19 വര്‍ഷം അമേരിക്കന്‍ രാഷ്ട്രീയബോധത്തെ അവര്‍ തേച്ചുമിനുക്കി; ന്യൂസ് അവര്‍ ഇനിയില്ല മാര്‍ക്കിനും ബ്രൂക്സിനുമൊപ്പം
അമേരിക്കയുടെ മാത്രമല്ല ലോകത്തെങ്ങുമുള്ള ടെലിവിഷന്‍ പ്രേക്ഷകരെ ആഴത്തില്‍ ചിന്തിപ്പിച്ച ജനപ്രിയ ഷോ ആയിരുന്നു പിബിഎസ് ന്യൂസ് അവര്‍. 19 വര്‍ഷത്തിന് ശേഷം ആ ഷോ അവസാനിപ്പിച്ചിരിക്കുകയാണ് മാര്‍ക്ക് സ്റ്റീഫന്‍ ഷീല്‍ഡ്സും ഡേവിഡ് ബ്രൂക്സും.
അമേരിക്കന്‍ ജനതയുടെ ഗതി നിയന്ത്രിച്ചിരുന്ന ടിവി ഷോ അവസാനിച്ചു.
പ്രസിദ്ധരായ പത്രപ്രവര്‍ത്തകരും കോളമിസ്റ്റുകളുമായ മാര്‍ക്ക് സ്റ്റീഫന്‍ ഷീല്ഡസും, ഡേവിഡ് ബ്രൂക്സും ചേര്‍ന്ന് ജൂഡി വുഡ്റൂഫിനൊപ്പം രാഷ്ട്രീയകാര്യങ്ങള്‍ വിശകലനം ചെയ്യുന്ന പ്രസിദ്ധമായ ഒരു ടിവി ഷോ ഉണ്ടായിരുന്നു. വിഞ്ജാനവും വിനോദവും ഒരുപോലെ പ്രദാനം ചെയ്യുന്ന ആ ടിവി പ്രോഗ്രാം അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ 19 സംവത്സരക്കാലം അമേരിക്കക്കാരുടെ പൊതു സ്വഭാവത്തെ നിര്‍വചിക്കുന്ന ശുഭാപ്തിവിശ്വാസം, പൊതുനന്മയ്ക്കായുള്ള കൂട്ടായ ത്യാഗം എന്നിവ ചര്‍ച്ച ചെയ്യുന്ന 'പി ബി എസ് ന്യൂസ് അവര്‍' അനേകായിരങ്ങളെ ഇക്കണ്ടകാലമത്രയും ഹരംകൊള്ളിച്ചിരുന്നു. ഈ രസകരമായ ഷോ നിര്‍ത്തിയെങ്കിലും മാര്‍ക്ക് ഷീല്‍ഡ് 'ന്യൂസ് അവര്‍' കുടുംബത്തിന്റെ ഭാഗമായി തുടരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
യഥാര്‍ത്ഥത്തില്‍ ഇവരുടെ കൂട്ടുകെട്ടില്‍ ഉരുത്തിരിയുന്നത് നര്‍മ്മഭാഷണം മാത്രമല്ല, ബുദ്ധിപരമായ ഉള്‍ക്കാഴ്ചയും രാഷ്ട്രീയ സംഭവവികാസങ്ങളോടുള്ള നിലപാടുകളും ദിശാബോധവും പൊതുജനത്തിന് നല്‍കുകയായിരുന്നു. ഇരുവരും തമ്മില്‍ പല കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയെ സമന്വയിപ്പിച്ച് എങ്ങനെ സുഗമമായി മുന്നോട്ടുപോകാമെന്ന് ആ ഷോ പറഞ്ഞുതരുന്നു.

കഴിഞ്ഞ 19 വര്‍ഷമായി എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലുമാണ് മാര്‍ക്ക് ഷീല്ഡസും ഡേവിഡ് ബ്രൂസും ''പിബിഎസ് ന്യൂസ് അവറില്‍'' രാഷ്ട്രീയം സംസാരിക്കാന്‍ ഒത്തുകൂടിയിരുന്നത്. 83 വയസ്സുള്ള മാര്‍ക്ക് 33 വര്‍ഷത്തിനുശേഷം, ചാനലിലെ പതിവ് ചുമതലകളില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഒട്ടേറെപ്പേര്‍ നിരാശയോടെ വീര്‍പ്പടക്കിയിരുന്നു.
