രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻമുന്നേറ്റം, ബിജെപിക്ക് തിരിച്ചടി
പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ മറികടന്നാണ് കോൺഗ്രസ് മുന്നേറ്റമുണ്ടായത്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് പാർട്ടിക്ക് തലവേദനയായിരുന്നു. ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള നഗര പ്രദേശങ്ങളിലടക്കം കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാനായി.
രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻമുന്നേറ്റം. 49 കോർപ്പറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇതിൽ 23 ഇടത്തും കോൺഗ്രസ് വിജയിച്ചു.
കഴിഞ്ഞയാഴ്ച നടന്നത് ഏതാണ്ട് 2,105 കൗൺസിലർമാർക്കുള്ള തിരഞ്ഞെടുപ്പാണ്. ഇതിൽ ഒടുവിലത്തെ വിവരം കിട്ടുമ്പോൾ 961 ഇടത്ത് കോൺഗ്രസ് ജയിച്ചു. 737 ഇടത്ത് ബിജെപിയും 386 ഇടത്ത് മറ്റുള്ളവരും ജയിച്ചു. ബിഎസ്പിക്ക് 16 ഇടത്തും സിപിഎമ്മിന് മൂന്നിടത്തും സീറ്റ് നേടാനായി.
നിയമസഭാ തിരഞ്ഞെടുപ്പിൽ കഷ്ടിച്ച് അധികാരത്തിലെത്തുകയായിരുന്നു കോൺഗ്രസ്. ബി ജെ പി ഭരണത്തെ മാറ്റി കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരച്ചടിയേറ്റു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും എൻഡിഎ തൂത്തുവാരിയ സംസ്ഥാനമാണ് രാജസ്ഥാൻ. ഇപ്പോൾ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള ജനസമ്മതിയാണെന്നാണ് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് പ്രതികരിച്ചത്.
"തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷകൾക്കൊത്തതാണ്. സർക്കാരിന്റെ പ്രവർത്തനം കണക്കിലെടുത്തുകൊണ്ട് ജനങ്ങൾ വിധിയെഴുതി എന്നുള്ളത് ഏറെ സന്തോഷമുള്ള കാര്യമാണ്," അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.