'ചിന്നപ്പംപ്പെട്ടി എക്സ്പ്രസ്', ഇന്ത്യയുടെ സ്വന്തം യോര്‍ക്കറുകളുടെ (നട)രാജന്
ഇരുപതാമത്തെ വയസിലാണ് തങ്കരസു ആദ്യമായി പ്രൊഫഷണല്‍ ക്രിക്കറ്റ് ബോള്‍ കൈയിലെടുക്കുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. പക്ഷേ അതാണ് സത്യം. അണ്ടര്‍-16, 17, 18, 23 ഒക്കെ കളിച്ച് ഇന്ത്യന്‍ ടീമിലെത്തുക, അല്ലെങ്കില്‍ ജില്ലാ, സംസ്ഥാന, ജൂനിയര്‍ സീനിയര്‍ തലത്തിലേക്ക് ഉയരുക തുടങ്ങിയ സാമ്പ്രദായിക രീതികളെ തകിടം മറിച്ചായിരുന്നു തങ്കരസുവിന്റെ യാത്ര.
1934ൽ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ എ.ജെ ഗോപാലന് മുതല്‍ ലക്ഷ്മീപതി ബാലാജിയും രവിചന്ദ്ര അശ്വനും വിജയ് ശങ്കറും വാഷിംഗ്ടണ്‍ സുന്ദറുമെല്ലാം തമിഴ്നാട്ടുകാര്‍ തന്നെ.! എന്നാല്‍ ഇന്ന് ഇന്ത്യന്‍ കായിക ലോകം അഭിമാനത്തോടെ പറയുന്ന മറ്റൊരു തമിഴന് കൂടിയുണ്ട്. 'നട്ടു'വെന്ന വിളിപ്പേരിലറിയപ്പെടുന്ന തങ്കരസു നടരാജന്! നമുക്കയാളെ 'ചിന്നപ്പംപ്പെട്ടി' എക്സ്പ്രസ് എന്നോ യോര്‍ക്കറുകളുടെ രാജനെന്നോ വിളിക്കാം.
പെലെ, മറഡോണ, സാദിയോ മനേ എന്നിങ്ങനെ ദുരന്തങ്ങളെയും ദാരിദ്രത്തെയും അതിജീവിച്ച നിരവധി പ്രതിഭകളുണ്ട് ലോക ഫുട്ബോളിൽ. തങ്കരസുവും അത്തരം ദാരിദ്ര്യത്തിന്റെയും പ്രതിസന്ധിയുടെയും നടുവിൽ നിന്നാണ് പിച്ചിലേക്ക് എത്തുന്നത്. ക്രിക്കറ്റ് പൊതുവെ 'എക്സ്പെന്‍സീവ്' കായിക വിനോദമായിട്ടാണ് പലരും വിലയിരുത്തിയിട്ടുള്ളത്. വിദഗ്ദ്ധ പരിശീലനവും കിറ്റുകളും ഉള്‍പ്പെടെയുള്ളവ പണം കൊടുത്ത് വാങ്ങാവുന്നവര്ക്ക് ബാല്യത്തില്‍ തന്നെ പ്രാപ്യമാണ് പലതും. ടെന്നീസ് ബോളില്‍ 500നും 1,000ത്തിനും മാത്രം ബെറ്റ് വെച്ച് കളിച്ചു വളര്ന്നവന് പ്രൊഫഷണല്‍ ക്രിക്കറ്റ് സ്വപ്ന ലോകമാണ്. ആ സ്വപ്ന ലോകം കയ്യെത്തി പിടിച്ചിരിക്കുകയാണ് തങ്കരസു.

വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കാണ് നടരാജന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന് നല്‍കിയത്. വീണുകിട്ടിയ അവസരത്തിൽ തന്നെ കഴിവ് തെളിയിച്ചു. നാല് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റെടുത്ത് നടരാജന് പുതിയ ചരിത്രമെഴുതി. മാന്‍ ഓഫ് ദി സീരിസ് പുരസ്കാരം ലഭിച്ച ഹാർദിക് പാണ്ഡ്യ അതിന് അർഹൻ നീയാണെന്ന് പറഞ്ഞുകൊണ്ട് പുരസ്കാരം തങ്കരസുവിന് നൽകി. അവാര്‍ഡ് ദാന ചടങ്ങിന് പിന്നാലെ ട്വന്റി20 സീരീസ് ട്രോഫി നായകന് വിരാട് കോഹ്ലി തങ്കരസുവിനാണ് സമ്മാനിച്ചത്. ഒരായിരം 'ചിന്നപ്പംപ്പെട്ടി'കളുടെ ചരിത്രം ആരംഭിക്കാന്‍ പോകുന്നതിന്റെ ആദ്യപടിയാണിത്.
പൊരുതി നേടിയ നീലക്കുപ്പായം!
1983 ജൂണ്‍ 25ന് ലോഡ്സിലെ മൈതാനത്ത് പതിനായിരങ്ങളെ സാക്ഷിയാക്കി കപില്‍ ദേവ് ലോകകപ്പ് ഉയര്‍ത്തിതോടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് പ്രണയവും ആരാധനയും ഗതിമാറിയൊഴുകുന്നത്. അഭിമാന നേട്ടത്തിന് എട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ, 1991 മെയ് 27ന് തമിഴ്നാട് സേലത്തിനടുത്തുള്ള ചിന്നപ്പംപ്പെട്ടി എന്ന ഗ്രാമത്തില്‍ തങ്കരസു നടരാജന് ജനിച്ചു. ഗ്രാമങ്ങളില്‍ പോലും ക്രിക്കറ്റിന്റെ സ്വാധീനം ഏറെയുണ്ടായിരുന്ന കാലഘട്ടം. അവധി ദിവസങ്ങളില്‍ വരുന്ന ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളെക്കാള്‍ വലുതൊന്നും സ്വപ്നം കാണാന്‍ പോലും കഴിയാത്തവനായിരുന്നു താനെന്ന് നടരാജന് അഭിമുഖങ്ങളില്‍ പറയുന്നുണ്ട്. പ്രതിഭകളെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും ഇന്ത്യയിലെ സംവിധാനങ്ങൾ തുടരുന്ന മെല്ലെപ്പോക്കാണ് നടരാജന്റെ വൈഭവത്തെ ലോകത്തിന് മുന്നിൽ നിന്ന് ഇത്രയുംനാൾ മറച്ചതെന്ന് പറയേണ്ടി വരും.

ഇരുപതാമത്തെ വയസിലാണ് തങ്കരസു ആദ്യമായി പ്രൊഫഷണല്‍ ക്രിക്കറ്റ് ബോള്‍ കൈയിലെടുക്കുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. പക്ഷേ അതാണ് സത്യം. അണ്ടര്‍-16, 17, 18, 23 ഒക്കെ കളിച്ച് ഇന്ത്യന്‍ ടീമിലെത്തുക, അല്ലെങ്കില്‍ ജില്ലാ, സംസ്ഥാന, ജൂനിയര്‍ സീനിയര്‍ തലത്തിലേക്ക് ഉയരുക തുടങ്ങിയ സാമ്പ്രദായിക രീതികളെ തകിടം മറിച്ചായിരുന്നു തങ്കരസുവിന്റെ യാത്ര. ചെന്നൈയില്‍ നടന്ന നാലാം ഡിവിഷനില്‍ അപ്രതീക്ഷിതമായി സെലക്ഷന് ലഭിച്ചു. പ്രതിഭയെ തിരിച്ചറിഞ്ഞ് തമിഴ്നാട് രഞ്ജി ടീമിലേക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നു. പിന്നീട് കിംഗ്സ് ഇലവന് പഞ്ചാബിന് വേണ്ടി ഐപിഎല്‍. ശേഷം സണ്‍റൈസേഴ്സ് ഹൈദരാബാദ്. 29ാമത്തെ വയസില്‍ ഇന്ത്യയുടെ ജഴ്സില് ആദ്യ മത്സരം.
