ലോകത്തെ ഏറ്റവും ഏകാന്തമായ ഇടം ക്രോസ് ബാറിന് കീഴിലാണെന്ന് പറയാറുണ്ട്. എങ്കിലും, ഗോള്‍ വല കുലുക്കുന്ന ഒരു പെനല്‍റ്റി കിക്കിലൂടെ ഗോളിക്ക് ഒന്നും നഷ്ടപ്പെടാനില്ല. തടഞ്ഞിടുന്ന ഓരോ കിക്കും അവന്റെ വീരേതിഹാസങ്ങളിലേക്ക് എഴുതിച്ചേര്‍ക്കുകയും ചെയ്യും. പക്ഷേ, പെനല്‍റ്റി നഷ്ടപ്പെടുത്തുന്നത് എത്ര വലിയ ഇതിഹാസ താരമായാലും പില്ക്കാലത്ത് അവര്‍ ഓര്മിക്കപ്പെടുമ്പോള് അതിലൊരു പ്രധാന താള് ആ നഷ്ടത്തെക്കുറിച്ചുള്ളതായിരിക്കും.
റോബര്‍ട്ടോ ബാജിയോ മുതല്‍ ലയണല്‍ മെസി വരെയുള്ളവര്‍ക്ക് മോചനമില്ലാത്ത പാപക്കറയുടെ പങ്കാണ് ഇപ്പോള്‍ ലൂയി സുവാരസും എടുത്തണിഞ്ഞിരിക്കുന്നത്. കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വെയുടെ തോല്‍വി സുവാരസിന്റെ ചുമലില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു, എഡിന്‍സണ്‍ കവാനിക്കൊപ്പം ഇതുവരെ ടീമിനെ ചുമലിലേറ്റിയതൊക്കെയും വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഇനിയവന് എതിരാളിയെ കടിച്ചവനും ഗോളാകേണ്ട പന്ത് കൈകൊണ്ടു തടുത്തവനും മാത്രമല്ല, പെനല്‍റ്റി നഷ്ടപ്പെടുത്തിയവന് കൂടിയാകുന്നു...ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ പത്തു പെനല്‍റ്റി നഷ്ടങ്ങളിലൂടെ:
1. റോബര്‍ട്ടോ ബാജിയോ, ഇറ്റലി
1994ലെ ലോകകപ്പ് റോബര്‍ട്ടോ ബാജിയോയുടെ ലോകകപ്പായിരുന്നു, ഫൈനലില്‍ പെനല്‍റ്റി കിക്ക് നഷ്ടപ്പെടുത്തുന്നതു വരെ. അവനില്ലായിരുന്നെങ്കില് അവര്‍ ഫൈനലില്‍ പോലുമെത്തില്ലായിരുന്നു എന്ന യുക്തിക്കൊന്നും പിന്നെ പ്രസക്തിയില്ലാതായി. ഷൂട്ടൗട്ടില്‍ ബ്രസീല്‍ 4-3 എന്ന നിലയില്‍ ലീഡ് ചെയ്യുമ്പോഴാണ് നാലാമത്തെ കിക്കെടുക്കാന്‍ ബാജിയോ വരുന്നത്. അപ്പോള്‍ പോലും ഇറ്റലിയുടെ രക്ഷകന് എന്നായിരുന്നു കമന്റേറ്ററുടെ വിശേഷണം. പക്ഷേ, ക്രോസ് ബാറിന് മുകളിലൂടെ പറന്ന പന്തിനൊപ്പം ലോകകപ്പ് ബ്രീസിലേക്ക് പോയി. പെനല്‍റ്റി സ്പോട്ടില്‍ നിര്‍നിമേഷനായി നോക്കിനിന്ന ബാജിയോയുടെ ഏകാന്തതയെ അപ്പോള്‍ മഞ്ഞപ്പടയാല് വലയം ചെയ്ത ബ്രസീലിയന്‍ ഗോളി ക്ലോഡിയോ ടഫറേലുമായി താരതമ്യം ചെയ്യാനേ കഴിയുമായിരുന്നില്ല.
