ധോണിയുടെ 'സ്പെഷ്യല്‍' പത്രസമ്മേളനങ്ങളും റിട്ടയര്‍മെന്റും
കഴിഞ്ഞ ദിവസമാണ് വൈകിട്ട് ഏഴുമണിക്ക് ധോണി പത്രസമ്മേളനം വിളിക്കുന്നെന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുമെന്നുമുള്ള തരത്തിലുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വരുന്ന വാര്‍ത്തകളിലൊന്നാണ് ധോണിയുടെ അപ്രതീക്ഷിത പത്രസമ്മേളനവും വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന ഫേക്ക് വാര്‍ത്തയും. ധോണിയുടെ ഫേക്ക് പത്രസമ്മേളന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ ട്രന്‍ഡിങ് ലിസ്റ്റിലും കയറിക്കൂടി. ദിവസവും ഉച്ച കഴിയുമ്പോഴാണ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള പത്രസമ്മേളനം വൈകിട്ട് 7 മണിക്കുണ്ടാവുമെന്ന രൂപത്തിലുള്ള ഫേക്ക് വാര്‍ത്തകള്‍ ട്വിറ്ററിലും വാട്ട്സ് അപ്പിലുമൊക്കെ ട്രന്‍ഡിങ്ങായത്.
ധോണി വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ തന്നെ ഇത് വിരമിക്കുന്നതിന്റെ സൂചനകളാണെന്ന വാര്‍ത്തകള്‍ നേരത്തെ പരന്നിരുന്നു. ലോകകപ്പില്‍ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ റണ്ണൗട്ട് ആയി നിരാശനായ മടങ്ങിയ ധോണിയുടെ ചിത്രം മനസിലോര്‍ത്ത് സാങ്കേതികമായി അന്താരാഷ്ട്രക്രിക്കറ്റിലെ അദ്ദേഹത്തിന്റെ അവസാന മത്സരമായിരുന്നു അതെന്ന് കരുതുന്നവരും ഏറെ. പകരക്കാരനായ റിഷഭ് പന്താണെങ്കില്‍ ധോണിയുടെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസില്‍ തരക്കേടില്ലാത്ത പ്രകടനവും കാഴ്ചവെച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് വൈകിട്ട് ഏഴുമണിക്ക് ധോണി പത്രസമ്മേളനം വിളിക്കുന്നെന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുമെന്നുമുള്ള തരത്തിലുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നത്. വിരമിക്കല്‍ പ്രഖ്യാപനതീരുമാനത്തിന് കൊഴുപ്പ് പകര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഒരു ട്വീറ്റും കൂടി പ്രചരിക്കപ്പെട്ടു. ധോണിയ്ക്കു മുന്നില്‍ മുട്ടുകുത്തി സാഷ്ടാംഗം നമിക്കുന്ന ഫോട്ടോയായിരുന്നു കോഹ്ലി ട്വീറ്റ് ചെയ്തത്. 2016 ലെ ലോക ടി 20 ലോകകപ്പില്‍ ആസ്ട്രേലിയയെ തകര്‍ത്ത ധോണി- കോഹ്ലി പാര്ട്ണര്ഷിപ്പിനിടയില് ഇരുവരും വിജയാഹ്ളാദം പങ്കുവെക്കുന്ന ഫോട്ടോയ്ക്കൊപ്പം എനിക്ക് മറക്കാന്‍ കഴിയാത്ത മത്സരം. നന്ദി ഈ മനുഷ്യന്. കാരണം ഈ മനുഷ്യന് ഒരു ഫിറ്റ്നസ് ടെസ്റ്റിലെന്ന പോലെ എന്നെ ഓടിച്ചു. എന്ന കോഹ്ലിയുടെ വാക്കുകളുമുണ്ടായിരുന്നു.
A game I can never forget. Special night. This man, made me run like in a fitness test ???? @msdhoni ???????? pic.twitter.com/pzkr5zn4pG
— Virat Kohli (@imVkohli) September 12, 2019
ഇതോടെയാണ് ധോണി വിരമിക്കുന്നതിനു മുന്നോടിയായി, മുന്ക്യാപ്റ്റനു നന്ദിയറിയിച്ചുള്ള കോഹ്ലിയുടെ ട്വീറ്റാണിതെന്ന രൂപത്തിലുള്ള വ്യാഖ്യാനങ്ങള്‍ വന്നത്. അന്ന് 161 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, കോഹ്ലി- ധോണി സഖ്യത്തിന്റെ പുറത്താകാതെയുള്ള 67 റണ്‍സ് പാര്‍ട്ണര്‍ഷിപ്പിലൂടെയാണ് വിജയവഴിയിലെത്തിയത്.
കോഹ്ലിയുടെ ട്വീറ്റും ധോണിയുടെ പത്രസമ്മേളനമെന്ന വാര്‍ത്തയും വൈറലായതോടെ ധോണിയുടെ വിരമിക്കല്‍ തീര്ച്ചയാക്കിയവരില് പ്രമുഖരടക്കമുള്ളവരും ഉണ്ടായിരുന്നു. ചെസ് ചാംപ്യന്‍ വിശ്വനാഥന് ആനന്ദ് ധോണിയ്ക്ക് വരും കാല ജീവിതത്തില്‍ ആശംസകളുമായും എത്തി. ധോണിയുടെ കരിയറില്‍ ഇനിയൊന്നും നേടാനോ തെളിയിക്കാനോ ഇല്ലെന്നായിരുന്നു ആനന്ദിന്റെ പ്രസ്താവന.
ഒടുവില്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദും ധോണിയുടെ ഭാര്യ സാക്ഷിയും വാര്‍ത്തകള്‍ തികച്ചും തെറ്റാമെന്നും ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോഴാണ് അഭ്യൂഹങ്ങള്‍ കെട്ടടങ്ങിയത്.