രോഹിത് ശർമ ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയ ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്ലിയുടെ നായക പദവിക്ക് ഒരിക്കൽക്കൂടി വെല്ലുവിളി ഉയർത്തുന്നതും കണ്ടു. ഇതിനിടെ രോഹിതിന്റെ പരുക്ക് സംബന്ധിച്ച വിവാദം ടീമിലെ ഗ്രൂപ്പിസത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും വഴി തെളിച്ചു.
മഹാമാരിക്കു നടുവിൽ മുങ്ങിപ്പോകുമായിരുന്ന ഒരു വർഷത്തെ ഓർത്തിരിക്കാൻ ഇന്ത്യൻ ക്രിക്കറ്റിന് എക്കാലത്തെയും വലിയൊരു വീഴ്ച മുതൽ ഐതിഹാസികമായൊരു ടെസ്റ്റ് വിജയം വരെ സമ്മാനിച്ചുകൊണ്ടാണ് 2020 കടന്നു പോകുന്നത്. മഹേന്ദ്ര സിങ് ധോണിയില്ലാത്ത കാലത്തെക്കൂടിയാണ് ഈ വർഷം ഇന്ത്യൻ ക്രിക്കറ്റ് അഭിമുഖീകരിക്കാൻ പഠിക്കുന്നത്. കൊവിഡ് അനന്തര ലോകത്ത് വെല്ലുവിളികൾ പുതിയതും അസാധാരണവുമായിരുന്നു. പക്ഷേ, മറ്റ് ഇന്ത്യൻ കായികവിനോദനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റിന് ഒരു പരിധി വരെ അതിനെ അതിജീവിക്കാനായി. ബിസിസിഐയുടെ സമ്പത്തും സ്വാധീനവും മാത്രമല്ല, കൊവിഡിനപ്പുറവും ജീവിതമുണ്ടെന്ന തിരിച്ചറിവ് കൂടിയാണ് യുഎഇയിൽ നടത്തിയ ഐപിഎല്ലിലൂടെ വീണ്ടെടുത്ത ക്രിക്കറ്റ് ദിനങ്ങൾ സമ്മാനിച്ചത്.

ഇന്ത്യയ്ക്കു പുറത്താണെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലാതെ ഐപിഎൽ പൂർത്തിയായി. കർക്കശ നിയന്ത്രണങ്ങളുള്ള ബയോ ബബിളുകൾ പല വമ്പൻ താരങ്ങളെയും മണ്ണിലേക്ക് തിരിച്ചു കൊണ്ടുവന്നു. ശാന്തമായ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളാണോ അതോ ഒരു വലിയ പ്രകടനം നൽകുന്ന ആവേശത്തള്ളിച്ചയാണോ വലുത് എന്നു പലരും ചിന്തിച്ചു നോക്കിയിട്ടുണ്ടാവും. പഞ്ചനക്ഷത്ര തടവറ എന്നാണ് കാഗിസോ റബാഡയെപ്പോലെ ചിലരെങ്കിലും ബയോ ബബിളിനെ വിശേഷിപ്പിച്ചത്. ഇനിയുള്ള കാലത്ത് കളി ഇങ്ങനെ തന്നെയായാൽ പണത്തെക്കാൾ മൂല്യമുള്ള മറ്റു പലതുമുണ്ടെന്ന് മനസ്സിലാക്കി പ്രവർത്തിക്കുമെന്ന് ഉറപ്പിച്ചു ഡേവിഡ് വാർനറെപ്പോലുള്ളവർ.

ലോകം മുഴുവൻ പ്രതിസന്ധി നേരിടുമ്പോഴും ഇഷ്ടപ്പെട്ട കായിക വിനോദത്തിൽ ഏർപ്പെടാൻ കിട്ടുന്ന അവസരം മഹാഭാഗ്യമായി കരുതിയവരും കുറവല്ല. അവർക്കു പോലും ഒഴിഞ്ഞ ഗ്യാലറികൾക്കു നടുവിൽ ആവേശത്തിന്റെ ഊർജസ്രോതസ്സുകൾ ചോർന്നു പോകുന്നതായി തോന്നിയിരിക്കണം. ഓരോ ഷോട്ടിനും പിന്നാലെ പാരമ്യത്തിലേക്കുയരുന്ന ആരവങ്ങൾ തന്നെ എത്രയേറെ ഉത്തേജിതനാക്കുന്നു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞിട്ടുണ്ട്. എഴുപതുകളും എൺപതുകളും കടന്ന സ്കോറുകളുണ്ടായെങ്കിലും കോഹ്ലിയുടെ നിലവാരത്തിനു പോന്ന വർഷമായിരുന്നുമില്ല 2020. നയിച്ച രണ്ടു ടെസ്റ്റുകൾ രണ്ടര ദിവസത്തിൽ തോൽക്കുക, അതിലൊന്നിൽ 36 റൺസിന് ടീം ഓൾഔട്ടാകുക. തീർച്ചയായും കിങ് കോഹ്ലി മറക്കാൻ ആഗ്രഹിക്കുന്ന വർഷം! എങ്കിലും തന്റെ അഭാവത്തിൽ അജിങ്ക്യ രഹാനെയ്ക്കു കീഴിൽ ടീം ഇന്ത്യ പുനരുജ്ജീവിച്ചത് കോഹ്ലിയെ ആശ്വസിപ്പിക്കും. സന്തോഷത്തിനു മാറ്റു കൂട്ടാൻ പതിറ്റാണ്ടിലെ മികച്ച ക്രിക്കറ്റ് താരമെന്ന പദവിയും.