ഇന്‍സ്റ്റാഗ്രാമില്‍ നടരാജനൊപ്പം ജയപ്രകാശ് എന്നൊരു പേരു കൂടിയുണ്ട്.! സേലത്തിനപ്പുറം വലിയ യാത്രകളൊന്നും ചെയ്യാത്ത തങ്കരസുവിനെ ചെന്നൈയിലെത്തിച്ച് പ്രൊഫഷണല്‍ ലോകത്തേക്ക് വഴിതെളിച്ച വ്യക്തിയാണ് ജയപ്രകാശ്. ഗുരുവെന്ന് ചേര്‍ത്തു പിടിക്കാന്‍ കഴിയുന്ന തങ്കരസുവിലെ പ്രതിഭയെ കണ്ടെത്തിയ ചിന്നപ്പംപ്പെട്ടിയിലെ മറ്റൊരു അദ്ഭുതം.

'ഞാന്‍ തന്നെയാണ് എന്റെ പേരിനൊപ്പം ജയപ്രകാശെന്ന പേര് കൂട്ടിച്ചേര്‍ക്കുന്നത്. ചെന്നൈയിലേക്ക് എന്നെ കളിക്കാന്‍ ആദ്യമായി കൊണ്ടുപോകുന്നത് അദ്ദേഹമാണ്. സേലത്തിനപ്പുറമുള്ള ലോകത്തേക്ക് വഴി പോലും നിശ്ചയമില്ലാതിരുന്ന എന്നിലേക്ക് ദിശാബോധം വിതറിയ വ്യക്തി. ഗ്രാമത്തിലുള്ളവര്‍ അവനെന്താ ഇങ്ങനെ കളിച്ചു നടക്കുന്നതെന്ന് കളിയാക്കുമായിരുന്നു. അഞ്ച് മക്കളില്‍ മൂത്തവനാണ്. കളിച്ചു നടന്നാല്‍ ആരാണ് വീട് നോക്കുകയെന്നും നാട്ടുകാര്‍ ചോദിക്കും. അച്ഛനും അമ്മയ്ക്കുമൊന്നും ക്രിക്കറ്റ് എന്താണെന്ന് അറിയില്ല. എന്നിലെ ഫാസ്റ്റ് ബൗളറെ തിരിച്ചറിഞ്ഞത് ജയപ്രകാശാണ്.

ആദ്യഘട്ടത്തിലൊക്കെ എന്നെ നേരിട്ട് അഭിനന്ദിക്കാറുണ്ടായിരുന്നില്ല. കൂടുതല്‍ ആഹ്ളാദിച്ചാല് കരിയറിനെ ബാധിക്കുമെന്ന് കരുതിയിട്ടാവാം. പക്ഷേ അദ്ദേഹത്തിന്റെ കൂട്ടുകാര്‍ വഴി എല്ലാം എനിക്കറിയാം. എന്റെ കളി മികവിനെ വലിയ അഭിമാനത്തോടെയാണ് അദ്ദേഹം കാണുന്നതെന്ന്. അണ്ണന് നിന്നില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൂട്ടുകാര്‍ പറയും. ഫീസ് നല്കാനില്ലാതെ ബിരുദ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോഴും എന്നെ ചേര്‍ത്തു പിടിച്ച മനുഷ്യനാണ്.' ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിൻ നടത്തിയ അഭിമുഖത്തിൽ തങ്കരസു ജയപ്രകാശിനെക്കുറിച്ച് പറയുന്നതാണ്. ജെപിയെന്ന് തങ്കരസു കൈയ്യില്‍ ടാറ്റു ചെയ്തിട്ടുണ്ട്. അത്രമാത്രം മതിയാവും ഗോഡ് ഫാദറിന് തങ്കരസുവിന്റെ ഹൃദയത്തിലുള്ള സ്ഥാനം മനസിലാക്കാന്‍.