2. ജോണ്‍ ടെറി, ചെല്‍സി
2008ലെ ചാംപ്യന്‍സ് ലീഗ് ഫൈനലായിരുന്നു അത്. ചെല്‍സിക്ക് ആദ്യമായി ചാംപ്യന്‍സ് ലീഗ് നേടിക്കൊടുക്കുന്ന ക്യാപ്റ്റന്‍ എന്ന ചരിത്രത്തിനും ടെറിക്കുമിടയില് ഒരു പെനല്‍റ്റി കിക്കിന്റെ അകലം മാത്രമാണുണ്ടായിരുന്നത്. പക്ഷേ, മോസ്കോയിലെ നനഞ്ഞ പുല്‍മൈതാനത്ത് കാലിടറിയ വിശ്വസ്തന്റെ കിക്ക് വലതു പോസ്റ്റിലാണ് ചെന്നു പതിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കൈകളിലുയര്ന്ന കിരീടം ടെറിയുടെ കണ്ണീര്‍ത്തുള്ളികളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
3. അസമോവ ഗ്യാന്‍, ഘാന
അസമോവ ഗ്യാന്‍ എന്ന പ്രതിഭാശാലിയായ നായകന് കീഴില്‍ ഘാന 2010 ലോകകപ്പില്‍ നടത്തിയത് സ്വപ്നസമാനമായൊരു കുതിപ്പായിരുന്നു. ലൂയി സുവാരസ് ഗോള്‍ ലൈനില്‍ പന്തു കൈകൊണ്ടു തടഞ്ഞ് ചുവപ്പു കാര്‍ഡും വാങ്ങി പുറത്തു പോകുമ്പോള്‍ ന്യായമായും ഘാനയ്ക്കൊരു പെനല്‍റ്റി അനുവദിക്കപ്പെട്ടിരുന്നു. എക്സ്ട്രാ ടൈം കഴിയാന്‍ അധികം സമയം ബാക്കിയില്ല. ഗ്യാനിന്റെ ആ പെനല്‍റ്റി ക്രോസ് ബാറില്‍ തട്ടിത്തെറിക്കാതിരുന്നെങ്കില് ലോകകപ്പ് സെമിയില്‍ കടക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ ടീമായി മാറുമായിരുന്നു ഘാന. ഷൂട്ടൗട്ടില്‍ തന്റെ കിക്ക് ലക്ഷ്യത്തിലെത്തിച്ചെങ്കിലും 4-2നു ജയിച്ച് ഉറുഗ്വെ മുന്നേറുന്നതു കണ്ടു നില്ക്കാന് മാത്രമായിരുന്നു അസമോവ ഗ്യാനിന്റെ നിയോഗം.
4. ഡേവിഡ് ബെക്കാം, ഇംഗ്ലണ്ട്
പെനല്‍റ്റി ഷൂട്ടൗട്ടുകളില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച ടീമാണ് ഇംഗ്ലണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയാനുള്ളത് അവരുടെ ഏറ്റവും ആഘോഷിക്കപ്പെട്ട കളിക്കാരന്റെ, ഡേവിഡ് ബെക്കാമിന്റെ നഷ്ടവും. 2004ലെ യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലായിരുന്നു അത്. 1990 ലോകകപ്പ് സെമിയിലും 1996 യൂറോ കപ്പ് സെമിയിലും ജര്‍മനിക്കെതിരേയും, 1998ല്‍ അര്‍ജന്റീനയ്ക്കെതിരേയും തകര്‍ന്ന ആരാധക ഹൃദയങ്ങള്‍ക്ക് ആശ്വാസം തേടിയാണ് അന്നവര്‍ പോര്‍ച്ചുഗലിനെതിരേ ഷൂട്ടൗട്ടിനിറങ്ങിയത്. ഇതേ ടൂര്‍ണമെന്റിലടക്കം അതിനു മുന്‍പെടുത്ത രണ്ടു ഷോട്ടുകളും നഷ്ടപ്പെടുത്തിയ ബെക്കാമിന് ഇക്കുറിയും പിഴച്ചു. കാല് വഴുതിയതു പോലെ തോന്നിച്ച റണ്ണപ്പിനൊടുവില്‍ തൊടുത്ത കിക്ക് ക്രോസ് ബാറിന് മുകളിലൂടെ ഉയര്‍ന്നു പോയി. 6-5നു ഷൂട്ടൗട്ട് ജയിച്ച് പോര്‍ച്ചുഗല്‍ മുന്നേറി. 2006ലെ ഇനിയൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ കൂടി പോര്‍ച്ചുഗലിനു മുന്നില്‍ ഇംഗ്ലണ്ടിന്റെ പെനല്‍റ്റി ദുരന്തം ആവര്‍ത്തിച്ചു. 2012 യൂറോ കപ്പില്‍ ഇറ്റലിക്കെതിരേയും തനിയാവര്‍ത്തനം.
