ജാഥ വേണ്ട, കൊട്ടിക്കലാശം ഇല്ല, സ്ഥാനാർത്ഥിക്കൊപ്പം വീട് കയറാൻ അഞ്ചുപേർ, റോഡ് ഷോയ്ക്ക് മൂന്ന് വാഹനം | തദ്ദേശ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ഇങ്ങനെ
941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ 86 മുനിസിപ്പാലിറ്റികള്‍ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേയ്ക്കാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുക.
സംസ്ഥാനത്ത് നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിവിധ ഘട്ടങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി വീടുകൾ കയറുമ്പോൾ സ്ഥാനാർത്ഥി അടക്കം അഞ്ചുപേർ മാത്രമെ പങ്കെടുക്കാവു, റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് മൂന്ന് വാഹനങ്ങളെ ഉപയോഗിക്കാവു, സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ല എന്നിങ്ങനെ നിരവധിയാണ് മാർഗ നിർദേശങ്ങൾ.
പ്രചാരണ ജാഥകൾ ഒഴിവാക്കണം, പ്രചാരണത്തിന് സോഷ്യൽ മീഡിയയെ ഉപയോഗിക്കണം, പ്രചാരണത്തിന് അവസാനമുളള കൊട്ടിക്കലാശം ഉണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നു. നേരത്തെ സെപ്റ്റംബർ 18ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ചർച്ച ചെയ്തതിൻ പ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു.
സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ
1. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദർശനത്തിന് ഒരു സമയം സ്ഥാനാർഥികൾ ഉൾപ്പെടെ പരമാവധി 5 പേർ മാത്രം.
2. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വേണം സ്ഥാനാർഥികളും മറ്റും ഭവനസന്ദർശനം നടത്തേണ്ടത്.
റോഡ് ഷോ/ വാഹന റാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങൾ.
3. ജാഥ, ആൾക്കൂട്ടം,കൊട്ടിക്കലാശം എന്നിവ കോവിഡ് 19 പശ്ചാത്തലത്തിൽ ഒഴിവാക്കേണ്ടതാണ്.
4. പൊതു യോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ നടത്താൻ പാടുള്ളൂ. പൊതു യോഗങ്ങൾ നടത്തുന്നതിന് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം.
5. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി വിതരണം ചെയ്യുന്ന നോട്ടീസ്/ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പരമാവധി സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തണം.
6. വോട്ടർമാർ മാസ്ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാർഥികളുടെയും മറ്റും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്.
7. സ്ഥാനാർഥികൾക്ക് ഹാരം,ബൊക്കെ,നോട്ടുമാല,ഷാൾ എന്നിവയോ മറ്റോ നൽകികൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല.
8. ഏതെങ്കിലും സ്ഥാനാർഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടൻ തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നിൽക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം മാത്രമെ തുടർപ്രവർത്തനം പാടുള്ളൂ.
രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധി യോഗത്തിനുളള മാർഗനിർദേശങ്ങൾ
- രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല പ്രതിനിധികളുടെ യോഗം കമ്മീഷന്റെ നിർദ്ദേശാനുസരണം ജില്ലാ കലക്ടർമാർ വിളിച്ച് ചേർക്കും.
- ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു പ്രതിനിധി എന്ന നിലയ്ക്ക് പരമാവധി 40 പേർക്ക് പങ്കെടുക്കാം.
- സ്ഥല സൗകര്യമുള്ളതും വായുസഞ്ചാരമുള്ളതുമായ ഹാളിൽ വച്ച് വേണം യോഗം നടത്തേണ്ടത്.
- ഹാളിനുള്ളിൽ 2 മീറ്റർ അകലത്തിൽ വേണം സീറ്റുകൾ അറേഞ്ച് ചെയ്യേണ്ടത്.
- മാസ്ക് നിർബന്ധം. ഹാളിനുള്ളിൽ പ്രവേശിക്കുന്നതിന് മുമ്പ് നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം.
നോമിനേഷൻ സമയത്തെ മാർഗനിർദേശങ്ങൾ
- നോമിനേഷൻ സ്വീകരിക്കുന്നതിന് സൗകര്യപ്രദമായ ഹാൾ ഒരുക്കേണ്ടതും ഒരു സമയം ഒരു സ്ഥാനാർഥിയുടെ ആളുകൾക്ക് മാത്രം ഹാളിൽ പ്രവേശനം അനുവദിക്കേണ്ടതുമാണ്.
- നോമിനേഷൻ സമർപ്പിക്കുന്നതിന് സ്ഥാനാർഥിയോ നിർദ്ദേശകനോ ഉൾപ്പെടെ 3 പേരിൽ കൂടാൻ പാടില്ല.
- നോമിനേഷൻ സമർപ്പിക്കുന്നവർ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം.
- നോമിനേഷൻ സമർപ്പിക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം.
