സമ്മർദ്ദം കുറയും, ഏകാഗ്രത കൂടും | വായന കൊണ്ടുള്ള അഞ്ച് ഗുണങ്ങൾ ഇതാണ്
ദിവസവും വായന ശീലമാക്കുന്നത് വഴി പല ആരോഗ്യ പ്രശ്നങ്ങളെയും നേരിടാൻ സാധിക്കുന്നു.
നിങ്ങൾക്ക് വായനാശീലമുണ്ടോ? ഇല്ലെങ്കിൽ വേഗം തന്നെ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടാൻ മടിക്കേണ്ട. കാരണം വായന കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും സാധിക്കുമെന്നു തുടങ്ങി വായനാശീലം കൊണ്ടുള്ള ഗുണഗണങ്ങൾ നിരവധിയാണ്. ദിവസവും വായന ശീലമാക്കുന്നത് വഴി പല ആരോഗ്യ പ്രശ്നങ്ങളെ നേരിടാനും സാധിക്കും.
വായനാശീലം മൂലം ആരോഗ്യത്തിനുണ്ടാകുന്ന അഞ്ച് ഗുണങ്ങൾ ഇതാണ്.
1) തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും
തലച്ചോറിൻ്റെ പ്രവർത്തങ്ങളെ മെച്ചപ്പെടുത്താൻ വായന സഹായിക്കുന്നു. 2013 ൽ നടത്തിയ പഠനത്തിൽ നോവൽ പോലുള്ളവ വായിക്കുന്നത് തലച്ചോറിൻ്റെ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ദിവസേനയുള്ള വായന തലച്ചോറിലെ ന്യൂറോൺ രൂപീകരണത്തിന് സഹായിക്കുന്നതായി ന്യൂയോർക്കിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ സബ്രീന റൊമാനോഫ് പറയുന്നു. ചിന്തിക്കാൻ വക നൽകുന്ന വായനകൾ പുതിയ ന്യൂറോണുകൾ സൃഷ്ടിക്കുകയും തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും.
2) പ്രായം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ മറികടക്കാം
പ്രായം കൂടുമ്പോൾ മറവി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പുതിയ കാര്യങ്ങൾ മനസിലാക്കാനോ, കാര്യങ്ങൾ ഓർത്തെടുക്കാനോ, സ്വയം തീരുമാനമെടുക്കാനോ കഴിയാതെ വരാറുണ്ട്. എന്നാൽ വായനാശീലത്തിലൂടെ ഒരു പരിധി വരെ ഇത് മറികടക്കാൻ സാധിക്കും. 2020 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും വായന ശീലമാക്കിയിട്ടുള്ളവർക്ക് വായനാശീലമില്ലാത്തവരെക്കാൾ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കുറവുള്ളതായി കണ്ടെത്തി. വായന ശീലമാക്കിയവരിൽ ഡിമെൻഷ്യ പോലുള്ള രോഗം കുറവാണെന്നും ചൈനയിൽ നടത്തിയ മറ്റൊരു പഠനത്തിൽ തെളിഞ്ഞിരുന്നു.

3) സമ്മർദ്ദം കുറയ്ക്കും
വായനാശീലം സമ്മർദ്ദം കുറയ്ക്കുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. കേവലം അരമണിക്കൂർ വായിക്കുന്നത് പോലും സമ്മർദ്ദം കുറയ്ക്കുമെന്നു ഗവേഷകർ പറയുന്നു. 2009 ൽ കോളേജ് വിദ്യാത്ഥികൾക്കിടയിൽ നടത്തിയ പഠനത്തിൽ 30 മിനിറ്റ് വാർത്താ ലേഖനങ്ങൾ വായിക്കുന്നവരിൽ സമ്മർദ്ദം കുറവുള്ളതായി കണ്ടെത്തിയിരുന്നു.എന്നാൽ എല്ലാവർക്കും വാർത്താ ലേഖനങ്ങൾ വായിക്കുന്നത് സമ്മർദ്ദം കുറയ്ക്കണമെന്നില്ല. ഇതിന് പകരം നോവലോ ചെറുകഥയോ വായിക്കാവുന്നതാണ്.
4 ) കൂടുതൽ കാലം ജീവിക്കാൻ സഹായിച്ചേക്കാം
വായന കൂടുതൽ കാലം ജീവിക്കാൻ സഹായിച്ചേക്കാമെന്നു പഠനം പറയുന്നു. ആരോഗ്യപരമായ ജീവിത ശൈലി രൂപപ്പെടുത്താൻ സഹായിക്കുന്നത് മൂലമാണ് ഇത്. 2017ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുസ്തകം വായിക്കാത്തവരെ അപേക്ഷിച്ചു പുസ്തകം വായിക്കുന്നവരിൽ മരണനിരക്ക് കുറവായിരിക്കുമെന്നു കണ്ടെത്തിയിരുന്നു.

5 ) ഓർമയും ഏകാഗ്രതയും മെച്ചപ്പെടുത്തും
ദിവസേനയുള്ള വായന ഓർമയും ഏകാഗ്രതയും മെച്ചപ്പെടുത്തും. വായിക്കുമ്പോൾ അത് തലച്ചോറിൽ പതിയുകയും ഏകാഗ്രതയും മറ്റും വർധിപ്പിക്കുകയും ചെയ്യും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്ത്യയില് റേഡിയോ സംസാരിച്ചു തുടങ്ങിയത് അന്നായിരുന്നു
ആ ശബ്ദത്തിന് പിന്നാലെ റേഡിയോയിൽ എത്തിയപ്പോൾ
രണ്ട് പ്രളയങ്ങളെ അതിജീവിച്ച മൂന്നാറിലെ പ്രണയ കഥ - Interactive
അവസാനം ഫാഷനിലും വർണ്ണവെറി