പ്രവേശനാനുമതി നൽകിയ ശേഷവും കർഷകർക്ക് നേരെ ജല പീരങ്കിയും കണ്ണീർ വാതകവും; ചിലർക്ക് പരുക്ക്
ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് പോകുന്ന വഴികളിൽ പല ഇടങ്ങളിലും അഞ്ച് മണിക്കൂറിലേറെ സമയം പൊലീസും കർഷകരുമായി തമ്മിൽ സംഘർഷമുണ്ടായി.
കനത്ത പ്രതിഷേധത്തിനൊടുവിൽ ഡൽഹിയിൽ പ്രവേശിക്കാൻ കർഷകരെ അനുവദിച്ചു. ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ബുറാരിയിലെ നിരങ്കരി മൈതാനത്ത് പ്രതിഷേധം സംഘടിപ്പിക്കാനും പൊലീസുകാരുടെ അകമ്പടിയോടെ സ്ഥലത്ത് എത്തിച്ചേരാനും അനുമതി നൽകി. എന്നാൽ പ്രവേശനാനുമതി നൽകിയ ശേഷവും കർഷകർക്ക് നേരെ ജല പീരങ്കിയും കണ്ണീർ വാതകവും പൊലീസ് പ്രയോഗിച്ചു. ഇതേ തുടർന്ന് നിരവധി കർഷകർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇവരെ സിങ്കുവിന് സമീപമുള്ള ആശുപത്രികളിലേക്ക് മാറ്റി.
ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് പോകുന്ന വഴികളിൽ പല ഇടങ്ങളിലും അഞ്ച് മണിക്കൂറിലേറെ സമയം പൊലീസും കർഷകരുമായി തമ്മിൽ സംഘർഷമുണ്ടായി. കർഷകർ തലസ്ഥാനത്ത് പ്രവേശിക്കുന്നത് ഒഴിവാക്കാൻ മണൽ നിറച്ച ട്രക്കുകളും ബാരിക്കേഡുകളും പൊലീസ് സ്ഥാപിച്ചിരുന്നു. കർഷകർക്ക് അനുമതി നൽകിയതിന് പിന്നാലെ ഹരിയാനയ്ക്കും പഞ്ചാബിനും ഇടയിലുള്ള ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾ പൊലീസ് നീക്കി.
കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മോദി സർക്കാർ കരി നിയമങ്ങൾ പിൻവലിക്കണമെന്ന് രാഹുൽ ട്വിറ്ററിലൂടെ ആവശ്യപെട്ടു. ഇതൊരു തുടക്കം മാത്രമാണെന്നും രാഹുൽ വ്യക്തമാക്കി.
PM को याद रखना चाहिए था जब-जब अहंकार सच्चाई से टकराता है, पराजित होता है।
— Rahul Gandhi (@RahulGandhi) November 27, 2020
सच्चाई की लड़ाई लड़ रहे किसानों को दुनिया की कोई सरकार नहीं रोक सकती।
मोदी सरकार को किसानों की माँगें माननी ही होंगी और काले क़ानून वापस लेने होंगे।
ये तो बस शुरुआत है!#IamWithFarmers
നേരത്തെ സ്റ്റേഡിയം താൽകാലിക ജയിലാക്കാനുള്ള ഡൽഹി പൊലീസിൻ്റെ ആവശ്യം ആം ആദ്മി സർക്കാർ തള്ളിയിരുന്നു. പ്രതിഷേധ മാർച്ചിനായി ഡൽഹിയിൽ എത്തുന്ന കർഷകരെ അറസ്റ്റ് ചെയ്തു നീക്കാൻ ഒമ്പത് സ്റ്റേഡിയങ്ങൾ താൽകാലിക ജയിലുകളാക്കി മാറ്റാനുള്ള അനുമതിയാണ് പൊലീസ് സർക്കാരിനോട് തേടിയത്. എന്നാൽ എല്ലാ ഇന്ത്യക്കാർക്കും സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അതിൻ്റെ പേരിൽ ജയിലിലടക്കാൻ പാടില്ലെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിൻ്റെ പുതിയ കാർഷിക നിയമത്തിനെതിരെ ആയിരകണക്കിന് കർഷകരാണ് കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ചിനായി എത്താൻ ശ്രമിക്കുന്നത്. വിവിധ ഇടങ്ങളിൽ കണ്ണീർ വാതകവും ജല പീരങ്കിയും ബാരിക്കേഡുകളും ട്രക്കുകളും ഉപയോഗിച്ചു കർഷകരെ തടയാൻ പൊലീസ് ശ്രമിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!