- ആവശ്യമെങ്കിൽ നോമിനേഷൻ സമർപ്പിക്കുന്നതിന് സ്ഥാനാർഥികൾക്ക് മുൻകൂറായി സമയം (ടൈം സ്ലോട്ട്) അനുവദിക്കാം.
- ഒരു സമയം ഒന്നിലധികം സ്ഥാനാർഥികൾ പത്രിക സമർപ്പിക്കുന്നതിന് വരുന്ന പക്ഷം മറ്റുള്ളവർക്ക് സാമൂഹ്യ അകലം പാലിച്ച് വിശ്രമിക്കുന്നതിന് വേറെ ഹാളിൽ സൗകര്യം ഒരുക്കേണ്ടതാണ്.
- വരണാധികാരി/ഉപവരണാധികാരി പത്രിക സ്വീകരിക്കുന്ന വേളയിൽ നിർബന്ധമായും മാസ്ക്, കൈയുറ, ഫെയ്സ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം.
- ഓരോ സ്ഥാനാർഥിയുടെയും നോമിനേഷൻ സ്വീകരിച്ചതിന് ശേഷം വരണാധികാരി/ ഉപവരണാധികാരി സാനിറ്റൈസർ ഉപയോഗിക്കണം.
- സെക്യൂരിറ്റി നിക്ഷേപം ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലോ ഒടുക്കിയതിന്റെ ചെല്ലാൻ/രസീത് ഹാജരാക്കാം.
- നോമിനേഷൻ സമർപ്പിക്കാൻ വരുന്ന ഒരു സ്ഥാനാർഥിക്ക് ഒരു വാഹനം മാത്രം.
- സ്ഥാനാർഥിയോടൊപ്പം ആൾക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല.
- കണ്ടൈയിൻമെന്റ് സോണികളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുൻകൂട്ടി അറിയിച്ച് വേണം നോമിനേഷൻ സമർപ്പിക്കാൻ ഹാജരാകേണ്ടത്. വരണാധികാരികൾ അവർക്ക് പ്രത്യേക സമയം അനുവദിക്കേണ്ടതും ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ്.
- സ്ഥാനാർഥി കൊവിഡ് പോസിറ്റീവ് ആണെങ്കിലോ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ക്വാറന്റൈനിൽ ആണെങ്കിലോ നാമനിർദ്ദേശ പത്രിക നിർദ്ദേശകൻ മുഖാന്തിരം സമർപ്പിക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ സ്ഥാനാർഥിക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പു രേഖപ്പെടുത്താവുന്നതും പ്രസ്തുത സത്യപ്രതിജ്ഞാരേഖ വരണാധികാരി മുൻപാകെ ഹാജരാക്കേണ്ടതുമാണ്.
- നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള നിയമപരമായ എല്ലാ വ്യവസ്ഥകളും നിർബന്ധമായും പാലിച്ചിരിക്കണം.
സൂക്ഷ്മപരിശോധനയിൽ പാലിക്കേണ്ട കാര്യങ്ങൾ
1. നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന മുൻകൂട്ടി അറിയിക്കുന്നതനുസരിച്ച് വരണാധികാരിയുടെ നേതൃത്വത്തിൽ നടത്തും.
2. സൂക്ഷ്മപരിശോധനയ്ക്ക് സൗകര്യപ്രദമായതും വായു സഞ്ചാരമുള്ളതുമായ ഹാൾ വേണം ഉപയോഗിക്കേണ്ടത്. ഹാൾ മുൻകൂട്ടി അണുവിമുക്തമാക്കണം.
3. സൂക്ഷ്മ പരിശോധന വേളയിൽ ഓരോ വാർഡിലെയും സ്ഥാനാർഥികൾക്കും നിർദ്ദേശകർക്കും, ഏജന്റുമാർക്കും മാത്രം പ്രവേശനം അനുവദിക്കുക. പരമാവധി 30 പേർ മാത്രം.
4. സാമൂഹ്യ അകലം പാലിച്ചു വേണം സ്ഥാനാർഥികൾക്കും മറ്റും ഇരിപ്പിടങ്ങൾ തയ്യാറാക്കേണ്ടത്.
5. സൂക്ഷ്മ പരിശോധന വേളയിൽ വരണാധികാരി, ഉപവരണാധികാരി എന്നിവർ മാസ്ക്, കൈയ്യുറ, ഫെയ്സ് ഷീൽഡ്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം.
6. സൂക്ഷ്മപരിശോധനയ്ക്ക് നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചിരിക്കണം.
സ്ഥാനാർഥികളുടെ യോഗം
- വരണാധികാരി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ചും മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ചും വിശദീകരിക്കുന്നതിന് സ്ഥാനാർഥികളുടെയും രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിച്ച് ചേർക്കണം.
- 30 പേരിൽ അധികരിക്കാത്ത വിധം ഒന്നിലധികം വാർഡുകളിലെ സ്ഥാനാർഥികളെ ഒരേ സമയം വിളിക്കാവുന്നതാണ്.
- സ്ഥല സൗകര്യവും വായു സഞ്ചാരമുള്ളതുമായ ഹാൾ വേണം ഇതിനായി ഉപയോഗിക്കേണ്ടത്.
- സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിടങ്ങളാണ് ഒരുക്കേണ്ടത്.
- മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായി ഉപയോഗിക്കണം.
പോളിങ്ങ് സ്ഥലത്തേക്കുളള മാർഗ നിർദേശങ്ങൾ
- എല്ലാ പോളിങ് സ്റ്റേഷനുകളും തലേ ദിവസം അണുവിമുക്തമാക്കണം.
- ഒരു പോളിങ് സ്റ്റേഷനിൽ 4 പോളിങ് ഉദ്യോഗസ്ഥരും, 1 അറ്റൻററും 1 പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാർ 10-ൽ കൂടാൻ പാടില്ല.
- പോളിങ് ഏജന്റുമാരുടെ ഇരിപ്പിടങ്ങൾ സാമൂഹ്യ അകലം പാലിച്ച് വേണം ക്രമീകരിക്കേണ്ടത്.
- പോളിങ് ഉദ്യോഗസ്ഥർ തലേദിവസം മുതൽ പോളിങ് സ്റ്റേഷനിൽ താമസിക്കണം.
- പോളിങ് ബൂത്തിന് പൂറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിർബന്ധമായും കരുതണം.
- പോളിങ് ബൂത്തിന് മുമ്പിൽ വോട്ടർമാർക്ക്സാമൂഹ്യ അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്യണം.
- സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ക്യൂ ഉണ്ടാകണം. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്ക് ക്യൂ നിർബന്ധമില്ല.
- പോളിങ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാർഥികളോ മറ്റോ സ്ലിപ്പ് വിതരണം നടത്തുന്ന സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ നിർബന്ധമായും കരുതണം. സ്ലിപ്പ് വിതരണത്തിന് രണ്ടു പേരിൽ കൂടുതൽ പാടില്ല. സ്ലിപ്പ് വിതരണം നടത്തുന്നവർ മാസ്ക്, കൈയ്യുറ നിർബന്ധമായും ധരിക്കേണ്ടതാണ്.
വോട്ടെടുപ്പിനുളള മാർഗനിർദേശങ്ങൾ
പോളിങ് ഉദ്യോഗസ്ഥർ ഫെയ്സ് ഷീൽഡ് മാസ്ക്, സാനിറ്റൈസർ, കൈയ്യുറ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. പോളിങ് ഏജന്റുമാർക്കും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധം.
വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം.
പോളിങ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടർമാർ തിരിച്ചറിയൽ രേഖ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്.
വോട്ടർമാർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. തിരിച്ചറിയൽ വേളയിൽ മാത്രം ആവശ്യമെങ്കിൽ മാസ്ക് മാറ്റണം.
വോട്ടർമാർ രജിസ്റ്ററിൽ ഒപ്പ്,വിരലടയാളം പതിക്കണം.
വോട്ടർമാരുടെ വിരലിൽ ശ്രദ്ധാപൂർവ്വം വേണം മഷി പുരട്ടേണ്ടത്.
ത്രിതല പഞ്ചായത്തുകൾക്ക് 3 വോട്ടും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾക്ക് 1 വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്.
ബൂത്തിനകത്ത് ഒരേസമയം 3 വോട്ടർമാർക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനം.
കോവിഡ്-19 പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിലുള്ളവർക്കും തപാൽ വോട്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കും തപാൽ വോട്ട്.
തപാൽ ബാലറ്റ് വിതരണം ചെയ്യുന്നവരും തപാൽ വോട്ട് തിരികെ സ്വീകരിക്കുന്നവരും നിർബന്ധമായും കൈയ്യുറ, മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം.
വോട്ടെടുപ്പിന് ശേഷം രേഖകൾ പ്രത്യേക പായ്ക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കണം.
വോട്ടെണ്ണലിന് പാലിക്കേണ്ട മാർഗ നിർദേശങ്ങൾ
- വോട്ടെണ്ണൽ കേന്ദ്രങ്ങൾ തലേദിവസം അണുവിമുക്തമാക്കണം.
- വോട്ടെണ്ണൽ അതാത് വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വച്ച് വേണം നടത്തേണ്ടത്.
- കൗണ്ടിങ് ഓഫീസർമാർ നിർബന്ധമായും കൈയ്യുറ, മാസ്ക് എന്നിവ ഉപയോഗിക്കണം.
- ഹാളിൽ പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം.
- സ്ഥാനാർഥികൾ, കൗണ്ടിങ് ഏജന്റുമാർ എന്നിവർ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം.
- സാമൂഹ്യ അകലം പാലിക്കത്തക്ക വിധം വേണം കൗണ്ടിങ് ടേബിളുകൾ സജ്ജമാക്കേണ്ടത്.
- വിജയാഹ്ളാദ പ്രകടനങ്ങൾ കോവിഡ് 19 മാനദണ്ഡം പാലിച്ച് മാത്രമേ നടത്താവൂ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!