നിയമനങ്ങള്‍ മരവിപ്പിച്ചു; സമ്പദ്രംഗം തകര്‍ച്ചയിലെന്ന് പഠനം
ഇന്ത്യ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ എല്ലാ രംഗങ്ങളിലും മരവിപ്പ് ശക്തമാവുകയാണ്. സമസ്തമേഖലയിലും നിയമനങ്ങള്‍ മരവിപ്പിച്ചാണ് മാന്ദ്യം മറികടക്കാന്‍ ശ്രമിക്കുന്നത്. തൊഴിലില്ലായ്മ ഇന്ത്യയിലെ ഉപഭോഗമേഖലയെയും ബാധിച്ചു തുടങ്ങിയതായാണ് പഠനങ്ങളും റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.
കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. അതിനൊപ്പമാണ് മിക്കവാറും എല്ലാ മേഖലകളിലും തൊഴിലവസരങ്ങളുടെ സ്ഥിതി. നിലവില്‍ ഇക്കാര്യത്തില്‍ സ്ഥിതി നിരാശജനകമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, വാഹനനിര്‍മ്മാതാക്കള്‍, ഗതാഗത രംഗം, അടിസ്ഥാന സൗകര്യ രംഗത്തെ കമ്പനികള്‍ എന്നിവരൊക്കെ തങ്ങളുടെ ഒഴിവുകള്‍ നികത്തുന്നത് വൈകിപ്പിക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.കെയര്‍ റേറ്റിങ്സ് ലിമിറ്റഡ് നടത്തിയ പഠനത്തിലാണ് ഇത് രേഖപ്പെടുത്തുന്നത്. മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ആയിരത്തോളം കമ്പനികളില്‍ നിന്നുള്ള വാര്‍ഷിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
സമ്പദ് വ്യവസ്ഥയുടെ സിംഹഭാഗവും വഹിക്കുന്ന സേവന മേഖല മാത്രമാണ് തൊഴില്‍ വളര്‍ച്ച കാണിക്കുന്ന ഏക രംഗം എന്നും പഠനം വ്യക്തമാക്കുന്നു. ഇതേ സമയം തന്നെ ഓട്ടോമൊബൈല്‍ രംഗത്ത് ലക്ഷക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടമായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു കഴിഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ആഴം കൂടുതല്‍ വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്.
മന്ദഗതിയിലായ നിയമനങ്ങള്‍ ഉപഭോഗ മേഖലയില്‍ നിലവില്‍ തന്നെ ദുര്‍ബലമായ അവസ്ഥ എന്നിവ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പിന്നോട്ടടിപ്പിക്കുന്നു. മാര്‍ച്ചില്‍ അവസാനിക്കുന്ന നാലാംപാദത്തില്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് വളര്‍ച്ചനിരക്ക് എത്തിയത്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നത് സാമൂഹിക അസ്വസ്ഥകള്‍ സൃഷ്ടിക്കുന്നതിനും ആകര്‍ഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമായി അവതരിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രതിച്ഛായയെ തകര്‍ക്കുന്നതിനും കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
മാര്‍ച്ച് 2017ല്‍ 5.44 മില്യണ്‍ തൊഴിലായിരുന്നുവെങ്കില്‍ 2018ല്‍ അത് 5.78 മില്യണായി. അതായത് വര്‍ധന 6.2 ശതമാനം മാത്രമെന്ന് കെയര്‍ പറയുന്നു. എന്നാല്‍ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ വര്‍ധന 4.3ശതമാനം കുറവാണ്. 6.03 മില്യണായി തന്നെ തുടരുകയാണ് തൊഴില്‍ ഉള്ളവരുടെ എണ്ണം.
ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഔട്ട്സോഴ്സിങ് വര്‍ധിച്ചതായി കെയര്‍ പറയുന്നു. ഇരുമ്പ്, ഉരുക്ക്, ഖനന മേഖലയിലെ കമ്പനികളില്‍ വളര്‍ച്ച കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. ഉല്‍പ്പാദന കുറവും കടബാധ്യതകളുമായി ബന്ധപ്പെട്ടാണിത്. ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ ആസ്തിബാധ്യതകളില് വളരെയധികം വര്‍ധിച്ചു നില്ക്കുകയാണെന്നതെന്നുമാണ് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നത്.
ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ബാങ്കുകള്‍ പുറംകരാറും പുനഃസംഘടനയും നിര്ബന്ധവമായും വൊളന്ററിയായും നടപ്പാക്കുകയാണെന്ന് കെയര്‍ പറയുന്നു. മൂലധനം കൂട്ടാനും നിഷ്ക്രിയാസ്തി കുറയ്ക്കാനും കഴിയാതെ ദുര്‍ബലമായ പൊതുമേഖലാ ബാങ്കുകള്‍ പുതിയ നിയമനങ്ങള്‍ നിര്‍ത്തിയിരിക്കുകയാണെന്നും കെയര്‍ റിപ്പോര്‍ട്ട് പറയുന്നു.