കണ്ണൂര്‍, വടകര, കോഴിക്കോട്, കൊല്ലം, എറണാകുളം. അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി വോട്ട് മറിക്കും എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. അഞ്ച് മണ്ഡലങ്ങളിലും സിപിഎം തോറ്റു. അവര്‍ ആരോപിച്ചതുപോലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് അഞ്ചിലും വോട്ടുകുറഞ്ഞു.
ശബരിമല യുവതി പ്രവേശനം കേരളത്തില്‍ ബിജെപിക്ക് അനുകൂലമാകുമെന്നായിരുന്നു അവകാശവാദം. ശക്തമായ പോരാട്ടമുണ്ടായ വടകരയില്‍ പി. ജയരാജനെതിരെ കെ. മുരളീധരന് 84,663 വോട്ടിന് വിജയിച്ചപ്പോള്‍ എന്‍ഡിഎയുടെ വി.കെ സജീവന് നേടാനായത് 80,128 വോട്ട് മാത്രമാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 120,884 ആയിരുന്നു.
ശബരിമല യുവതികളെ ആക്രമിച്ച കേസില്‍ പ്രതിയായിരുന്ന കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് 161,216 വോട്ട് മാത്രമാണ് ഇത്തവണ ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലായി ബിജെപിക്ക് ഇവിടെ 169,597 വോട്ട് ഉണ്ടായിരുന്നു.
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് ബിജെപി വോട്ട് മറിച്ചുവോ? സി.കെ പത്മനാഭനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. 2016ല്‍ ബിജെപിക്ക് 89,343 വോട്ട് നേടിയിരുന്നു. അത് 68,509 വോട്ടില്‍ ഒതുങ്ങി.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിച്ചിട്ടും എറണാകുളത്ത് ബിജെപിക്ക് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. ബിജെപി വോട്ടിന് പുറമെ ക്രൈസ്തവ വോട്ടുകള്‍ കൂടിയുളള മണ്ഡലത്തില്‍ 137,749 വോട്ട് മാത്രമേ നേടാനായുള്ളൂ. നിയമസഭയിലേക്ക് 143,572 വോട്ട് ഇവിടെ ബിജെപിക്ക് ലഭിച്ചിരുന്നു.
കൊല്ലത്ത് ബിജെപിയുമായി പ്രേമചന്ദ്രന് ധാരണയുണ്ടാക്കിയെന്ന ആരോപണം ശക്തമായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ.വി സാബുവിന് 103,309 വോട്ടാണ് ലഭിച്ചത്. 2016ല്‍ 130,672 വോട്ട് ബിജെപിക്ക് ഇവിടെ ലഭിച്ചിരുന്നു. ചാത്തന്നൂര്‍ മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തും എത്തിയിരുന്നു.