ചെന്നൈയുടെ 'തല' യെ വീഴ്ത്തിയ തമിഴ്നാട്ടുകാരന്
ഒക്ടോബര്‍ 13ന് ചെന്നൈയ്ക്കെതിരായ ഐപിഎല്‍ മത്സരത്തിലാണ് നടരാജന് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മികച്ച ഫോമില്‍ കളിച്ചിരുന്ന വാട്സനെ പുറത്താക്കി നടരാജന് സണ്‍റൈസേഴ്സിനെ ബ്രേക്ക് ത്രൂ നല്കുന്നു. പിന്നാലെയെത്തിയ ചെന്നൈ നായകന് ധോനി തുടരെ രണ്ട് ബൗണ്ടറികള്‍ പായിച്ച് നടരാജനെ സമ്മര്‍ദ്ദത്തിലാക്കി. നാലാമത്തെ ഓവറില്‍ ആദ്യ പന്ത് ജഡേജ നടരാജനെ ബൗണ്ടറി പായിച്ചു. സ്ട്രൈക്ക് മാറിയെത്തിയ ധോനി അതേ ഓവറില്‍ പടുക്കൂറ്റന്‍ സിക്സറടിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷര്‍ പക്ഷേ അടുത്ത പന്തില്‍ നടരാജന് മുന്നില്‍ വീണു. അതിവേഗതയില്‍ കുതിച്ചെത്തിയ യോര്‍ക്കര്‍ ഫുള്‍ ലെഗ്ങ്തില് അടിക്കാന്‍ ശ്രമിച്ച ധോനിയുടെ കണക്കൂട്ടലുകള്‍ തെറ്റിച്ച് പന്ത് കെയ്ന്‍ വില്യംസന്റെ കൈകളിലേക്ക്. ആരാധകന്റെ പന്തില്‍ ചെന്നൈയുടെ 'തല' ധോനി പുറത്തായി മടങ്ങിയ നിമിഷം.
വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്താണ് നടരാജന് ഐപിഎല്ലിലെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിടുന്നത്. പ്ലേ ഓഫില്‍ ഹൈദരാബാദും ആര്‍സിബിയും തമ്മിലുള്ള മത്സരത്തിലായിരുന്നു മറ്റൊരു അവിസ്മരണീയ പ്രകടനം. 43 പന്തില്‍ 56 റണ്‍സടിച്ച് എബി ഡിവില്യേഴ്സാണ് ആര്‍സിബിയുടെ സ്കോര്‍ മുന്നോട്ട് നയിക്കുന്നത്. തന്റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നടരാജന് തന്റെ നാട്ടുകാരന് തന്നെയായ വാഷിംഗ്ടണ്‍ സുന്ദറിനെ പുറത്താക്കി. അഞ്ചാമത്തെ പന്തില്‍ സാക്ഷാല്‍ എബി ഡിവില്യേഴ്സിന്റെ മിഡില്‍ സ്റ്റമ്പ് തങ്കരസു പിഴുതെറിഞ്ഞു. ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്സ്മാന് പോലും മറുപടിയില്ലാത്ത പന്തായിരുന്നു തങ്കരസുവിന്റേതെന്നായിരുന്നു കമന്റേറ്ററുടെ വാക്കുകൾ. ഡിവില്യേഴ്സിന് യാതൊരു ചാന്‍സും നല്‍കാതെ ബ്ലോക്ക് ഹോളില്‍ വീണ യോര്‍ക്കര്‍ ഏതൊരു ഫാസ്റ്റ് ബൗളറും കൈയ്യടിച്ചു പോകുന്നതാണ്.

ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇയാന്‍ ചാപ്പലിനെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ പോലും അഭിനന്ദിച്ച പ്രകടനമായിരുന്നു നടരാജന്റേത്. നെറ്റ്സില്‍ പന്തെറിയാനെത്തി ഒരു ടീമിന്റെ നിര്‍ണായക സാന്നിദ്ധ്യമാവുക. ഒരു ഓവറിലെ ആറ് പന്തും യോര്ക്കറുകളാക്കാന് കഴിവുള്ള അപൂര്‍വ്വ ഇന്ത്യന്‍ പേസറെന്ന ഖ്യാതി നേടുക. ചെറിയ മീനല്ല 'ചിന്നപ്പംപ്പെട്ടി എക്സ്പ്രസ്'.