രാഹുൽ തേവാത്തിയ ഒരോവറിൽ നേടിയ അഞ്ച് സിക്സറുകൾ ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. എന്നാൽ, അതിലും വലിയ ഞെട്ടൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ അതിനു മുൻപേ ഏറ്റുവാങ്ങിക്കഴിഞ്ഞിരുന്നു. ഏതു നിമിഷവും പ്രതീക്ഷിക്കാവുന്നതാണെങ്കിലും നേരിടാൻ ഒട്ടും തയാറെടുക്കാൻ കഴിയാത്ത ചില വാർത്തകളുണ്ട്. അങ്ങനെയൊന്നായിരുന്നു എം.എസ്. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം. ഓഗസ്റ്റ് 15നാണ് അതു സംഭവിച്ചത്. സുരേഷ് റെയ്നയും തന്റെ ക്യാപ്റ്റൻ പാത പിന്തുടർന്നു. പക്ഷേ, റെയ്നയ്ക്ക് ഐപിഎല്ലും കളിക്കാനായില്ല. ധോണിയുടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

അതേസമയം, രോഹിത് ശർമ ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയ ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്ലിയുടെ നായക പദവിക്ക് ഒരിക്കൽക്കൂടി വെല്ലുവിളി ഉയർത്തുന്നതും കണ്ടു. ഇതിനിടെ രോഹിതിന്റെ പരുക്ക് സംബന്ധിച്ച വിവാദം ടീമിലെ ഗ്രൂപ്പിസത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും വഴി തെളിച്ചു. പരിമിത ഓവർ ക്രിക്കറ്റിൽ രോഹിത്താണ് കൂടുതൽ മികച്ച ക്യാപ്റ്റൻ എന്ന അഭിപ്രായം ഉയരുന്നത് ഇതാദ്യമല്ല. ഏകദിന ക്രിക്കറ്റിൽ കോഹ്ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ രോഹിത്താണെന്ന താരതമ്യങ്ങളും ഇതിനിടെ ഉയർന്നു. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ സ്ഥാനം അനിശ്ചിതത്വത്തിലായതും, രോഹിത് എന്തുകൊണ്ട് ഓസ്ട്രേലിയയിലെത്തിയില്ല എന്നു തനിക്കറിയില്ലെന്ന് കോഹ്ലി തുറന്നടിച്ചതുമെല്ലാം ചർച്ചകൾക്ക് എരിവും പുളിയും നൽകി. പലപ്പോഴും ധോണി - യുവരാജ് കാലത്തെ അത് ഓർമിപ്പിക്കുകയും ചെയ്തു.

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തോടെ ആ ഫോർമാറ്റിലും കോഹ്ലിയുടെ നേതൃശേഷി ദുർബലമായെങ്കിലും ചോദ്യംചെയ്യപ്പെട്ട് തുടങ്ങുകയാണ്. അജിങ്ക്യ രഹാനെയുടെ ബൗളിങ് ചെയ്ഞ്ചുകളും ഫീൽഡ് സെറ്റിങ്ങും സ്റ്റീവൻ സ്മിത്തിനെപ്പോലുള്ള പ്രഗൽഭർക്കെതിരേ ഒരുക്കിയ കെണിയുമെല്ലാം ചർച്ചാവിഷയമാകുമ്പോൾ വരും ദിനങ്ങൾ കോഹ്ലിക്ക് കൂടുതൽ സമ്മർദത്തിന്റേതാകാമെന്ന സൂചന കൂടിയാണ് ലഭിക്കുന്നത്. ഐപിഎൽ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെങ്കിലും ആഭ്യന്തര സീസൺ ഇനിയും ആരംഭിക്കാൻ സാധിക്കാത്തത് ബിസിസിഐക്കു ക്ഷീണമായി.

ബ്ലാക്ക് ലൈവ്സ് മാറ്റർ വിഷയത്തിൽ മൈക്കൽ ഹോൾഡിങ് നടത്തിയ വികാരഭരിതമായ പ്രസംഗവും വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് കളിക്കാർ മുട്ടുകുത്തി ജോർജ് ഫ്ളോയ്ഡിന് ആദരമർപ്പിച്ചതും വർണ വിവേചനത്തിനെതിരായ രാഷ്ട്രീയത്തെ ക്രിക്കറ്റ് ഗ്രൗണ്ടിലുമെത്തിച്ചു. മുംബൈയിൽ വച്ചുള്ള ഡീൻ ജോൺസിന്റെ അകാല നിര്യാണവും കൊവിഡിനോടുള്ള പോരാട്ടത്തിൽ ചേതൻ ചൗഹാൻ ജീവൻ വെടിഞ്ഞതും വർഷത്തിന്റെ നഷ്ടങ്ങളായി. അല്ലെങ്കിലും ക്രിക്കറ്റിന് വലിയ നേട്ടങ്ങളുണ്ടായ വർഷമായിരുന്നതുമില്ലല്ലോ 2020.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!