മൂന്ന് കമ്പനികൾ, സ്വപ്ന സുരേഷിന്റെ മൊഴി; ബിനീഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുമ്പോൾ
സ്വപ്നാ സുരേഷിന്റെ ലോക്കറിലും ബാങ്ക് അക്കൗണ്ടിലുമായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ചുളള ചോദ്യം ചെയ്യലിലാണ് യുഎഎഫ്എക്സ് എന്ന കമ്പനിയുടെ പേര് ഉയർന്നത്. തിരുവനന്തപുരത്തെ യുഎഎഫ്എക്സ് എന്ന കമ്പനി വഴിയാണ് തനിക്ക് കമ്മീഷൻ ലഭിച്ചതെന്ന് അറസ്റ്റിലായ സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് നൽകിയ മൊഴിയെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും നടനുമായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് ബിനീഷിനോട് നിർദേശിച്ചിരുന്നത്. അഭിഭാഷകൻ മുഖേന ബിനീഷ് ആറ് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അത് അനുവദിച്ചില്ല. തുടർന്നാണ് രാവിലെ പറഞ്ഞസമയത്തിന് മുൻപെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ ബിനീഷ് ഹാജരായത്. ബംഗ്ളൂരുവിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിന് പങ്കാളിത്തമുളള കമ്പനികൾ വിവാദത്തിലായതിന് പിന്നാലെയാണ് സ്വർണക്കടത്തിലും ചോദ്യം ചെയ്യൽ നേരിടേണ്ടി വരുന്നത്.
സ്വപ്നാ സുരേഷിന്റെ ലോക്കറിലും ബാങ്ക് അക്കൗണ്ടിലുമായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ചുളള ചോദ്യം ചെയ്യലിലാണ് യുഎഎഫ്എക്സ് (UAFX) എന്ന കമ്പനിയുടെ പേര് ഉയർന്നത്. തിരുവനന്തപുരത്തെ UAFX എന്ന കമ്പനി വഴിയാണ് തനിക്ക് കമ്മീഷൻ ലഭിച്ചതെന്നും ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്നും അറസ്റ്റിലായ സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.
യുഎഇ കോൺസുലേറ്റിലെ വിസ, സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന UAFX കമ്പനി, ബിനീഷിൻറെ പേരിൽ ബംഗളുരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവ മുൻനിർത്തിയാണ് ബിനീഷിനെതിരെയുളള അന്വേഷണം. യുഎഎഫ്എക്സ് ഉടമ അബ്ദുൽ ലത്തീഫ് ബിനീഷിൻറെ ബിനാമിയാണെന്നാണ് ആരോപണം. ഈ കമ്പനിയാകട്ടെ അബ്ദുൾ ലത്തീഫ് അടക്കം മൂന്നുപേർ ഡയറക്ടർമാരായി 2018ൽ രൂപീകരിച്ചതാണ്. തിരുവനന്തപുരം ആസ്ഥാനമായ കമ്പനിയുടെ മുഴുവൻ പേര് യുഎഎഫ്എക്സ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. വിദേശ കറൻസി കൈമാറ്റം അടക്കം അനധികൃത ഇടപാടുകളാണോ ഈ കമ്പനി വഴി നടന്നതെന്നാണ് എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നത്.
ഇതിന് പുറമെ ബിനീഷ് ഡയറക്ടറായി 2015ൽ ബംഗ്ളൂരുവിൽ രജിസ്റ്റർ ചെയ്ത ബികെ കാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ബി കാപിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികൾ പ്രവർത്തന രഹിതമായിരുന്നു. വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇവയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ബംഗ്ളൂരു ലഹരിമരുന്ന് കേസിൽ നർക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്ത അനുപ് മുഹമ്മദ് നൽകിയ മൊഴിയിൽ ഹോട്ടൽ ബിസിനസ് തുടങ്ങുവാൻ ബിനീഷ് കോടിയേരി സാമ്പത്തികമായി സഹായിച്ചതായി പറഞ്ഞിരുന്നു. ബംഗ്ളൂരു ലഹരിമരുന്ന് കേസ്, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഈ കമ്പനികൾ വഴി സാമ്പത്തിക ഇടപാടുകൾ നടന്നോ എന്നും ഇത് അനധികൃതമാണോ എന്നുമാണ് എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!