5. നെയ്മര്‍, ബ്രസീല്‍
ആധുനിക ഫുട്ബോളിലെ മഹാരഥന്മാരുടെ പട്ടികയില്‍ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമൊപ്പം ഒരിക്കല്‍ ഇടം തേടിയിരുന്ന നെയ്മര്‍ക്കും ഈ പെനല്‍റ്റി നഷ്ടപ്പട്ടികയില്‍ നിന്ന് മോചനമില്ല. ലോകകപ്പല്ല, അതൊരു അന്താരാഷ്ട്ര സൗഹൃദ മത്സരം മാത്രമായിരുന്നു, കൊളംബിയയ്ക്കെതിരേ. സ്കോര്‍ 1-1 എന്ന നിലയില്‍ നില്ക്കുമ്പോള് ബ്രസീലിന് വീണു കിട്ടിയ പെനല്‍റ്റി എടുത്തത് നെയ്മര്‍. ഗ്യാലറിയുടെ ഏറ്റവും മുകളിലെ തട്ടില്‍ വരെ എത്തും വിധം എന്തു കിക്കാണ് നെയ്മര്‍ അന്നതെടുത്തതെന്നത് ഇന്നും അജ്ഞാതം.
6. സെര്‍ജിയോ റാമോസ്, റയല്‍ മാഡ്രിഡ്
2012ലെ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദം. ബയേണ്‍ മ്യൂണിച്ചിനെ റയല്‍ 2-1ന് തോല്‍പ്പിച്ചെങ്കിലും അഗ്രഗേറ്റ് സ്കോര്‍ ഒപ്പമായതോടെ കളി ഷൂട്ടൗട്ടിലേക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും കക്കയ്ക്കും മാന്വല്‍ ന്യൂയര്‍ എന്ന മനുഷ്യ മതിലിനെ കീഴടക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിര്‍ണായക കിക്കെടുക്കാന്‍ നിയോഗിക്കപ്പെട്ടത് റാമോസ്. അതെ, പെനല്‍റ്റി മാസ്റ്റര്‍ എന്ന വിളിപ്പേരിനര്‍ഹനായ സെര്‍ജിയോ റാമോസ്. പെനല്‍റ്റി കണ്‍വേര്‍ഷനില്‍ 90 ശതമാനത്തിലധികം സക്സസ് റേറ്റുള്ള താരം. പക്ഷേ, അടി തെറ്റിയാല്‍ റാമോസും വീഴും. കിക്ക് ക്രോസ് ബാറിന് മുകളിലൂടെ മൂളിപ്പറന്നു, ബയേണ്‍ ഫൈനലിലേക്കും.
