പ്രധാനമന്ത്രിയുടെ യഥാർഥ നിലപാട് എന്താണ്? വാക്സിൻ വിഷയത്തിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി
വാക്സിനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയും ബിജെപിയും കേന്ദ്ര സർക്കാരും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്. വാക്സിനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയും ബിജെപിയും കേന്ദ്ര സർക്കാരും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
'പ്രധാനമന്ത്രി- എല്ലാവർക്കും വാക്സിൻ ലഭിക്കും, ബിഹാർ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി- ബിഹാറിലെ എല്ലാവർക്കും സൗജന്യ വാക്സിൻ ലഭിക്കും, ഇപ്പോൾ ഗവൺമെന്റ്- എല്ലാവർക്കും വാക്സിൻ നൽകുമെന്നു ഒരിക്കലും പറഞ്ഞിട്ടില്ല, പ്രധാനമന്ത്രിയുടെ യഥാർത്ഥ നിലപാട് എന്താണ്', രാഹുൽ ഗാന്ധി ചോദിച്ചു.
PM- Everyone will get vaccine.
— Rahul Gandhi (@RahulGandhi) December 3, 2020
BJP in Bihar elections- Everyone in Bihar will get free vaccine.
Now, GOI- Never said everyone will get vaccine.
Exactly what does the PM stand by?
രോഗ വ്യാപനം ഇല്ലാതാകുന്ന രീതിയിൽ ആളുകൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നു ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമുമ്പ്, അതിനെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങൾ അറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത് നല്ലതാണെന്ന് ഞാൻ ആവർത്തിച്ചു പറയുന്നു. രാജ്യത്ത് മൊത്തം കുത്തിവെപ്പ് നൽകുന്നതിനെപ്പറ്റി ഒരിക്കലും സംസാരിച്ചിട്ടില്ല', ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. നിർണായക ജനവിഭാഗത്തിന് വാക്സിൻ നൽകി കൊവിഡ് വ്യാപനം ഇല്ലാതാക്കാൻ സാധിച്ചാൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകേണ്ടി വരില്ലെന്നു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മേധാവി ഡോ. ബൽറാം ഭാർഗവ വ്യക്തമാക്കി.
കഴിഞ്ഞ മാസം ബിഹാർ തിരഞ്ഞെടുപ്പ് വേളയിൽ പ്രകടന പത്രിക പുറത്തിറക്കവേ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാക്കള് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!