സൈക്കിൾ കിട്ടിയില്ല, നോട്ടുബുക്കിലെ പേജിൽ പരാതിയുമായി 10 വയസുകാരൻ പോലീസ് സ്റ്റേഷനിൽ
കടയില്‍ നന്നാക്കാന്‍ കൊടുത്ത സൈക്കിളിനായി നോട്ട്ബുക്കില്‍ നിന്ന് കീറിയ പേപ്പറില്‍ പത്തുവയസുകാരന് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍.
സൈക്കിള്‍ നന്നാക്കാന്‍ കൊടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടക്കാരന് സൈക്കിള്‍ റിപ്പയര്‍ ചെയ്ത് നല്കാത്തതിനാല് നോട്ട് ബുക്കിലെ പേപ്പറില്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ പത്തുവയസുകാരന്. കോഴിക്കോട് മേപ്പയൂരിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആബിറാണ് സൈക്കിളിനായി സ്റ്റേഷനിലെത്തിയത്. കുട്ടിയുടെ പരാതിയെ തമാശയായി എടുക്കാതെ പൊലീസ് നടപടിയും സ്വീകരിച്ചു. ബുക്കില്‍ നിന്ന് കീറിയെടുത്ത പേപ്പറിലെഴുതിയ പരാതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. കേരള പൊലീസ് ഔദ്യോഗിക പേജിലൂടെ ആബിറിന്റെ പരാതി പങ്കുവെയ്ക്കുകയും ചെയ്തു.
ആബിര്‍ സ്റ്റേഷനില്‍ നല്കിയ പരാതി
മേപ്പയൂര്‍ നരിക്കുനി താഴം ഷഫീഖ്, സാജിത ദമ്പതികളുടെ മകനും വിളയാട്ടൂര്‍ എളമ്പിലാട് എംയുപി സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ ആബിര്‍ മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതിയുമായി എത്തിയത്. ആബിറിന്റെയും ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന് ഷിഫാദിന്റെയും കേടായ സൈക്കിളുകള്‍ നന്നാക്കി നല്‍കാനായി മേപ്പയൂര്‍ ടൗണിലെ സൈക്കിള്‍ റിപ്പയറിങ് കടയില്‍ നല്‍കിയിരുന്നു. കടയുടമ മുന്‍കൂറായി 200 രൂപ വാങ്ങിവെച്ചെന്നും പരാതിയിലുണ്ട്. എന്നാല്‍ പറഞ്ഞ സമയത്ത് സൈക്കിള്‍ നന്നാക്കി നല്‍കിയില്ല, കൂടാതെ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തതുമില്ല. പല തവണ കടയില്‍ പോയി നോക്കിയപ്പോഴും അടച്ചിട്ടിരിക്കുകയായിരുന്നു. ഇതാണ് ആബിറിന്റെ പരാതിയിലുണ്ടായിരുന്നത്.
കുട്ടിയുടെ പരാതിയില്‍ ജനമൈത്രി പൊലീസ് സത്വര നടപടി സ്വീകരിച്ചു. സിപിഒ രാധികയാണ് കുട്ടിപ്പരാതി അന്വേഷിച്ചത്. സൈക്കിള്‍ മെക്കാനിക്കിനെ വിളിച്ചുവരുത്തി. സൈക്കിള്‍ നന്നാക്കി നല്‍കാമെന്ന് കടയുടമ പൊലീസിനും കുട്ടിയ്ക്കും ഉറപ്പ് നല്കി. അസുഖവും മകന്റെ വിവാഹത്തിരക്കുകളും കാരണം കട തുറന്നിരുന്നില്ല. അതിനാലാണ് സൈക്കിള്‍ നന്നാക്കുന്നത് വൈകിയതെന്നും കട ഉടമ പറഞ്ഞു.