'വിക്കറ്റെടുത്താലും തല്ലുവാങ്ങിയാലും ഒരേ റിയാക്ഷന് തരുന്ന വ്യക്തിയാണ് നടരാജന്. ഇത്രയും കൂളായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. നോക്കൂ ഈ അഭിമുഖത്തിന് ശേഷം എനിക്ക് രോമാഞ്ചം വരികയാണ്. ദീര്‍ഘനാള്‍ നടരാജന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയട്ടെ'; ഓസീസിലെ മത്സര ശേഷം ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക് നടരാജനുമായി സംസാരിച്ച ശേഷം പറഞ്ഞതാണ് ഈ വാക്കുകള്‍.

ബൗളര്‍ക്ക് നല്ല ഷൂ പ്രധാനപ്പെട്ടതാണ്
ഏതെങ്കിലും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഷൂ അവര്‍ സ്പോണ്സര് ചെയ്യും. ആ ഷൂ ഉപയോഗിച്ച് ഒരു വര്‍ഷം കളിക്കാന്‍ കഴിയും. പ്രതിസന്ധികള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനമായും സാമ്പത്തിക പ്രതിസന്ധികളെന്നാണ് തങ്കരസു ഒരിക്കൽ പറഞ്ഞത്.
രഞ്ജി ട്രോഫിയില്‍ തമിഴ്നാടിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട നടരാജന് കരിയറിലെ നിര്‍ണായക പ്രതിസന്ധി നേരിടുന്നത് അരങ്ങേറ്റ മത്സരത്തിന് ശേഷമാണ്. 'സസ്പെക്ട് ആക്ഷന്‍', ബൗളര്‍ നിയമവിധേയമല്ലാതെയാണ് പന്തെറിയുന്നതെന്ന് സംശയം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ കരിയര്‍ അവസാനിക്കുമെന്ന തോന്നിച്ച സമയം. എന്നാല്‍ ഏകദേശം ഒരു വര്‍ഷത്തെ കഠിന പ്രയത്നത്തിന് ശേഷം ബൗളിംഗ് ആക്ഷനില്‍ അടിമുടി മാറ്റത്തോടെ തങ്കരസു തിരികെയെത്തി. വലിയ സമ്മര്‍ദ്ദത്തോടെയായിരുന്നു ആ കാലഘട്ടങ്ങളിലെ പരിശീലനങ്ങള്‍. 'സസ്പെക്ട് ആക്ഷന്‍ മറികടന്ന് തങ്കരസു എത്തുന്നത് തമിഴ്നാട് പ്രീമിയര്‍ ലീഗിലേക്കാണ്. ടിഎന്‍പിഎല്ലിലെ മിന്നും പ്രകടനം ഐപിഎല്ലിലേക്ക് വഴിതുറന്നു.

പഞ്ചാബ് കിംഗ്സ് ഇലവന് വലിയ തുകയ്ക്ക് തങ്കരസുവിനെ സ്വന്തമാക്കി. എന്നാല്‍ വലിയ അദ്ഭുതങ്ങളൊന്നും സംഭവിക്കാതെ സീസണ് കടന്നുപോയി. രഞ്ജി ട്രോഫി മത്സരത്തിനിടെ സംഭവിച്ച പരിക്ക് വില്ലനായതോടെ വീണ്ടും തങ്കരസു പ്രതിസന്ധിയിലേക്ക് വീഴുന്നു. ഒരു വര്‍ഷം മുഴുവന്‍ എല്‍ബോ ഇന്ഞ്ചുറിയുടെ ചികിത്സ. സമ്മര്‍ദ്ദങ്ങളുടെ നാളുകള്‍. പരിക്ക് ഭേദമായതോടെ ഐപിഎല്‍ പ്രതീക്ഷകള്‍ തിരികെയെത്തുന്നു. നെറ്റ് ബൗളറുടെ വേഷത്തില്‍ സണ്‍റൈസേഴ്സ് ക്യാംപിലേക്ക്. ആദ്യത്തെ രണ്ട് വര്‍ഷം കളത്തിലിറങ്ങാന്‍ പക്ഷേ തങ്കരസുവിന് ഭാഗ്യമുണ്ടായിരുന്നില്ല. ഇതേ കാലയളവില്‍ നടന്ന രഞ്ജി ട്രോഫിയില്‍ മിന്നും പ്രകടനത്തോടെ ശക്തിയറിയിച്ചു. തലവിധി സ്വയം മാറ്റിയെഴുതിയ പ്രകടനമായിരുന്നു എസ് ആര് എച്ചിന് വേണ്ടി ഇക്കഴിഞ്ഞ സീസണില്‍ താരം നടത്തിയത്. വിരാട് കോഹ്ലിയില് തുടങ്ങി എബി ഡിവില്യേഴ്സും സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോനിയും വരെ യോര്‍ക്കറുകളുടെ രാജന് മുന്നില്‍ വീണു.

