ഡൽഹിയിലേക്കുള്ള അഞ്ചു റോഡുകൾ തടയുമെന്ന് കർഷകർ; രാത്രിയിൽ യോഗം ചേർന്ന് അമിത് ഷാ
കർഷകർ ബുരാരി പാർക്കിലേക്ക് മാറാൻ വിസമ്മതിച്ചതോടെ സിംഗുവിലെയും തിക്രിയിലെയും അതിർത്തികൾ അടച്ചു.
കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം ശക്തമാക്കി കർഷകർ. ഡൽഹിയിലേക്ക് പ്രവേശനം നൽകുന്ന അഞ്ച് റോഡുകൾ തടയുമെന്നു കർഷകർ വ്യക്തമാക്കി. സോണിപത്, റോഹ്തക്, ജയ്പൂർ, ഗാസിയാബാദ്-ഹാപൂർ, മഥുര എന്നിവിടങ്ങളിൽ നിന്നുള്ള പ്രവേശനമാണ് തടയുക. കേന്ദ്ര സർക്കാരിൻ്റെ നിർദേശം കർഷകർ തള്ളിയതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവർ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു. രണ്ട് മണിക്കൂറിലധികം നീണ്ട യോഗത്തിൽ കർഷക പ്രതിഷേധത്തെപ്പറ്റിയും ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാർ തമ്മിലുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ചും ചർച്ച ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച്ച കർഷകരോട് പ്രതിഷേധ വേദി മാറ്റണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ മൂന്നിനാണ് കർഷകരുമായി ചർച്ചയ്ക്ക് തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുൻപ് ചർച്ച നടത്തണമെങ്കിൽ പ്രതിഷേധം ബുരാരി പാർക്കിലേക്ക് മാറ്റണമെന്നു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം കർഷകർ തള്ളിയിരുന്നു. തുറന്ന മനസോടെ ചർച്ചയ്ക്ക് വരണമെന്നും വ്യവസ്ഥകൾ വെക്കരുതെന്നും കർഷകർ ചൂണ്ടിക്കാട്ടി. സർക്കാർ നിർദേശിച്ച സ്ഥലം ജയിലാക്കി മാറ്റാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കർഷകർ ആവശ്യം നിരാകരിച്ചത്. ഉത്തരാഖണ്ഡിൽ നിന്നും ഡൽഹിയിലെത്തിയ കർഷകരെ ജന്തർ മന്ദറിലേക്ക് കൊണ്ട് പോകാമെന്നു പറഞ്ഞു പൊലീസ് ബുരാരി പാർക്കിലേക്ക് മാറ്റിയെന്നും തടഞ്ഞുവെച്ചുവെന്നും ഭാരതീയ കിസാൻ യൂണിയൻ പഞ്ചാബ് പ്രസിഡന്റ് സുർജീത് ഫുൽ വ്യക്തമാക്കി. ബുരാരിയിലെ തുറന്ന ജയിലിലേക്ക് പോകുന്നതിനു പകരം ഡൽഹിയിലേക്കുള്ള പ്രധാന വഴികൾ തടയുമെന്നു സുർജീത് ഫുൽ പറഞ്ഞു. നാല് മാസത്തേക്കുള്ള റേഷൻ കൊണ്ട് വന്നിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. നേരത്തെ സ്റ്റേഡിയം താൽകാലിക ജയിലാക്കാനുള്ള പൊലീസിൻ്റെ ആവശ്യം ഡൽഹി സർക്കാർ തള്ളിയിരുന്നു.
കർഷകർ ബുരാരി പാർക്കിലേക്ക് മാറാൻ വിസമ്മതിച്ചതോടെ സിംഗുവിലെയും തിക്രിയിലെയും അതിർത്തികൾ പൊലീസ് അടച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന പ്രതിഷേധത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ പങ്കെടുക്കുമെന്നു യൂണിയൻ നേതാക്കൾ വ്യക്തമാക്കി. 500 കർഷക സംഘടനകളുടെ പിന്തുണയോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിഷേധ മാർച്ചിൽ മൂന്ന് ലക്ഷത്തിലേറെ കർഷകർ പങ്കെടുക്കുന്നതായി കർഷക സംഘടനകൾ വ്യക്തമാക്കി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഹരിയാനയിൽ കർഷകർക്ക് നേരെ കണ്ണീർ വാതകം, ജലപീരങ്കി; ഡല്‍ഹി അതിര്‍ത്തി അടച്ചു; വിലക്ക് അവഗണിച്ച് കര്‍ഷകര്‍ മുന്നോട്ട്
പാലത്തിൽ നിന്നും പിന്തിരിയാതെ കർഷകർ; ജല പീരങ്കിയും കണ്ണീർ വാതകവും നേരിട്ടത് രണ്ട് മണിക്കൂറോളം; ഒടുവിൽ ഹരിയാനയിൽ
ഞങ്ങളെ ആർക്കും തടയാനാവില്ല; തണുപ്പിനെയും ജല പീരങ്കിയെയും വകവെക്കാതെ കർഷകർ ഡൽഹിയിലേക്ക്
സ്റ്റേഡിയം താൽകാലിക ജയിലാക്കാൻ ഡൽഹി പൊലീസ്; ആവശ്യം തള്ളി ആം ആദ്മി സർക്കാർ