കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചത് 32 സംഘടനകളെ മാത്രം; എല്ലാവരെയും ക്ഷണിക്കാതെ പങ്കെടുക്കില്ലെന്ന് കർഷകർ
കഴിഞ്ഞ അഞ്ച് ദിവസത്തിലേറെയായി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.
കേന്ദ്ര സർക്കാരിൻ്റെ ചർച്ചയ്ക്കായുള്ള ക്ഷണം നിരസിച്ചു കർഷക സംഘടനകൾ. എല്ലാ സംഘടനകളെയും ചർച്ചയ്ക്കായി ക്ഷണിക്കാത്തതിനാൽ ഇതിൽ പങ്കെടുക്കില്ലെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. ഡിസംബർ മൂന്നിനാണ് നേരത്തെ ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ കർഷക രോഷം ഉയരുന്ന സാഹചര്യത്തിൽ കൊവിഡും ഡൽഹിയിലെ തണുപ്പും ചൂണ്ടിക്കാട്ടി കേന്ദ്രം ഇന്ന് ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് കർഷക സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചിരുന്നു.
'രാജ്യത്ത് അഞ്ഞൂറിലധികം കർഷക സംഘടനകളുണ്ട്. എന്നാൽ സർക്കാർ 32 സംഘടനകളെ മാത്രമേ ചർച്ചയ്ക്കായി വിളിച്ചിട്ടുള്ളു. മറ്റുള്ളവരെ വിളിച്ചിട്ടില്ല. എല്ലാവരെയും ചർച്ചയ്ക്ക് വിളിക്കാതെ ഇതിൽ പങ്കെടുക്കില്ല', പഞ്ചാബ് കിസാൻ സംഘർഷ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുഖ്വീന്ദർ എസ് സബ്രാൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് ദിവസത്തിലേറെയായി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. കർഷക പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ സിംഗു, തിക്രി അതിർത്തികൾ അടച്ചിരുന്നു. വെള്ളിയാഴ്ച്ച സിംഗുവിൽ നടന്ന സംഘർഷത്തിൽ അജ്ഞാതരായ വ്യക്തികൾക്കെതിരെ പൊതു മുതൽ നശിപ്പിച്ചതിനും കലാപത്തിനും പൊലീസ് കേസെടുത്തിരുന്നു.
ഇന്ന് വിഗ്യാൻ ഭവനിൽ വെച്ച് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചത്. നേരത്തെ ചർച്ച നടത്തണമെങ്കിൽ പ്രതിഷേധ വേദി മാറ്റണമെന്ന ഉപാധി സർക്കാർ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇത്തവണ നേരത്തെ നിശ്ചയിച്ചിരുന്ന ദിവസത്തിന് രണ്ട് ദിവസം മുൻപേ ഉപാധികൾ ഇല്ലാതെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിപ്പിച്ചത്. കർഷകർ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണിത്. ഡൽഹിയിലേക്ക് പ്രവേശനം നൽകുന്ന അഞ്ച് റോഡുകൾ തടയുമെന്നു കർഷകർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കർഷകരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവർ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ വീട്ടിൽ യോഗം ചേരാനിരിക്കുകയാണ്. കേന്ദ്ര സർക്കാരിൻ്റെ ആദ്യത്തെ നിർദേശം കർഷകർ തള്ളിയതിന് പിന്നാലെ ഞായറാഴ്ച്ച രാത്രിയിൽ അമിത് ഷാ അടക്കമുള്ളവർ യോഗം ചേർന്നിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഹരിയാനയിൽ കർഷകർക്ക് നേരെ കണ്ണീർ വാതകം, ജലപീരങ്കി; ഡല്‍ഹി അതിര്‍ത്തി അടച്ചു; വിലക്ക് അവഗണിച്ച് കര്‍ഷകര്‍ മുന്നോട്ട്
ഞങ്ങളെ ആർക്കും തടയാനാവില്ല; തണുപ്പിനെയും ജല പീരങ്കിയെയും വകവെക്കാതെ കർഷകർ ഡൽഹിയിലേക്ക്
ഡൽഹിയിലേക്കുള്ള അഞ്ചു റോഡുകൾ തടയുമെന്ന് കർഷകർ; രാത്രിയിൽ യോഗം ചേർന്ന് അമിത് ഷാ
കർഷക സമരം ഏഴാം ദിവസത്തിലേക്ക്; പ്രതിഷേധം ശക്തം, നാളെത്തെ ചർച്ചയ്ക്ക് മുന്നോടിയായി യോഗം