കശ്മീർ ഭൂപടം തെറ്റായി കാണിച്ചു; വിക്കിപീഡിയയോട് ലിങ്ക് നീക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ
കഴിഞ്ഞ മാസം സമാനമായ രീതിയിൽ സാമൂഹിക മാധ്യമമായ ട്വിറ്ററിന് കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയിരുന്നു.
ജമ്മു കശ്മീരിൻ്റെ ഭൂപടം തെറ്റായി രേഖപ്പെടുത്തിയ ലിങ്ക് നീക്കാൻ വിക്കിപീഡിയയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഐടി ആക്ടിൻ്റെ കീഴിലുള്ള സെക്ഷൻ 69 എ പ്രകാരമാണ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. വിക്കിപീഡിയയയിൽ നിന്നും ലിങ്ക് ഒഴിവാക്കാൻ നിർദേശം നൽകിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഒരു ട്വിറ്റർ യൂസറാണ് വിക്കിപീഡിയയിലെ ഭൂപടത്തിനെതിരെ രംഗത്തെത്തിയത്. ഇന്ത്യ -ഭൂട്ടാൻ ബന്ധത്തെക്കുറിച്ചു പരാമർശിക്കുന്ന വിക്കിപീഡിയ പേജിൽ ജമ്മു കശ്മീർ ഭൂപടം തെറ്റായി രേഖപെടുത്തിയതായും ഇതിനെതിരെ സർക്കാർ നടപടി എടുക്കണമെന്നും ട്വിറ്റർ യൂസർ ആവശ്യപ്പട്ടിരുന്നു. ഇക്കാര്യത്തിൽ കഴിഞ്ഞ നവംബർ 27 ന് കേന്ദ്ര സർക്കാർ വിക്കിപീഡിയയ്ക്ക് നിർദേശം നൽകിയതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും ലംഘിക്കുന്നതാണ് ഭൂപടമെന്നു ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സർക്കാർ നൽകിയ നിർദേശം പാലിച്ചില്ലെങ്കിൽ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മാറ്റം വരുത്തിയില്ലെങ്കിൽ വിക്കിപീഡിയ ബ്ലോക്ക് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ സർക്കാരിന് സ്വീകരിക്കാനാകും.
കഴിഞ്ഞ മാസം സമാനമായ രീതിയിൽ സാമൂഹിക മാധ്യമമായ ട്വിറ്ററിന് കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയിരുന്നു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പകരം ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി രേഖപ്പെടുത്തിയത് കാണിച്ചാണ് നോട്ടീസ് നൽകിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!