കേരളത്തിലും ബംഗാളിലും ക്രിക്കറ്റിനെക്കാൾ ഫുട്ബോൾ ജനപ്രിയമായത് തൊഴിലാളി വർഗത്തിന്റെ കളി ആയതിനാലെന്ന് യെച്ചൂരി
സിപിഎം രൂപീകരിച്ചില്ലെങ്കിൽ, അടിയന്തരാവസ്ഥയ്ക്കുശേഷം കോൺഗ്രസിനു സംഭവിച്ചതരം തകർച്ച കമ്യൂണിസ്റ്റ് പാർട്ടിക്കും ഉണ്ടാകുമായിരുന്നു. ഭരണവർഗ പാർട്ടിയായതിനാൽ കോൺഗ്രസിന് തിരിച്ചുവരാനാവും. കമ്യൂണിസ്റ്റുകൾക്ക് അതു പറ്റില്ല.
കേരളത്തിലും ബംഗാളിലും ക്രിക്കറ്റിനെക്കാൾ ഫുട്ബോൾ ജനപ്രിയമായതിന് പിന്നിൽ അത് തൊഴിലാളി വർഗത്തിന്റെ കളിയായിരുന്നു എന്നതാണ് പ്രധാന കാരണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപമെടുത്തിട്ട് 100 വർഷം തികയുന്നതിന്റെ ഭാഗമായി മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യെച്ചൂരിയുടെ ഈ നിരീക്ഷണം. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ സക്കറിയ ആണ് സീതാറാം യെച്ചൂരിയുമായുളള അഭിമുഖം നടത്തിയത്.
സക്കറിയയുടെ ചോദ്യവും യെച്ചൂരി നൽകിയ മറുപടിയും ഇങ്ങനെ
സക്കറിയ: ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ബംഗാൾ കമ്യൂണിസ്റ്റ് പാർട്ടിയും കേരള കമ്യൂണിസ്റ്റ് പാർട്ടിയുമൊക്കെയായി. അതുകൊണ്ടാണോ ദേശീയതലത്തിൽ ചുവടുപോയത്?
യച്ചൂരി: അതിനോട് ഞാൻ യോജിക്കുന്നില്ല. കേരളത്തിലെ പാർട്ടിയും ബംഗാളിലെ പാർട്ടിയും അഖിലേന്ത്യാ പാർട്ടിയുടെ ലൈനിന്റെ ഭാഗമാണ്. അത് ഈ സംസ്ഥാനങ്ങളിൽ മികച്ച രീതിയിൽ നടപ്പാക്കിയെന്നു മാത്രമേയുള്ളു. എന്തുകൊണ്ടാണ് കേരളത്തിലും ബംഗാളിലും ക്രിക്കറ്റിനെക്കാൾ ഫുട്ബോൾ ജനപ്രിയമായത്? കാരണം, ഫുട്ബോൾ തൊഴിലാളി വർഗത്തിന്റെ കളിയായിരുന്നു.ക്രിക്കറ്റ് വരേണ്യരുടെയും. അപ്പോൾ, ഈ സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി വളർന്നതിനും ചരിത്രപരമായ കാരണങ്ങളുണ്ട്.
1964ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നത് കൊണ്ടാണ് ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ സജീവമായി നിൽക്കുന്നതെന്നും യെച്ചൂരി പറയുന്നു. സിപിഎം രൂപീകരിച്ചില്ലെങ്കിൽ, അടിയന്തരാവസ്ഥയ്ക്കുശേഷം കോൺഗ്രസിനു സംഭവിച്ചതരം തകർച്ച കമ്യൂണിസ്റ്റ് പാർട്ടിക്കും ഉണ്ടാകുമായിരുന്നു. ഭരണവർഗ പാർട്ടിയായതിനാൽ കോൺഗ്രസിന് തിരിച്ചുവരാനാവും. കമ്യൂണിസ്റ്റുകൾക്ക് അതു പറ്റില്ല. പിളർപ്പ് തെറ്റല്ല, ആവശ്യകതയായിരുന്നു. എല്ലാവരെയും ഒരുമിച്ചു നിർത്തുകയെന്നതാണ് ഇപ്പോൾ വേണ്ടത്. അതു സംഭവിക്കുന്നുണ്ട്. അതിനു വേഗം വേണമെന്നുമാണ് യെച്ചൂരിയുടെ വാക്കുകൾ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!