7. ഡേവിഡ് ട്രെസഗെ, ഫ്രാന്‍സ്
പെനല്‍റ്റികള്‍ പാഴാക്കുന്നത് ഫൈനലുകളിലാകുമ്പോള് നഷ്ടത്തിന്റെ തോത് കൂടും, ഫൈനല്‍ ലോകകപ്പിന്റേതാകുമ്പോള് പിന്നെയും കൂടും. ബാജിയോയെപ്പോലെ ഫ്രാന്‍സിന്റെ ട്രെസഗെയ്ക്കു സംഭവിച്ചതും അതു തന്നെയായിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട 2006 ലോകകപ്പ് ഫൈനല്‍. അഞ്ച് കിക്കും ലക്ഷ്യത്തിലെത്തിച്ചു നില്ക്കുന്ന ഇറ്റലി. ഫ്രാന്‍സിന് വേണ്ടി അവസാന കിക്കെടുക്കാന്‍ വരുന്നത് ട്രെസഗെ. പന്തു പതിച്ചത് ക്രോസ് ബാറില്‍, ലോക കിരീടം വീണ്ടും ഇറ്റലിയുടെ കൈകളില്‍.
8. യുവാന്‍ റോമല്‍ റിക്വല്‍മി, വിയ്യാറയല്‍
ഡീഗോ മറഡോണയ്ക്കും ലയണല്‍ മെസിക്കുമിടയില് സംഭവിക്കാതെ പോയ പരിവര്‍ത്തനമായിരുന്നു റിക്വല്‍മി. ക്ലബ്ബിലെ വമ്പനെന്ന പേരു മാത്രം ബാക്കി. റിക്വല്‍മി എന്ന പ്ലേമേക്കറുടെ പ്രതിഭാ ധാരാളിത്തം കണ്ട സീസണായിരുന്നു 2005-06. വിയ്യാ റയല്‍ എന്ന രണ്ടാം നിര ക്ലബ്ബിനെ ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്തിച്ചുകൊണ്ടാണ് അര്ജന്റീനക്കാരന് അന്ന് വിസ്മയം തീര്‍ത്തത്. അവിടെ രണ്ടാം പാദത്തില്‍ ആഴ്സനലിനെതിരായ മത്സരം കഴിയാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ വിയ്യാറയലിന് അനുകൂലമായി വിധിക്കപ്പെടുകയാണ് ഒരു പെനല്‍റ്റി. അതു ഗോളായാല്‍ കളി എക്സ്ട്രാ ടൈമിലേക്കു നീട്ടാം, ജയിച്ചാല്‍ ഫൈനലിലേക്കു മാര്‍ച്ച് ചെയ്യാം. പക്ഷേ, റിക്വല്‍മിയുടെ മനസ് വായിച്ചെന്ന പോലെ ആഴ്സനലിന്റെ ജര്‍മന്‍ ഗോളി യെന്‍സ് ലെഹ്മാന്റെ ഡൈവ് കിറുകൃത്യമായിരുന്നു, ഹീറോ ആയത് ലെഹ്മാന്, വീരനായകന്റെ പതനം കണ്ടത് റിക്വല്മിയിലും.
8. റൗള്‍, സ്പെയ്ന്‍
2000ത്തിലെ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. ഒരു ഗോളടിച്ചാല്‍ പുറത്താകല്‍ ഒഴിവാക്കാമെന്ന അവസ്ഥയിലാണ് ഫ്രാന്‍സിനെതിരേ സ്പെയിനിന് ആ പെനല്‍റ്റി അനുവദിക്കപ്പെടുന്നത്. സ്പാനിഷ് ഫുട്ബോളിന്റെ ഡാര്‍ലിങ് ആയിരുന്ന റൗളല്ലാതെ മറ്റൊരു ചോയ്സില്ല അപ്പോഴാ കിക്കെടുക്കാന്‍. എന്നാല്‍, ഫാബിയന്‍ ബാര്‍ത്തേസ് കാത്ത അന്നത്തെ ലോക ചാംപ്യന്മാരുടെ വലയ്ക്ക് ഒരുപാട് ഉയരത്തിലൂടെ പിഴച്ചു പോയൊരു കിക്കായി റൗളിന്റെ ഷോട്ട് അവശേഷിച്ചു. ലോകകപ്പും യൂറോ കപ്പും ഒരുമിച്ചു കൈവശം വയ്ക്കാന്‍ ഫ്രാന്‍സിനെ പ്രാപ്തമാക്കിയത് റൗളിന്റെ ആ പിഴവ് കൂടിയായിരുന്നു.
