മാഡ് ജീനിയസ് ആയിരുന്നു മറഡോണ, വിടവാങ്ങിയത് തന്റെ എക്കാലത്തേയും വലിയ ഹീറോയെന്ന് ഗാംഗുലി
എന്നും മറഡോണയെക്കുറിച്ച് പറയുമ്പോഴൊക്കെ വികാരഭരിതനാവാറുള്ള ഗാംഗുലി മുമ്പ് തന്റെ സഹകളിക്കാരനും ഇതിഹാസ ക്രിക്കറ്ററുമായ സച്ചിൻ ടെൻഡുൽക്കറെ മറഡോണയോട് ഉപമിച്ചതും വാർത്തയായിരുന്നു
മറഡോണയുടെ വിയോഗത്തിൽ കായികലോകം ഒന്നടങ്കം അനുശോചനക്കുറിപ്പുകളുമായി രംഗത്തെത്തിയെന്ന് തന്നെ പറയാം. കഴിഞ്ഞ ദിവസമായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ഇതിഹാസതുല്യനായ ഫുട്ബോളർ ലോകത്തോട് വിട പറഞ്ഞത്. ഈയടുത്ത് മസ്തിഷ്കസംബന്ധിയായ രോഗത്തെ തുടർന്ന് അദ്ദേഹത്തെ ബ്യൂണസ് അയേഴ്സിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട് രണ്ടാഴ്ചയ്ക്ക് ശേഷം വീട്ടിൽ വച്ചായിരുന്നു മരണം.
അതിനു ശേഷം ലോകമാകമാനമുള്ള കായികപ്രേമികൾ അദ്ദേഹത്തിന് അനുശോചനക്കുറിപ്പുകളും മറ്റുമായി സോഷ്യൽ മീഡിയയിലും നിറഞ്ഞു. മുൻ ഇന്ത്യൻ നായകനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി തന്റെ എക്കാലത്തേയും ഹീറോയാണ് വിടവാങ്ങിയത് എന്നായിരുന്നു കുറിച്ചത്.
എന്നും മറഡോണയെക്കുറിച്ച് പറയുമ്പോഴൊക്കെ വികാരഭരിതനാവാറുള്ള ഗാംഗുലി മുമ്പ് തന്റെ സഹകളിക്കാരനും ഇതിഹാസ ക്രിക്കറ്ററുമായ സച്ചിൻ ടെൻഡുൽക്കറെ മറഡോണയോട് ഉപമിച്ചതും വാർത്തയായിരുന്നു. 2013 ൽ സച്ചിൻ വിരമിക്കുന്ന സമയത്തായിരുന്നു സച്ചിനും മറഡോണയും ഒരേ ലീഗ് കളിക്കാരാണെന്ന അഭിപ്രായവുമായി ഗാംഗുലി എത്തിയത്. ഇരുവരും എന്റെ ഏറ്റവും ഫേവറിറ്റും ജീനിയസുമാരുമാണ്. രണ്ടുപേരുമാണ് എന്റെ ഇഷ്ടപ്പെട്ട സ്പോർട്സ് താരങ്ങൾ. അന്ന് ഗാംഗുലി പറയുകയുണ്ടായി.
മാഡ് ജീനിയസിനെ നഷ്ടപ്പെട്ടു എന്നാണ് മറഡോണയുടെ വിയോഗത്തിലുള്ള ഗാംഗുലിയുടെ ട്വീറ്റ്. ഫുട്ബോൾ കളിക്കാനും കാണാനും തുടങ്ങിയത് മറഡോണയുടെ കളി കണ്ടുതുടങ്ങിയിനു ശേഷമാണെന്നായിരുന്നു ഗാംഗുലി കുറിച്ചത്. ഇതിനൊപ്പം 2017 ൽ കൊൽക്കത്തയിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള ഫോട്ടോയും ഗാംഗുലി പങ്കുവെച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!