ലോക ഫുടബോളിലെ എക്കാലത്തെയും മികച്ച പ്രതിഭകളിൽ ഒരാളായ മറൊഡോണാ 1986ൽ അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു.
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 60 വയസ്സായിരുന്നു. ഈയടുത്ത് മസ്തിഷ്കസംബന്ധിയായ രോഗഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട് രണ്ടാഴ്ചയ്ക്ക് ശേഷം വീട്ടിൽ വച്ചായിരുന്നു മരണം.
അർജന്റീന ജൂനിയഴ്സിൽ ആരംഭിച്ച മറഡോണയുടെ കരിയർ വഴിത്തിരിവിലെത്തുന്നത് ബൊക്കാ ജൂനിയേഴ്സിലെ പ്രകടനത്തെ തുടർന്നാണ്. സ്പാനിഷ് ഫുട്ബോളിലെ അതികായരായ ബാഴ്സലോണയിലൂടെ അഞ്ചടി അഞ്ചിഞ്ച് നീളമുള്ള കുറിയ മനുഷ്യൻ യൂറോപ്യൻ ഫുട്ബോളിന്റെ അമരത്തേക്ക്. 1982 മുതൽ 1984 രണ്ട് വർഷത്തോളം കാറ്റലോണിയൻ ക്ലബ്ബിന്റെ നീലയും പർപ്പിളും നിറമുള്ള ജേഴ്സിയിൽ മറഡോണ തിളങ്ങി. എന്നാൽ എക്കാലത്തും വിവാദങ്ങളുടെ കൂട്ടുകാരനായിരുന്നു മറഡോണ. പിന്നീട് കാരിയറിനെയും ജീവിതത്തെയും കാർന്നു തിന്ന കൊക്കെയ്ൻ എന്ന ലഹരിക്ക് അടിമപ്പെടുന്നതും ഇക്കാലയളവിലാണ്.
ബാഴ്സയുമായി വഴിപിരിഞ്ഞ മറൊഡോണാ എത്തിയത് ഇറ്റാലിയൻ ക്ലബായ നാപ്പൊളിയിലാണ്. ഓവ് ചാലുകൾ മണക്കുന്ന നേപ്പിൾസ് നഗരം മറഡോണയെ നെഞ്ചിലേറ്റി. 1984 മുതൽ 1991 വരെ നേപ്പിൾസിൽ. നാപ്പൊളിയുടെ എക്കാലത്തെയും പത്താം നമ്പർ താരമായാണ് മറഡോണയെ കണക്കാക്കുന്നത്. മറഡോണയ്ക്ക് ശേഷം മറ്റൊരാൾക്കും പത്താം നമ്പർ ജേഴ്സി കൊടുക്കാതെയാണ് നാപ്പൊളി തങ്ങളുടെ കടംവീട്ടിയത്.

ഒരു വർഷത്തോളം ലാ ലീഗ ക്ലബ്ബായ സെവിയ്യയിൽ ചെലവിട്ട മറഡോണ പിന്നീട് തന്റെ ജന്മനാടായ അർജന്റീനയിലേക്ക് മടങ്ങി. ന്യൂവെൽസ് ഓൾഡ് ബോയ്സ് ബൊക്കാ ജൂനിയേഴ്സ് എന്നീ ക്ലബ്ബുകളിലായി പിന്നെയും നാല് വർഷങ്ങൾ. 1997ൽ വിരമിച്ച മറഡോണ അർജന്റീനൻ ദേശീയ ടീമടക്കം എട്ടോളം ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കളിക്കളത്തിന് അകത്തേയും പുറത്തെയും ചീത്ത കുട്ടിക്ക് മികച്ച ഒരു പരിശീലകനാവാൻ കഴിഞ്ഞില്ല എന്ന് തന്നെ വേണം പറയാൻ.
ഫുട്ബോളിലെ നമ്പർ 10 ജേഴ്സിയെ നിർവചിച്ച താരമാണ് മറഡോണ. എക്കാലത്തെയും മികച്ച നമ്പർ 10. കാൽപന്തുകളിയിലെ തന്ത്രങ്ങൾ മറഡോണയ്ക്ക് ജന്മസിദ്ധമായിരുന്നു. ഡ്രിബിളിംഗും പന്തിന്മേലുള്ള അസാധാരണമായ നിയന്ത്രണവും പാസിങ്ങും അവസരങ്ങൾ സൃഷ്ടിക്കാനുള്ള മികവും മറഡോണയെ കളിക്കളത്തിലെ ദൈവമാക്കി.
