റോബീ, ഈ റെക്കോർഡും ക്രിസ്റ്റ്യാനോ അങ്ങെടുക്കുന്നു!
'റൊണാൾഡോ, താങ്കൾക്ക് ഒരു പാട് റെക്കോർഡുകളുണ്ട്. ദയവു ചെയ്ത് ഈ റെക്കോർഡെങ്കിലും എനിക്ക് തന്നെ വിട്ടേക്കൂ..' എന്നായിരുന്നു കീനിന്റെ പോസ്റ്റ്.
ലോകഫുട്ബോളിലെ കഴിഞ്ഞ ഒരു പതിറ്റാണ്ടായുള്ള ചർച്ചയാണ് മെസിയോ റൊണാൾഡോയോ ആരാണ് കേമൻ എന്നുള്ള ചർച്ചകൾ. ക്ലബ് തലത്തിലും കളിമികവിലും ഇരുവരും ഏതാണ്ട് ഇഞ്ചോടിഞ്ച് കിടപിടിക്കുമെങ്കിലും അന്താരാഷ്ട്രതലത്തിൽ രാജ്യത്തിനു വേണ്ടിയുള്ള മത്സരങ്ങളെടുക്കുമ്പോൾ ക്രിസ്റ്റ്യാനോ എന്തു കൊണ്ട് മെസിയേക്കാൾ ഒരു പടി കൂടി മുകളിൽ നിൽക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസത്തെ റൊണാൾഡോയുടെ ലിത്വാനിയക്കെതിരായ ഹാട്രിക്.
കരിയറിലെ എട്ടാമത്തെ ഹാട്രിക് ആണ് റൊണാൾഡോ കഴിഞ്ഞ ദിവസം നേടിയത്. ഇതോടെ 40 വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ ഗോൾ നേടുന്ന കളിക്കാരൻ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഹാട്രിക്കടക്കം നാലു ഗോളുകൾ നേടിയതോടെ യൂറോ ക്വാളിഫയർ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുമായി മാറി, റൊണാൾഡോ. മുമ്പ് 23 ഗോളുകളുമായി മുന്നിലുണ്ടായിരുന്ന റോബി കീനിന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. മത്സരത്തിനു മുമ്പായി റോബി ക്വീൻ ഇൻസ്റ്റാഗ്രാമിൽ ഇരുവരുടെയും ഗോളുകളുടെ എണ്ണം പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത സന്ദേശവും വാർത്തകളിലിടം പിടിച്ചിരുന്നു. 'റൊണാൾഡോ, താങ്കൾക്ക് ഒരു പാട് റെക്കോർഡുകളുണ്ട്. ദയവു ചെയ്ത് ഈ റെക്കോർഡെങ്കിലും എനിക്ക് തന്നെ വിട്ടേക്കൂ..' എന്നായിരുന്നു കീനിന്റെ പോസ്റ്റ്.
Keane on instagram ???????? pic.twitter.com/KRAAqoD1Jn
— Itsdaijon (@DaijonGordon) September 7, 2019
ക്ലബ് തലത്തിൽ മെസി റൊണാൾഡോയെക്കാൾ സ്കോർ ചെയ്ത വർഷമായിരുന്നു കഴിഞ്ഞ സീസൺ. കളിമികവിലും മറ്റും മികച്ചു നിന്ന ലയണൽ മെസി 50 ലധികം ഗോളുകളാണ് ബാഴ്സലോണയ്ക്കായി നേടിയത്. എന്നാൽ റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബായ യൂവന്റസിലേക്ക് ചേക്കേറിയ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം തന്റെ പ്രതാപത്തിനൊത്തുള്ള സീസണായിരുന്നില്ല കഴിഞ്ഞ തവണത്തേത്. ഇറ്റാലിയൻ സീരി എ കിരീടം നേടിയെങ്കിലും ചാംപ്യൻസ് ലീഗിൽ എവിടെയുമെത്താനായില്ല, റോണോയ്ക്ക്.
എങ്കിലും അന്താരാഷ്ട്രതലത്തിലെത്തുമ്പോൾ ക്രിസ്റ്റ്യാനോയാണ് പോർച്ചുഗൽ ടീമിന്റെ നട്ടെല്ല് എന്ന് വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനം. എണ്ണം പറഞ്ഞ ഈ നാലു ഗോളുകളോടെ റൊണാൾഡോയുടെ അന്താരാഷ്ട്രമത്സരങ്ങളിലെ ഗോളുകളുടെ എണ്ണം 93 ആയി ഉയർന്നു. ഏഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഗോൾ വലയിലെത്തിച്ചായിരുന്നു റൊണാൾഡോ കളി തുടങ്ങിയത്. തുടർന്ന് മൂന്ന് ഗോളുകൾ കൂടി നേടി നേട്ടം ഉയർത്തി.
കളി കാണാനുണ്ടായിരുന്ന ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോർഗനടക്കമുള്ളവരുടെ പ്രശംസയും ക്രിസ്റ്റ്യാനോയെ തേടിയെത്തി. ക്ലബ് തലത്തിൽ മെസിയ്ക്ക് ഒരു പടി മുൻതൂക്കമുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ റൊണാൾഡോ തന്നെയാണ് ഗോട്ട് (GOAT) എന്ന ട്വീറ്റുമായി മോർഗൻ എത്തിയതോടെ ആരാണ് കേമൻ എന്ന ചർച്ചകൾക്കും സോഷ്യൽ മീഡിയയിൽ വീണ്ടും ജീവൻ വെച്ചിരിക്കുകയാണ്.