പാലത്തിൽ നിന്നും പിന്തിരിയാതെ കർഷകർ; ജല പീരങ്കിയും കണ്ണീർ വാതകവും നേരിട്ടത് രണ്ട് മണിക്കൂറോളം; ഒടുവിൽ ഹരിയാനയിൽ
ഗുർഗാവിന് സമീപം യോഗേന്ദ്ര യാദവിനെയും അമ്പതോളം കർഷകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അനിശ്ചിതത്വത്തിന് ഒടുവിൽ ഹരിയാനയിൽ പ്രവേശിച്ച് കർഷകർ. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ പാലത്തിൽ രണ്ട് മണിക്കൂറോളമാണ് സംഘർഷാവസ്ഥ നിലനിന്നിരുന്നത്. കാർഷിക നിയമത്തിനെതിരായി ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ ശ്രമിച്ച പഞ്ചാബിൽ നിന്നുള്ള കർഷകരാണ് ദുരിതം നേരിട്ടത്. പാലത്തിലൂടെ ഹരിയാനയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച കർഷകർക്കെതിരെ ജല പീരങ്കിയും കണ്ണീർ വാതകവും പൊലീസ് ഉപയോഗിച്ചു. ഇതോടെ കൂട്ടമായി എത്തിയ കർഷകരും പൊലീസും തമ്മിൽ സംഘർഷമായി. ബാരിക്കേഡുകൾ പുഴയിലേക്ക് എറിഞ്ഞ കർഷകർ പാലത്തിൽ നിന്നും പിന്തിരിയാൻ വിസമ്മതിച്ചു. മുദ്രവാക്യവും കൊടികളുമായി മുന്നോട്ട് പോയ കർഷകർക്ക് ഉച്ചയോടെ അതിർത്തി കടക്കാൻ സാധിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധക്കാർ കല്ലെറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
കാൽനടയായും ട്രാക്ടറിലും ഹരിയാനയിൽ എത്തുന്ന കർഷകരെ തടയാൻ ബിജെപി സർക്കാർ വൻ പൊലീസ് സന്നാഹത്തെ ഏർപ്പെടുത്തിയിരുന്നു. കർഷകരെ തടയാൻ പാലത്തിന് നടുവിൽ പൊലീസ് ട്രക്ക് പാർക്ക് ചെയ്തെങ്കിലും പ്രതിഷേധക്കാർ അത് മറികടന്നു.
#WATCH Police use tear gas shells to disperse farmers who are gathered at Shambhu border, near Ambala (Haryana) to proceed to Delhi to stage a demonstration against the farm laws pic.twitter.com/ER0w4HPg77
— ANI (@ANI) November 26, 2020
ഗുർഗാവിന് സമീപം യോഗേന്ദ്ര യാദവിനെയും അമ്പതോളം കർഷകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പൊലീസിൻ്റെ നീക്കം. നേരത്തെ സാമൂഹിക പ്രവർത്തക മേധാ പട്കറുടെ നേതൃത്വത്തിൽ മധ്യ പ്രദേശിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട കർഷക സംഘത്തെ ആഗ്രയ്ക്ക് സമീപം പൊലീസ് തടഞ്ഞിരുന്നു. മേധാ പട്കറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിൻ്റെ നിർദേശത്തെ തുടർന്ന് പഞ്ചാബുമായുള്ള അതിർത്തി താൽകാലികമായി നേരത്തെ അടച്ചിരുന്നു. കർഷകരെ തടയാൻ ഹരിയാന അതിർത്തിയിൽ ബാരിക്കേഡുകളും ബിജെപി സർക്കാർ സ്ഥാപിച്ചിരുന്നു. രണ്ട് ദിവസത്തേക്ക് പഞ്ചാബിലേക്കുള്ള ബസ് സർവീസുകളും ഹരിയാന സർക്കാർ നിർത്തിവെച്ചു. ആളുകൾ വലിയ തോതിൽ കൂട്ടം കൂടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!