ക്കാത്ത ചോദ്യങ്ങൾക്കു മുന്നിൽ തളർന്നില്ല, വിധിയെഴുത്തുകൾക്കു മുന്നിൽ നിസ്സഹായനായതുമില്ല. കാരണം, അയാൾക്കെന്നും ഒരൊറ്റ പക്ഷമേയുണ്ടായിരുന്നുള്ളൂ, സ്വന്തം ശരികളുടെ പക്ഷം. ദൈവമെന്ന വിശേഷണം തനിക്കു ചേരില്ലെന്ന് മറ്റാരെക്കാളും നന്നായറിഞ്ഞത് അയാൾ തന്നെയായിരുന്നു. വിശുദ്ധിയുടെ ചില്ലുകൂടുകൾ അയാളെ മോഹിപ്പിച്ചില്ല, എന്തെന്നാൽ അയാളുടെ ജീവിതാസക്തി അതിനൊക്കെ അപ്പുറത്തായിരുന്നു.

ബഹുവർണത്തിൽ ലോകം ടിവിയിലൂടെ കണ്ട ആദ്യത്തെ ലോകകപ്പായിരുന്നു 1986ലേത്. അവരിൽ ഏറെപ്പേർക്കും പെലെയുടെ ബ്രസീൽ കേട്ടുകേൾവി മാത്രമായിരുന്നു. അങ്ങനെയാണ് ഒരു തലമുറയുടെ വർണശബളമായ ഓർമകളിലേക്ക് ഇളം നീല നിറത്തിൽ മറഡോണയ്ക്കൊപ്പം അർന്റീനയും കുടിയേറിപ്പാർക്കുന്നത്. ആദ്യ പ്രണയം പോലെ അത് പരാജയങ്ങൾക്കും നിരാശകൾക്കുമപ്പുറം, ഓർക്കുമ്പോൾ നിലച്ചു പോകുന്ന ഒരു നെഞ്ചിടിപ്പ് പോലെ, കൂടെയുണ്ടാവും. പറഞ്ഞും കേട്ടും ഫുട്ബോളിന്റെ രാഷ്ട്രീയ ദർശനങ്ങൾ പഠിച്ചും തലമുറതലമുറകളായി കൈമാറിപ്പോരുന്നതാണ് ലാറ്റിനമേരിക്ക എന്ന വികാരം.
ഇനിയുമയാൾ ഇവിടെത്തന്നെയുണ്ടാകും, ഫുട്ബോൾ ലഹരിയിൽ ആരാധകരെ മത്തുപിടിപ്പിക്കാനല്ല, രുചി മറക്കാതിരിക്കാൻ ഇടയ്ക്കു നുണഞ്ഞു മാത്രം നോക്കാനുള്ള പുരാതനമായൊരു കുപ്പി വീഞ്ഞ് പോലെ; അങ്ങനെയുമൊരു രുചി ഇവിടെയുണ്ടായിരുന്നു എന്ന് ഓർത്തെടുക്കാൻ മാത്രം. ഫുട്ബോളിന്റെ വീരേതിഹാസങ്ങളിലെ മുൻതലമുറകളിൽ ആൽഫ്രഡോ ഡി സ്റ്റെഫാനോയും പെലെയും മുതൽ പിൻതലമുറകളിൽ സിനദിൻ സിദാനും ലയണൾ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും വരെ അക്കങ്ങൾ കൊണ്ട് അയാളോട് മത്സരിച്ചേക്കാം. എന്നാൽ, എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും അയാൾ വിത്തുപാകി കൊയ്തെടുത്ത കൊടുങ്കാറ്റുകൾക്കു മുന്നിൽ സ്ഥിതിവിവരക്കണക്കുകൾക്കു പ്രസക്തിയില്ലാതെയാകുന്നു.

ഫിസിക്കാലിറ്റി എന്നാൽ ഫിറ്റ്നസ് മാത്രമായിരുന്നില്ല മറഡോണയ്ക്ക്. പ്രായം 25 തികയും മുൻപേ വിരമിക്കലിലേക്കും പോലും നയിക്കാമായിരുന്ന ഒരു പരിക്കിൽനിന്ന് അയാൾ നടത്തിയ തിരിച്ചുവരവ് ശാരീരികം മാത്രമല്ല, മാനസികം കൂടിയായിരുന്നു. ഫിസിക്കാലിറ്റി എന്നാൽ അയാൾക്ക് കാലദേശങ്ങളെ സൃഷ്ടിക്കാനും വിടർത്താനും ചുരുക്കാനുമുള്ള അവിശ്വസനീയമായ ശേഷി കൂടിയായിരുന്നു. അങ്ങനെയൊന്ന് അതിനു മുൻപ് ലോകത്തിനു കാട്ടിത്തന്നത് മാർക്കേസായിരുന്നു, ഏകാന്തതയുടെ നൂറു വർഷങ്ങളിൽ, മക്കോണ്ടോ പട്ടണം സ്ഥാപിച്ച ബുവേൻഡിയമാരിലൂടെ. അങ്ങനെയാണ് ലാറ്റിനമേരിക്കൻ കൾട്ട് ക്ലാസിക് നായകൻമാരുടെ കൂട്ടത്തിൽ ഹൊസെ ആർക്കേഡിയോ ബുവേൻഡിയയ്ക്കൊപ്പം ഡീഗോ അർമാൻഡോ മറഡോണയും ഇടം പിടിക്കുന്നത്...!

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!