അന്തരീക്ഷ മലിനീകരണം കൂടിവരുമ്പോൾ സർക്കാരുകൾ കാട്ടികൂട്ടുന്ന ചില ഗിമ്മിക്കുകൾ കൊണ്ട് ഇത്തരം വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ? കൂട്ടായ പ്രവർത്തനത്തിലൂടെ പ്രകൃതിയെ സംരക്ഷികേണ്ടതിന് പകരം സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് താത്കാലിക രക്ഷ നേടുന്നത് എത്ര മാത്രം ഫലപ്രദമാണ്? ചില പരാജയപ്പെട്ട പരീക്ഷണങ്ങളെ കുറിച്ച്.
ഡൽഹി എൻസിആർ മേഖലയിൽ പരിസ്ഥിതി മലിനീകരണ (പ്രിവൻഷൻ ആൻഡ് കൺട്രോൾ) അതോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ അഞ്ച് വരെ നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കുകയും, സ്കൂളുകൾ അടക്കുകയും ചെയ്തു. "സിവിയർ പ്ലസ്" വിഭാഗത്തിലാണ് ഇപ്പോഴത്തെ അന്തരീക്ഷമലിനീകരണത്തിന്റെ തോത്. അതീവ ഗുരുതരമാണ് സാഹചര്യം എന്നാണ് ഇത് വ്യക്തമാക്കുന്നത്.
നഗരങ്ങളിലെ വായു മലിനീകരണം ഡൽഹി മാത്രമല്ല ചൈനയും നേരിടുന്ന വലിയ പ്രശ്നമാണ്. മരം നടാതെയും, പ്രകൃതി സൗഹാർദ്ദ നടപടികൾ സ്വീകരിക്കാതെയും മനുഷ്യൻ കാട്ടികൂട്ടുന്ന താത്കാലിക ആശ്വാസത്തിനായുള്ള നടപടികളൊന്നും ഫലിക്കുന്നില്ല എന്നാണ് ലോകമെമ്പാടും നടന്ന പരീക്ഷണങ്ങൾ നമ്മുക്ക് മനസിലാക്കിത്തരുന്നത്. ചില പരീക്ഷണങ്ങൾ ഇതാ:
ലോകത്തിലെ എറ്റവും വലിയ വായു ശുദ്ധീകരണ യന്ത്രം
ചൈനയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എർത്ത് എൻവയോൺമെന്റിലെ ശാസ്ത്രജ്ഞരാണ്, 2018 ൽ ലോകത്തിലെ ഏറ്റവും വലിയ എയർ പ്യൂരിഫയർ നിർമിച്ചത്. പുകമഞ്ഞ് നിറഞ്ഞ സിയാൻ നഗരത്തിലാണ് അവർ ഇത് പണിതത്. 100 മീറ്ററിലധികം ഉയരമുള്ള ഈ ടവർ നഗരത്തിലെ വായുവിനെ വലിച്ചെടുത്ത് ശുദ്ധികരിക്കുമെന്ന് അവർ അവകാശപ്പെടുന്നു. പ്രതിദിനം 10 മീറ്റർ ക്യുബിക് മീറ്റർ വായു വൃത്തിയാക്കുന്നു എന്നായിരുന്ന അവർ അവകാശപ്പെട്ടത്. എന്നാൽ ഈ കണക്ക് കൊണ്ട് ഒരു കാര്യവുമില്ലെന്ന് 'ദ് കോൺവർസേഷൻ' വെബ്സൈറ്റ് പറയുന്നു.
നഗരത്തിലെ വായു പെട്ടിയിൽ നിറച്ചപോലെയല്ല. മലിനമായ വായുവിന്റെ നിരന്തരമായ ഒഴുക്ക് നടക്കുന്നുണ്ട്. ടവറിന്റെ ചിമ്മിനിയിൽ നിന്ന് വരുന്ന ശുദ്ധവായുവിന്റെ ഗുണം തൊട്ടുതാഴെ ജീവിക്കുന്ന മനുഷ്യർക്കെ ലഭിക്കൂ.
