കൊവിഡ് ബാധിച്ച സ്ത്രീകളെ രാത്രിയിൽ ചികിത്സക്കായി മാറ്റേണ്ടതില്ല, അടിയന്തര ഘട്ടങ്ങളിൽ മാത്രം ഇളവെന്ന് ആരോഗ്യ വകുപ്പ്
രോഗം സ്ഥിരീകരിക്കുകയും എന്നാൽ ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്യുന്ന രോഗികളെ അടിയന്തരമായി ചികിൽസ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല. പ്രത്യേകിച്ച് രാത്രിയിലാണെങ്കിൽ, അവരോട് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരാൻ നിർദേശിക്കണം.
കൊവിഡ് രോഗികളായ സ്ത്രീകളെ അടിയന്തര ഘട്ടങ്ങളിൽ അല്ലാതെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് നിർദേശം. രാത്രി ഏഴുമണിക്ക് ശേഷം അടിയന്തര ഘട്ടങ്ങളിൽ യാത്ര വേണ്ടി വരുമ്പോൾ നിർബന്ധമായും ആരോഗ്യ പ്രവർത്തകരിൽ ഒരാൾ ആംബുലൻസിനുളളിൽ ഉണ്ടാകണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ആറന്മുളയിൽ ആംബുലൻസ് ഡ്രൈവർ കൊവിഡ് രോഗിയെ പീഡിപ്പിച്ച കേസിനെ തുടർന്നാണ് പുതിയ നിർദേശങ്ങൾ.
രോഗം സ്ഥിരീകരിക്കുകയും എന്നാൽ ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്യുന്ന രോഗികളെ അടിയന്തരമായി ചികിൽസ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല. പ്രത്യേകിച്ച് രാത്രിയിലാണെങ്കിൽ, അവരോട് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരാൻ നിർദേശിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരോ ഗുരുതരാവസ്ഥയിലുള്ളവരോ ആയ സ്ത്രീകളാണെങ്കിൽ അവരെ ചികിൽസ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ അയക്കുന്ന ആംബുലൻസിൽ പൈലറ്റിനൊപ്പം പരിശീലനം നേടിയ മെഡിക്കൽ ടെക്നീഷ്യനോ ആരോഗ്യ പ്രവർത്തകനോ ഉണ്ടാകണം. ജിപിഎസ് സംവിധാനമുള്ള ഈ ആംബുലൻസുകൾ ചികിൽസ കേന്ദ്രങ്ങളിലെത്തിയെന്ന് ജില്ലാ മെഡിക്കൽ ഓഫിസ് ഉറപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. ഒരു ആംബുലൻസിൽ രണ്ട് ജീവനക്കാരെ വീതം നൽകിയിട്ടുണ്ടെന്നാണ് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതലയുള്ള ജിവികെ ഇഎംആർഐ കമ്പനിയുടെ വിശദീകരണം.
രാത്രി ഏഴുമണിക്കുശേഷമുള്ള ആംബുലൻസ് യാത്രകൾ അത്യാവശ്യഘട്ടത്തിൽ മാത്രം മതിയെന്നാണ് നിർദേശം. കൂടുതൽ ആംബുലൻസുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പത്തനംതിട്ട ഡിഎംഒ എ.എൽ ഷീജ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെനില തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു. ആംബുലൻസ് പീഡനക്കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ബലാൽസംഗം, പട്ടികജാതി പീഡനവുമായി ബന്ധപ്പെട്ട വകുപ്പ്, കൊവിഡ് പ്രോട്ടോക്കോൾ ലംഘനം എന്നി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് അപേക്ഷ സമർപ്പിക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!