മൈതാനത്തിന് അകത്തെന്നപോലെ പുറത്തും തന്റെ ശബ്ദത്തിന് കരുത്തുണ്ടെന്ന് തിരിച്ചറിഞ്ഞ വ്യക്തിത്വമാണ് മറഡോണ. ഇടതുപക്ഷ മൂല്യങ്ങൾ ഉറക്കെ പ്രഖ്യാപിച്ച ഡീഗോ ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്ട്രോയുമായി അടുത്ത സൗഹൃദം അനുഭവിച്ചു. ക്യൂബൻ വിപ്ലവനായകരായ ഫിദലിന്റെയും ചെ ഗുവേരയുടെയും ചിത്രങ്ങൾ തന്റെ ശരീരത്തിൽ പച്ചകുത്താനും മറഡോണ മടിച്ചില്ല. തന്റെ ആത്മകഥയായ 'എൽ ഡീഗോ' രചിച്ചപ്പോഴും മറഡോണ ഫിദലിനെ മറന്നില്ല. '' ഫിദലിന്, അദ്ദേഹത്തിലൂടെ ക്യൂബൻ ജനതയ്ക്ക്, മറ്റു പലരോടുമൊപ്പം ഫിദൽ കാസ്ട്രോയ്ക്കും കൂടി സമർപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതി.
1977 മുതൽ 1994 വരെ അർജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയണിഞ്ഞ ഡീഗോ ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച പ്രതിഭകളിൽ ഒരാളാണ്. 1986ൽ അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ഇംഗ്ലണ്ടിനെ മടക്കിയയച്ചുകൊണ്ട് അന്ന് മറഡോണ നേടിയ ഗോൾ വിവാദങ്ങൾ കൊണ്ടും പ്രസിദ്ധമാണ്. കൈകൾ കൊണ്ട് ഗോളടിച്ച മറഡോണ എന്ന് പലരും വിമർശിച്ചപ്പോൾ 'കുറച്ച് തന്റെ തല കൊണ്ടും കുറച്ച് ദൈവത്തിന്റെ കൈകൾ കൊണ്ടും നേടിയ ഗോൾ ' എന്നായിരുന്നു മറഡോണയുടെ പ്രതികരണം.

1984ൽ അർജന്റീനയും ബ്രിട്ടനുമായി നടന്ന ഫാൾകലൻഡ് യുദ്ധത്തിനോടുള്ള ഒരു മധുര പ്രതികാരമാണ് മറഡോണ ആ സംഭവത്തെ പിന്നീട് വിശേഷിപ്പിക്കുകയുണ്ടായി. "സൈന്യം എന്താണ് ചെയ്യുന്നത് എന്ന് ഞങ്ങൾ അർജന്റീനക്കാർക്ക് അറിയില്ലായിരുന്നു. ഞങ്ങൾ യുദ്ധം ജയിക്കും എന്നാണ് അവർ അറിയിച്ചത്. പക്ഷെ സത്യത്തിൽ ഇംഗ്ലണ്ട് 20-0 എന്ന സ്കോറിൽ നയിക്കുകയായിരുന്നു. ഏറെ വിഷമിപ്പിക്കുന്ന സംഭവമായിരുന്നു അത്. ആ മത്സരത്തിന് മുൻപ് തോന്നിയത് നമ്മൾ മറ്റൊരു യുദ്ധത്തിന് പോവുന്നു എന്നാണ്. അത് എന്റെ ഹാൻഡ് ബോളാണ് എന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ പദ്ധതിയിൽ ഇല്ലായിരുന്നെങ്കിൽ കൂടിയും അത് സംഭവിക്കുകയും ലൈൻസ്മാൻ അത് കാണാതിരിക്കുകയും ചെയ്തു. എന്നെ നോക്കിയ റഫറി ഗോൾ വിളിച്ചു. എന്തിരുന്നാലും അതൊരു മികച്ച അനുഭവമായി തോന്നി. ഇംഗ്ലണ്ടിനെതിരെ പ്രതീകാത്മകമായൊരു പ്രതികാരം ചെയ്തത് പോലെയാണ് അന്ന് അനുഭവപ്പെട്ടത്," മറഡോണ പിന്നീട് പറയുകയുണ്ടായി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!