ഫലം കാണാതെ ചർച്ച; കാർഷിക നിയമം പിൻവലിക്കണമെന്ന് കർഷകർ; നാളെ വീണ്ടും യോഗം
വ്യാഴാഴ്ച്ച നടന്ന യോഗത്തിൽ നിയമങ്ങളുടെ അപര്യാപ്തത കർഷക പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു.
കാർഷിക നിയമം പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു കർഷകർ. വ്യാഴാഴ്ച്ച കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയിൽ കർഷകർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ മൂന്ന് നിയമങ്ങളിലും ഭേദഗതി വരുത്താമെന്നും മിനിമം താങ്ങു വില ഉറപ്പുവരുത്തുന്ന നിയമം കൊണ്ട് വരാമെന്നുമാണ് സർക്കാരിൻ്റെ നിലപാട്. ശനിയാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് വീണ്ടും യോഗം ചേരാനാണ് തീരുമാനം. നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന കർഷകർ വെള്ളിയാഴ്ച്ച ഇക്കാര്യത്തിലുള്ള സർക്കാർ നിലപാട് ആരായുമെന്നും ഇത് നിരസിച്ചാൽ നാളത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നും അറിയിച്ചു. വെള്ളിയാഴ്ച്ച കർഷകർക്കിടയിൽ നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.
കർഷകർക്ക് നിയമപരമായ അവകാശങ്ങൾ നൽകുന്നത് പരിഗണിക്കുമെന്നും മിനിമം താങ്ങു വില തുടരുമെന്നും ഇന്നലെ നടന്ന ചർച്ചയ്ക്ക് പിന്നാലെ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞിരുന്നു. പരാതികൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പകരം കോടതികളിൽ പരിഗണിക്കണമെന്ന കർഷകരുടെ ആവശ്യവും സർക്കാർ പരിഗണനയിലുണ്ടെന്നു കൂട്ടിച്ചേർത്തു. റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, കേന്ദ്ര സഹമന്ത്രി സോം പ്രകാശ് തുടങ്ങിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
വ്യാഴാഴ്ച്ച നടന്ന യോഗത്തിൽ നിയമങ്ങളുടെ അപര്യാപ്തത കർഷക പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ചർച്ചയ്ക്കിടയിൽ സർക്കാർ വക ഉച്ചഭക്ഷണം നിരസിച്ച കർഷകർ ഗുരുദ്വാരയിൽ നിന്നും വണ്ടിയിൽ കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന ചർച്ചക്കിടയിലും സർക്കാർ വക ചായ കർഷകർ നിരസിച്ചിരുന്നു.
പഞ്ചാബ് മുൻ മുഖ്യമന്തിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ ഇന്നലെ പത്മ വിഭൂഷൺ പുരസ്കാരം സർക്കാരിന് തിരികെ നൽകിയിരുന്നു. നിയമം കർഷകരെ വഞ്ചിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് 2015 ൽ ലഭിച്ച പുരസ്കാരം പ്രകാശ് സിംഗ് ബാദൽ തിരികെ നൽകിയത്.
കഴിഞ്ഞ എട്ട് ദിവസത്തിലേറെയായി വിവിധ ഇടങ്ങളിൽ കർഷക പ്രതിഷേധം തുടരുകയാണ്. ഡൽഹിയിലേക്കുള്ള നാല് സുപ്രധാന വഴികളിൽ (സിംഗു, നോയിഡ, ഖാസിപൂർ, തിക്രി) കർഷകർ പ്രതിഷേധം നടത്തുന്നുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഹരിയാനയിൽ കർഷകർക്ക് നേരെ കണ്ണീർ വാതകം, ജലപീരങ്കി; ഡല്‍ഹി അതിര്‍ത്തി അടച്ചു; വിലക്ക് അവഗണിച്ച് കര്‍ഷകര്‍ മുന്നോട്ട്
പാലത്തിൽ നിന്നും പിന്തിരിയാതെ കർഷകർ; ജല പീരങ്കിയും കണ്ണീർ വാതകവും നേരിട്ടത് രണ്ട് മണിക്കൂറോളം; ഒടുവിൽ ഹരിയാനയിൽ
ഞങ്ങളെ ആർക്കും തടയാനാവില്ല; തണുപ്പിനെയും ജല പീരങ്കിയെയും വകവെക്കാതെ കർഷകർ ഡൽഹിയിലേക്ക്
വേദി മാറ്റില്ല, സമരവേദിയിൽ ചർച്ചയാകാം; അമിത് ഷായുടെ ഉപാധികൾ തളളി, കർഷക സമരം കരുത്തോടെ നാലാംദിവസവും