ഇരുവരും പത്രപ്രവര്‍ത്തനത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിരുന്നതിന്റെ അനുഭവബലം കൈമുതലാക്കിയിരുന്നു. ടിവി ഷോയില്ക്കൂടി അമേരിക്കന്‍ നേതൃത്വം വഞ്ചനയോ സത്യസന്ധതയോ അടിസ്ഥാന മര്യാദയുടെ നിലവാരം പുലര്‍ത്തുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുമ്പോഴൊക്കെ ഇവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാന്‍ തിടുക്കം കാട്ടിയിട്ടുണ്ട് - പലപ്പോഴും അത് പ്രേഷകരെ ചൊടിപ്പിക്കുകയും പ്രകോപിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
സമത്വപരമായ പെരുമാറ്റത്തെ വിലമതിക്കുന്ന ഒരു തലമുറയില്‍ നിന്നാണ് ഇവര്‍ വരുന്നത്: തങ്ങള്‍ മറ്റാരെക്കാളും മികച്ചവരല്ല, ''ന്യൂസ് അവറിലെ'' എല്ലാവര്ക്കും സാക്ഷ്യപ്പെടുത്താന്‍ കഴിയുന്നതുപോലെ, മാര്‍ക് എല്ലാവരോടും തുല്യ ദയയോടെയാണ് പെരുമാറിയിരുന്നതെന്ന് ഡേവിഡ് ബ്രൂക്സ് സാക്ഷ്യപ്പെടുത്തുന്നു. മഹത്തായ സൈനിക സേവനം വ്യാപകമായിരുന്ന ഒരു തലമുറയില്‍ നിന്നാണ് മാര്‍ക് വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

1937 ല്‍ ഒരു ഐറിഷ് കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച മാര്‍ക്ക് സ്റ്റീഫന്‍ ഷീല്‍ഡസ് ഒരു രാഷ്ട്രീയ കോളമിസ്റ്റ് മത്രമല്ല, ഒന്നാന്തരം കമന്റേറ്റര്‍ കൂടിയാണ്. അമേരിക്കയില്‍ നിരവധി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി അദ്ദേഹം നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988 മുതല്‍ 2020 വരെ പിബിഎസ് ന്യൂസ് അവറിനായി പ്രതിവാര രാഷ്ട്രീയ വിശകലനവും വ്യാഖ്യാനവും നല്കിപ്പോന്നിരുന്നു. 2001 മുതല്‍ 2020 വരെ ന്യൂയോര്‍ക്ക് ടൈംസില്‍ ഡേവിഡ് ബ്രൂക്സ് സജീവമായിരുന്നു. 1960 കളുടെ തുടക്കത്തില്‍, മാര്‍ക് ഷീല്‍ഡ്സ് ഫ്ലോറിഡയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈന്‍ കോര്‍പ്സില്‍ സേവനമനുഷ്ഠിച്ചു. 1965 ല്‍ അദ്ദേഹം വാഷിംഗ്ടണിലേക്ക് പോയി, അവിടെ വിസ്കോണ്‍സിന്‍ സെനറ്റര്‍ വില്യം പ്രോക്സ്മെയറിന്റെ സഹായിയായി. 1968 ല്‍ റോബര്‍ട്ട് എഫ്. കെന്നഡിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണസംഘത്തില്‍ ചേര്‍ന്നു. പിന്നീട് എഡ്മണ്ട് മസ്കിയുടെയും മോറിസ് ഉഡാലിന്റെയും പ്രസിഡന്റ് പ്രചാരണങ്ങളില്‍ നേതൃസ്ഥാനം വഹിച്ചു. അങ്ങനെ ഏതാണ്ട് 38 ഓളം സംസ്ഥാനങ്ങളിലെ സംസ്ഥാന, പ്രാദേശിക പ്രചാരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹം സഹായിച്ചു.