സേലം പ്രധാന ടൗണില്‍ നിന്ന് 36 കിലോമീറ്റര്‍ ദുരത്തുള്ള ചിന്നപ്പംപ്പെട്ടിയിലെ ഒരു സാധാരണ കുടുംബമാണ് തങ്കരസുവിന്റേത്. അച്ഛന്, അമ്മ, മൂന്ന് സഹോദരങ്ങള്‍, ഒരു അനുജന് എന്നിവരടങ്ങുന്ന കുടുംബം ഏറെ കഷ്ടതകളിലൂടെയാണ് വളര്‍ന്നത്. അച്ഛന് ദിവസവേതനത്തിന് നെയ്ത്തുകാരനായി ജോലി ചെയ്യുകയാണ്. അമ്മ ഒരു ചിക്കന്ഷോപ്പ് നടത്തുന്നു. സര്‍ക്കാര്‍ സ്കൂളിലെ പഠനം, പുസ്തകവും പെന്‍സിലും വാങ്ങാന്‍ പണമില്ലാത്ത ദിനങ്ങള്‍ എന്നിവയെക്കുറിച്ച് തങ്കരസു പറഞ്ഞിട്ടുമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ക്രിക്കറ്റിനോടുള്ള പ്രണയം തമിഴ്നാട്ടിലെ തന്നെ മികച്ച ടെന്നീസ് ബൗളറാക്കി നടരാജനെ മാറ്റി. 2018ലായിരുന്നു നടരാജന്റെ വിവാഹം. ഭാര്യ പവിത്ര, ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെ നവംബര്‍ എട്ടിനാണ് നടരാജനും പവിത്രയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നത്.

ലോകമറിയുന്ന താരമായി തങ്കരസു മാറാന്‍ ജയപ്രകാശ് എന്നൊരു ഗോഡ് ഫാദറുണ്ടായിരുന്നു. എന്നാല്‍ അത് മാത്രം പോരാ, 'എന്റെ ഊര് മക്കള്‍ക്ക് ഉയരങ്ങളിലെത്താന്‍ അവസരങ്ങളുണ്ടാവണം. അതിനായി ഒരു ക്രിക്കറ്റ് അക്കാദമി തുടങ്ങുകയെന്നാണ് സ്വപ്നം.' ഇന്ത്യയുടെ 'നട്ടു' പറയുന്നു. കളിയെ കാര്യമായി സമീപിക്കുന്ന ചില നിരീക്ഷകര്‍ പറഞ്ഞത് പോലെ നന്ദി ഐപിഎല്‍. നന്ദി നടരാജന്. ഇന്ത്യയുടെ ജഴ്സിയില്‍ ഇനിയും തിളങ്ങട്ടെ. ഇനിയും നൂറായിരം ചിന്നപ്പംപ്പെട്ടി എക്സ്പ്രസുകള്‍ നിങ്ങള്‍ക്ക് പിന്നാലെയെത്തെട്ടെ...!
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ആ ചൊല്ല് സത്യം, യോർക്കറുകൾ കളി ജയിപ്പിക്കും; വാർണറുടെ ടീം ആകെ എറിഞ്ഞ 16 യോർക്കറുകളിൽ 9 എണ്ണവും നടരാജൻ വക..