9. സീക്കോ, ബ്രസീല്‍
യോഹാന്‍ ക്രൈഫിന്റെ ഹോളണ്ടിന് ശേഷം ലോകകപ്പ് നേടാന്‍ സാധിക്കാതെ പോയ ഏറ്റവും മികവുറ്റ ടീം ഏതാണെന്ന ചോദ്യത്തിന് 1986ലെ ബ്രസീല്‍ എന്നായിരിക്കും ഉത്തരം. പ്രതിഭകളുടെ ധാരാളിത്തമുള്ള സംഘമായിരുന്നു അത്. ആ ടീമിന് ഒരുപക്ഷേ, ലോകകപ്പ് നേടാനും സാധിക്കുമായിരുന്നു, അന്നത്തെ അവരുടെ സൂപ്പര്‍ താരം സീക്കോ ഫ്രാന്‍സിനെതിരായ ക്ലാസിക് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ നിര്‍ണായക പെനല്‍റ്റി കിക്ക് നഷ്ടപ്പെടുത്താതിരുന്നെങ്കില്‍. ബ്രസീലിന്റെ പ്ലേമേക്കര്‍ അന്ന് സബ്സ്റ്റിറ്റിയൂട്ടാണ് കളത്തിലിറങ്ങിയത്. തൊട്ടു പിന്നാലെ തന്നെ കിട്ടിയതായിരുന്നു ആ പെനല്‍റ്റി. ഫ്രഞ്ച് ഗോളി ജോയല്‍ ബാറ്റ്സിന്റെ കൈകളിലേക്ക് സീക്കോ ആ പന്ത് നേരേ അടിച്ചു കൊടുക്കുന്നതു കണ്ട ഗ്യാലറി മെക്സിക്കന്‍ വേനലിലും തണുത്തുറഞ്ഞു പോയി.
10. ലയണല്‍ മെസി, ബാഴ്സലോണ
മെസിയുടെ വിമര്‍ശകര്‍ എന്നും ആ മഹത്വവുമായി കൂട്ടിക്കെട്ടാറുള്ളതാണ് സമ്മര്‍ദം താങ്ങാനുള്ള കഴിവില്ലായ്മ. രാജ്യത്തിന് വേണ്ടിയുള്ള പ്രകടനം പ്രതീക്ഷയ്ക്കൊത്തുയരാത്തതും പെനല്‍റ്റി കിക്കുകള്‍ നഷ്ടപ്പെടുത്തുന്നതുമെല്ലാം അവരതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ട്. ടീമിന് ആവശ്യമുള്ള ഘട്ടത്തില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും അവര്‍ മെസിക്കെതിരേ ഉയര്‍ത്തിക്കാട്ടും.
അങ്ങനെയൊരു മെസി ഹേറ്റേഴ്സിന് ആഘോഷിക്കാന്‍ വീണു കിട്ടിയൊരു ദിവസമായിരുന്നു 2012ലെ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം നടന്ന ദിവസം. ചെല്‍സിയാണ് എതിരാളികള്‍. ക്യാപ്റ്റന്‍ ജോണ്‍ ടെറി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തി പോയതിനാല്‍ പത്തു പേരുമായാണ് അവരുടെ കളി. രണ്ടു ഗോളടിച്ചു കഴിഞ്ഞിരുന്നു ബാഴ്സ. ഒരെണ്ണം കൂടി നേടിയാല്‍ ഫൈനലില്‍. പക്ഷേ, പെനല്‍റ്റി പോലൊരു സുവര്‍ണാവസരം വീണു കിട്ടിയിട്ടും മെസിക്ക് മുതലാക്കാനായില്ല, പന്ത് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. പിന്നീട് ഒരു ഗോള്‍ കൂടി നേടിയ ചെല്‍സി ഫൈനലില്‍ ബയേണ്‍ മ്യൂണിച്ചിനെ നേരിടാന്‍ യോഗ്യതയും നേടി.