"പരീക്ഷ" എന്ന ചലച്ചിത്രത്തിൽ സ്നിഗ്ധവും വശ്യവുമായ പ്രണയപരതയിൽ മുങ്ങിനിൽക്കുന്ന "അവിടുന്നെൻ ഗാനം കേൾക്കാൻ..." എന്നവരികളിൽ തുടങ്ങുന്ന ഗാനത്തിലെ സംഗീതത്തെ കുറിച്ചാണ് ഇത്തവണത്തെ 'മധുരമീഗാന'ത്തിൽ
ഹൃദയമിടിപ്പുകൊണ്ട് സംഗീത സംവിധാനം നിർവഹിച്ച മലയാളത്തിലെ അപൂർവ്വം പ്രതിഭകളിലൊരാണ് എം. എസ്. ബാബുരാജ്. ഹിന്ദുസ്ഥാനി രാഗങ്ങളുടെ അടിസ്ഥാനത്തിൽ ലളിതവും ശ്രുതിമധുരവുമായി ഗാനങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ മാന്ത്രിക വിരലുകളായിരുന്നു അദ്ദേഹത്തിന്റേത്.
കോഴിക്കോടൻ സാംസ്കാരിക പൈതൃകവും ജന്മസിദ്ധമായ ഉത്തരേന്ത്യൻ സംഗീത പാരമ്പര്യവും മാപ്പിളപ്പാട്ടിന്റെ നാട്ടറിവും കേട്ടറിവും. അക്കാലത്തെ സായഹ്നങ്ങളിൽ തെരുവകളെ സംഗീതസാന്ദ്രമാക്കിയ മാളികമുകളിലെ ക്ലബ്ബുകളുടെ സ്വാധീനം, ക്രൈസ്തവർ വഴി കോഴിക്കോടിന് പരിചിതമായ പാശ്ചാത്യ സംഗീത സമ്പ്രദായങ്ങൾ, കലാകാരന്റെ സർഗാത്മകതയ്ക്ക് വളർച്ചയ്ക്കനഗുണമായി. മാപ്പിളപ്പാട്ടുകാരൻ എന്നതിൽ നിന്നും മനുഷ്യമനസ്സുകളെ ഊട്ടിയുറക്കിയ അത്ഭുതപ്രതിഭാസമായി വളർന്നു കോഴിക്കോടുകാരുടെ ബാബുക്ക.
പി. ഭാസ്കരൻ- ബാബുരാജ് കൂട്ടുകെട്ട് മലയാളത്തിലെ ശ്രദ്ധേയമായ ഗാനങ്ങൾ സൃഷ്ടിച്ചു. നാടൻബിംബങ്ങളും ആശയപ്പൊരുത്തവും നിറഞ്ഞ വരികളെ സരളവും ആകർഷകവുമായ ട്യൂണുകളിലൂടെ ബാബുരാജ് അണിയിച്ചൊരുക്കി. അങ്ങനെയുള്ള നിരവധി ഗാനങ്ങളിൽ ഒരു ഗാനമാണ് ഇത്തവണ. എസ് ജാനകി പാടി മലയാളികളുടെ ഹൃദയത്തിന്റെ കരം പിടിച്ചതാണീ പാട്ട്. .
"പരീക്ഷ" എന്ന ചലച്ചിത്രത്തിൽ സ്നിഗ്ധവും വശ്യവുമായ പ്രണയപരതയിൽ മുങ്ങിനിൽക്കുന്ന "അവിടുന്നെൻ ഗാനം കേൾക്കാൻ..." എന്നവരികളിൽ തുടങ്ങുന്ന ഗാനം. അതിന് ബാബുരാജ് കല്യാണി രാഗത്തിൽ നിന്നും സസൂക്ഷ്മം വാരിയെടുത്ത മുത്തുകൾ കോർത്ത് ...... സിത്താറിന്റെ ഇൻട്രോഡക്ടറി നോട്ട് നിർത്തിയേടത്തു നിന്ന് തുടങ്ങുന്ന ആ വിരുത്തം തന്നെ നിർമ്മലമായ പ്രണയ പാരവശ്യത്താൽ ബന്ധിതയായ ഏതുകാമുകിയും പാടാൻ ബാക്കിവച്ച ഭാവതീവ്രതയാണ് വെളിപ്പെടുത്തുന്നത്.
ഇതിലെ പല്ലവി അനാവൃതമാക്കുന്നത് അവളുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും ഒലിച്ചിറങ്ങുന്നതായി തോന്നുന്ന അതീവ ഓമനത്തുമുള്ള സ്വരച്ചാലുകൾ. 'വെളിയിൽ വരാൻ എന്തൊരു നാണം' എന്ന വരി രണ്ടാംതവണ ആവർത്തിക്കുമ്പോൾ വരാൻ എന്ന ഭാഗത്ത് ബാബുക്കയുടെ സിഗ്നേച്ചറായ ആ മധുരമായ മോഡിഫിക്കേഷൻ. പല്ലവി പാടിത്തുടങ്ങുമ്പോഴേക്കും അവിടുന്നെൻ ഗാനം കേൾക്കാൻ എന്ന് പാടിനിർത്തുമ്പോഴുള്ള വിരാമം. ഈ മൂഡിനെ ഇനിയും കൂടുതൽ സമ്പുഷ്ടമാക്കാനും ഇമ്പമയമാക്കാനുമായി എത്തുന്ന ബാംസുരിയുടെ ഉൾമൊഴി. അതുകഴിയുമ്പോഴേക്കും സിത്താറിന്റെ തുടർച്ച പല്ലവിയിൽ. നിന്നും അനുപല്ലവിയിലേക്കുള്ള പ്രയാണം അതീവ സുഗമമാക്കുന്ന മികച്ച ഒരു ഇന്റർല്യൂഡ്. അനുപല്ലവിയിലേക്ക് അതിസൂക്ഷ്മവും ലോലവുമായ ഒരു ഊയലാട്ടൽ.
ഉദ്യാനപാലക എന്ന പാട്ടിനെ കുറിച്ചറിയാൻ : കല്യാണി രാഗത്തിലെ സ്വപ്നോദ്യാനം
ചിത്രം | ജയകൃഷ്ണൻ