പെയിന്റടിച്ച് ശ്വസിക്കാൻ നോക്കിയാലോ?
പെയിന്റ് അടിക്കുമ്പോൾ അത് പുറത്തുവിടുന്ന കെമിക്കലുകൾ അല്ലെങ്കിൽ തന്നെ ശ്വാസകോശ തകരാറുകൾ ഉണ്ടാക്കും. എന്നാൽ മലിനീകരണത്തെ ചെറുക്കാൻ 2016 ൽ ലണ്ടനിൽ പരീക്ഷിച്ച NOx ഈറ്റിങ് പെയിന്റ് അഥവാ നൈട്രസ് ഓക്സൈഡ് വലിച്ചെടുക്കുന്ന പെയിന്റ് പരീക്ഷിച്ചിരുന്നു. ടൈറ്റാനിയം ഓക്സൈഡ് പെയിന്റുകൾ NOx ഉം ആയി പ്രതിപ്രവർത്തിക്കുമെന്നത് ശരിയാണ്. എന്നാൽ നഗരത്തിന്റെ അന്തരീക്ഷത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഒരു സമയത്ത് പെയിന്റുമായി ഇടപെടുന്നുള്ളു.
ലണ്ടനിലെ എല്ലാ കെട്ടിടങ്ങളും വൈറ്റ് പെയിന്റിൽ പൊതിഞ്ഞാലും പ്രയോജനകരമായ ഒരു ഫലവും കാണില്ലെന്ന് അന്നത്തെ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.
തോക്കെടുത്ത ഡൽഹി
അന്തരീക്ഷ മലിനീകരണം തടയാൻ തോക്കെടുത്ത നഗരമാണ് നമ്മുടെ ഡൽഹി. 2017 ൽ 'ആന്റി സ്മോഗ് ഗൺ' രംഗത്തിറക്കി അന്ന് മലിനീകരണത്തിന്റെ തോത് കുറക്കാൻ നമ്മൾ നോക്കിയിരുന്നു. വിജയിച്ചില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ. ഏകദേശം 100 അടി വരെ ഉയരത്തിൽ ആറ്റമൈസ് ചെയ്ത വെള്ളം തളിച്ച് മാലിന്യത്തെ 'കഴുകി' കളയാൻ ആണ് നമ്മൾ ശ്രമിച്ചത്. ഡീസൽ ജനറേറ്റർ ഉപയോഗിച്ച് പ്രവർത്തിക്കാൻ പറ്റാത്തതുകൊണ്ട് സിഎൻജി നോക്കി. ആ സാങ്കേതിക സംവിധാനം നമുക്ക് കിട്ടിയില്ല. താത്കാലിക ആശ്വാസം അല്ലാതെ അതുകൊണ്ട് വലിയ ഉപയോഗം ഇല്ല.
"ഇത്തരം ഗിമ്മിക്കുകൾ ശ്രദ്ധതിരിക്കുന്നത് ഭാവിയിൽ നമ്മൾ നേരിടാൻ പോകുന്ന വലിയ വിപത്തുകളിൽ നിന്നാണ് എന്നതിൽ സംശയമില്ല. വായു മലിനീകരണത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന സാങ്കേതിക കണ്ടുപിടിത്തങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, പക്ഷേ പ്രശ്നത്തിന്റെ മൂലകാരണ൦ നമ്മുക്ക് ഫോസിൽ ഇന്ധനങ്ങളോടുള്ള വൃത്തികെട്ട ആസക്തി"യാണെന്ന് ക്ലയന്റ് എർത്ത് അഭിഭാഷകൻ അലൻ ആൻഡ്രൂസ് പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
AQI 400 കടന്നു; ഡല്ഹിയില് കൊവിഡ് വീണ്ടുമുയരാന് കാരണം വായു മലിനീകരണം; മുന്നറിയിപ്പുമായി ഐഎംഎ