ഷീല്‍ഡ്സ് 1979 ല്‍ ദി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ മുഖപ്രസംഗം എഴുത്തുകാരനായി. അതേ വര്‍ഷം തന്നെ അദ്ദേഹം ഒരു കോളവും എഴുതിത്തുടങ്ങി, അത് ഇപ്പോള്‍ ക്രിയേറ്റേഴ്സ് സിന്‍ഡിക്കേറ്റ് ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുക്കുന്നുണ്ട്. കഴിഞ്ഞ 12 പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയും 24 ദേശീയ പാര്‍ട്ടി കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ഡേവിഡ് ബ്രൂക്സ് ആകട്ടെ, ദി വാഷിംഗ്ടണ്‍ ടൈംസിന്റെ ചലച്ചിത്ര നിരൂപകനായി രംഗത്തുവന്ന ആളാണ്. പിന്നീട് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടറും തുടര്‍ന്ന് എഡിറ്ററുമായി. ദി വീക്ക്ലി സ്റ്റാന്‍ഡേര്‍ഡിലെ സീനിയര്‍ എഡിറ്റര്‍, ന്യൂസ് വീക്കിലെ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റര്‍, ദി അറ്റ്ലാന്റിക് മാസിക, എന്‍പിആര്‍, പിബിഎസ് ന്യൂസ് അവര്‍ എന്നിവയില്‍ കമന്റേറ്റര്‍ എന്നിങ്ങനെ ശ്രദ്ധേയനായ വ്യക്തിയാണ്.

ഒന്റാറിയോയിലെ ടൊറന്റോയിലാണ് ബ്രൂക്ക്സ് ജനിച്ചത്, ലോവര്‍ മാന്‍ഹട്ടനിലെ ഇടത്തരം വരുമാനമുള്ള സ്റ്റൈവെസന്റ് ടൗണ്‍ ഭവന വികസനത്തിനായി അദ്ദേഹം തന്റെ ആദ്യകാലം ചെലവഴിച്ചു. പിതാവ് ന്യൂയോര്‍ക്ക് സര്‍വകലാ ശാലയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. മാതാവ് കൊളംബിയ സര്‍വ കലാശാലയിലെ അധ്യാപികയും. 12 വയസ്സുള്ളപ്പോള്‍, അദ്ദേഹത്തിന്റെ കുടുംബം ഫിലാഡല്‍ഫിയയിലെ സമ്പന്നമായ പ്രാന്തപ്രദേശങ്ങളായ ഫിലാഡല്‍ഫിയ മെയിന്‍ ലൈനിലേക്ക് മാറി. 1979 ല്‍ റാഡ്നര്‍ ഹൈസ്കൂളില്‍ പഠിച്ച ശേഷം ബ്രൂക്ക്സ് ചരിത്രത്തില്‍ ബിരുദം നേടി.

അന്നുമുതലേ, കാമ്പസ് പ്രസിദ്ധീകരണങ്ങളില്‍ ബ്രൂക്ക്സ് പതിവായി അവലോകനങ്ങളും ആക്ഷേപഹാസ്യങ്ങളും എഴുതിപ്പോന്നു. ബിരുദാനന്തരം, ചിക്കാഗോയിലെ സിറ്റി ന്യൂസ് ബ്യൂറോയുടെ ക്രൈം റിപ്പോര്‍ട്ടറായി ബ്രൂക്സ് മാറി, തുടര്‍ന്ന് വാഷിംഗ്ടണ്‍ ടൈംസിനായി സിനിമാ അവലോകനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു.
1986-ല്‍ ബ്രൂക്ക്സിനെ ദി വാള്‍സ്ട്രീറ്റ് ജേണല്‍ നിയമിച്ചു, അവിടെ അദ്ദേഹം പുസ്തക അവലോകന വിഭാഗത്തിന്റെ പത്രാധിപരായിരുന്നു. 2019 നവംബര്‍ 21 ന് ലോകത്താകെ പടരുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ഡേവിഡ് ബ്രൂക്സ് എഴുതിയ ലേഖനം മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന് തര്‍ജ്ജമ ചെയ്തതിനെ കുറിച്ച് ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് ആര് വിമര്ശിച്ചതിനെത്തുടര്ന്നുണ്ടായ വിവാദം മലയാളികള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ.
2001ല്‍ ആണ് മാര്‍ക്ക് സ്റ്റീഫന്‍ ഷീല്ഡസുമായി ചേര്‍ന്ന് ജൂഡി വുഡ്റൂഫിനൊപ്പം പി ബി എസ് ന്യൂസ് അവര്‍ തുടങ്ങിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!