'അത് രാഹുൽ ഗാന്ധിയുടെ അഭിപ്രായം'; വിവാദ പരാമർശത്തിൽ മാപ്പ് പറയാതെ കമൽനാഥ്
കമൽനാഥ് നടത്തിയ പരാമർശം നിർഭാഗ്യകരമാണെന്ന് നേരത്തെ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു
ബിജെപി സ്ഥാനാർത്ഥി ഇമർതി ദേവിക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറയാൻ വിസമ്മതിച്ചു കോൺഗ്രസ് നേതാവ് കമൽനാഥ്. പ്രസ്താവന നടത്താനിടയായ സാഹചര്യം വ്യക്തമാക്കിയതാണെന്നും ആരെയും അപമാനിച്ചില്ലെന്നും മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു. കമൽനാഥ് നടത്തിയ പരാമർശം നിർഭാഗ്യകരമാണെന്ന് നേരത്തെ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. കമൽനാഥ് ഉപയോഗിച്ച തരത്തിലുള്ള ഭാഷ താൻ ഇഷ്ടപെടുന്നില്ലെന്നും പരാമർശം അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാൽ 'ഇത് രാഹുൽ ഗാന്ധിയുടെ അഭിപ്രായമാണെന്നു' കമൽനാഥ് ചൂണ്ടിക്കാട്ടി.
'ഞാൻ ആ പ്രസ്താവന നടത്താനിടയായ സാഹചര്യം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്... ആരെയും അപമാനിക്കാൻ ഉദ്ദേശിക്കാത്തപ്പോൾ ഞാൻ എന്തിന് ക്ഷമ ചോദിക്കണം?...' കമൽനാഥ് ചോദിച്ചു. ബിജെപി സ്ഥാനാർത്ഥിയുടെ പേര് ഓർമിക്കാൻ കഴിയാതെ വന്നപ്പോൾ സാധാരണയായി ഉപയോഗിക്കുന്ന പദം ഉപയോഗിച്ചതാണെന്നും അപമാനിച്ചതല്ലെന്നും കമൽനാഥ് കഴിഞ്ഞ ദിവസം ന്യായീകരണമായി പറഞ്ഞിരുന്നു. 'അനാദരവോടെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നു. ഇത് അനാദരവാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, ഞാൻ ഖേദിക്കുന്നു', കമൽനാഥ് കൂട്ടിച്ചേർത്തു.
കമൽ നാഥിൻ്റെ പരാമർശം വിവാദമായതിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സോണിയ ഗാന്ധിയ്ക്ക് കത്തെഴുതിയിരുന്നു. പരാമർശത്തിൽ നടപടി എടുക്കണമെന്നു ഇമർതി ദേവിയും കോൺഗ്രസ് അധ്യക്ഷയോട് അഭ്യർത്ഥിച്ചിരുന്നു. കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായിരുന്ന ഇമർതി ദേവി ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ബിജെപിയിലേക്ക് ചുവട് മാറ്റിയത്.
കഴിഞ്ഞ ഞായറാഴ്ച്ച ഗ്വാളിയാറിലെ ദബ്റ മണ്ഡലത്തിൽ പ്രചരണം നടത്തുന്നതിനിടയിലാണ് കമൽനാഥ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. പ്രസംഗത്തിനിടയിൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇമർതി ദേവിയെ ഐറ്റം എന്ന് കമൽനാഥ് വിളിച്ചു. 'ഞങ്ങളുടെ സ്ഥാനാർഥി സൗമ്യമായ സ്വഭാവം ഉള്ള വ്യക്തിയാണ്. എന്നാൽ അവർ അങ്ങനെയല്ല. എന്തായിരുന്നു അവരുടെ പേര്? എന്തിനാണ് ഞാൻ അവരുടെ പേര് വിളിക്കുന്നത്. എന്നെക്കാൾ നന്നായി നിങ്ങൾക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണ്', കമൽ നാഥ് പറഞ്ഞതിങ്ങനെ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!