കൊറോണ വൈറസ് ചിലപ്പോൾ ഒരിക്കലും വിട്ടുപോകില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോകമെമ്പാടുമുള്ള ജനങ്ങൾ ഇതുമായി ജീവിക്കാൻ പഠിക്കേണ്ടി വരും
കൊറോണ വൈറസ് ചിലപ്പോൾ ഒരിക്കലും വിട്ടുപോയേക്കില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകമെമ്പാടുമുള്ള ജനങ്ങൾ ഇതുമായി ജീവിക്കാൻ പഠിക്കേണ്ടി വരുമെന്നും ബുധനാഴ്ച്ച ഡബ്ല്യൂ എച്ച് ഒ ചൂണ്ടിക്കാട്ടി. വൈറസ് മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്ന സാഹചര്യത്തിലാണ് ചിലപ്പോൾ കൊവിഡ് പൂർണമായും ഇല്ലാതാക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക ലോകാരോഗ്യ സംഘടന പങ്കുവെച്ചത്.
കഴിഞ്ഞ വർഷം അവസാനം ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം 43 ലക്ഷത്തിലധികം ആളുകളിലേക്ക് ഇത് പടർന്നു. ലോകമെമ്പാടുമായി മൂന്ന് ലക്ഷത്തോളം പേരാണ് കൊവിഡ് മൂലം മരിച്ചത്.

'ഒരു പുതിയ വൈറസ് ആദ്യമായി മനുഷ്യരാശിയിൽ കടന്നുകൂടിയിക്കുന്നു. അതുകൊണ്ട് തന്നെ എപ്പോൾ ഇതിനെ മറികടക്കാൻ സാധിക്കുമെന്ന് പ്രവചിക്കാൻ വളരെ പ്രയാസമാണ്,' ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം ഡയറക്ടർ മൈക്കൽ റയാൻ പറയുന്നു. 'ഈ വൈറസ് നമ്മുടെ സമൂഹങ്ങളിൽ മറ്റൊരു പ്രാദേശിക വൈറസായി മാറിയേക്കാം. ചിലപ്പോൾ ഈ വൈറസ് ഒരിക്കലും പോകില്ല...എച്ച് ഐ വി നമ്മെ വിട്ടു പോയിട്ടില്ല. പക്ഷേ നമ്മൾ വൈറസുമായി പൊരുത്തപ്പെട്ടു', മൈക്കൽ റയാൻ ചൂണ്ടിക്കാട്ടി.
വൈറസിനെ വരുതിയിലാക്കാൻ 'ഇനിയും ഏറെ ദൂരം' പോകേണ്ടതുണ്ട്. കൊവിഡ് -19 മൂലമുള്ള അപകടസാധ്യത ദേശീയ, പ്രാദേശിക, ആഗോള തലങ്ങളിൽ ഉയർന്ന നിലയിലാണെന്നും മൈക്ക് റയാൻ വ്യക്തമാക്കി. നിലവിലെ അപകട സാധ്യത അൽപ്പമെങ്കിലും കുറയണമെങ്കിൽ വൈറസിനെ നിയന്ത്രണവിധേയമാക്കണം.
നേരത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചില രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കമ്പോളങ്ങൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്. സാധാരണ ജീവിതം പുനരാരംഭിക്കാൻ പല രാജ്യങ്ങളിലും നടപടികൾ എടുക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!